Connect with us

Kerala

സുന്നിവോയ്‌സ് പ്രചാരണം ഇന്നാരംഭിക്കുന്നു

Published

|

Last Updated

കോഴിക്കോട്: മലയാളിയുടെ ആദര്‍ശ വായനക്കായി പ്രസിദ്ധീകരിച്ചുവരുന്ന എസ്‌വൈഎസ് മുഖപത്രം സുന്നിവോയ്‌സിന്റെ വര്‍ഷാന്ത പ്രചാരണകാല പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. “വായനയെ മരിക്കാന്‍ അനുവദിക്കില്ല” എന്നതാണ് ഈ വര്‍ഷത്തെ പ്രചാരണകാല സന്ദേശം.
പിന്നിട്ട ആറ് പതിറ്റാണ്ടുകളുടെ സേവന, പോരാട്ട ചരിത്രങ്ങളയവിറക്കി നടത്തുന്ന എസ്‌വൈഎസ് അറുപതാം വാര്‍ഷിക കാലയളവില്‍ 60,000 പുതിയ വരിക്കാര്‍ എന്ന ലക്ഷ്യവുമായാണ് ഇന്ന് മുതല്‍ പ്രവര്‍ത്തകരും പ്രസ്ഥാന നേതാക്കളും കര്‍മരംഗത്തിറങ്ങുക. അതിജയിക്കാനാവാത്ത ആദര്‍ശവായനയായി സുന്നിവോയ്‌സിനെ ഉയര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യാന്‍ മുന്‍കാല ക്യാമ്പയിനുകള്‍ സഹായകമായിട്ടുണ്ട്.
നവംബര്‍ 10-നകം നടക്കുന്ന സോണ്‍ ലീഡേഴ്‌സ് അസംബ്ലികളില്‍ വെച്ച് പ്രചാരണ കര്‍മപദ്ധതികളും അനുബന്ധ ഉരുപ്പടികളും പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങും. 20- നകം യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് ആദര്‍ശവായനാ കുടുംബത്തില്‍ പതിനായിരങ്ങളെ അണിചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കും.
നവംബര്‍ 21-ഡിസംബര്‍ 5 കാലയളവില്‍ സര്‍ക്കിള്‍ ഘടകങ്ങളുടെ നേതൃത്വത്തില്‍ വരിക്കാരുടെ വിശദവിവരങ്ങള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. ഡിസംബര്‍ പത്തിനകം ജില്ലാ ഘടകങ്ങള്‍ മുഖേന സംസ്ഥാന ഓഫീസില്‍ ഏല്‍പ്പിക്കും.
സൗജന്യ കോപ്പികള്‍ക്കു പുറമെ മികവ് തെളിയിക്കുന്ന ഘടകങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. അറുപത് വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്ന മുഴുവന്‍ യൂനിറ്റുകള്‍ക്കും റീഡ് പബ്ലിഷേഴ്‌സ് പുറത്തിറക്കുന്ന “എംഎ ഉസ്താദിന്റെ സംയുക്ത കൃതികള്‍” നല്‍കുന്നതാണ് ഈ വര്‍ഷത്തെ ശ്രദ്ധേയമായ സമ്മാനം.
സുന്നിവോയ്‌സ് പ്രചാരണകാല പ്രവര്‍ത്തനങ്ങള്‍ അറുപതാം വാര്‍ഷിക കരുത്തില്‍ പൂര്‍വോപരി സമ്പൂര്‍ണമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും കര്‍മരംഗത്തിറങ്ങണമെന്ന് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പ്രവാസി-സുന്നിവോയ്‌സ് കാര്യ സെക്രട്ടറി മുഹമ്മദ് പറവൂര്‍ അഭ്യര്‍ത്ഥിച്ചു.