Connect with us

International

സൂക്കിക്ക് പ്രസിഡന്റാകാന്‍ ഭരണഘടനാഭേദഗതി വരും

Published

|

Last Updated

നായ്പിഡോ: മ്യാന്‍മര്‍ വിമോചക നേതാവ് ആംഗ് സാന്‍സൂക്കിയെ പ്രസിഡന്റാകുന്നതില്‍ നിന്ന് വിലക്കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ ഭേദഗതിചെയ്യാന്‍ സാധ്യത. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണഘടനയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് മ്യാന്‍മര്‍ പാര്‍ലിമെന്റ് പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി. നിയമാനുസൃതമായ ഭേദഗതികള്‍ക്ക് പാര്‍ലിമെന്റ് നടപടികള്‍ തുടങ്ങിയതായി പ്രസിഡന്റിന്റെ വക്താവ് യി എച്ച്ടട്ട് പറഞ്ഞു. പ്രസിഡന്റ് തീന്‍സീന്‍ മുതിര്‍ന്ന സൈനിക നേതാക്കളുമായും സൂക്കി അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
പട്ടാള നേതൃത്വത്തിന്റെ ഇടപെടലില്ലാതെ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 2015ലെ വോട്ടെടുപ്പില്‍ ആംഗ് സാന്‍ സൂക്കിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി വിജയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണഘടനയുടെ 2008 ചാര്‍ട്ടര്‍ പ്രകാരം മറ്റൊരു രാജ്യത്ത് പൗരത്വമുള്ള മക്കളോ ഭര്‍ത്താവോ ഉള്ള ഒരാള്‍ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പദവിയായ പ്രസിഡന്റ്പദത്തില്‍ എത്താനാകില്ല. സൂക്കിയുടെ ഭര്‍ത്താവ് ബ്രിട്ടീഷ് പൗരനായിരുന്നു. മക്കള്‍ക്കും ബ്രട്ടീഷ് പൗരത്വമാണ് ഉള്ളത്. ഭരണഘടനാ ഭേദഗതി കൊണ്ടുവന്നപ്പോഴെല്ലാം സൈനിക നേതൃത്വം വീറ്റോ ചെയ്യുകയായിരുന്നു. ഭേദഗതിക്ക് പാര്‍ലിമെന്റിന്റെ എഴുപത്തിയഞ്ച് ശതമാനം പേരുടെ പിന്തുണ വേണം. എന്‍ എല്‍ ഡി ഏറെക്കാലമായി ഇതിനുള്ള പിന്തുണ ആര്‍ജിക്കാനുള്ള ശ്രമത്തിലായിരുന്നു.