Connect with us

National

അമര്‍ സിംഗിന് രാജ്യസഭാ സീറ്റില്ല

Published

|

Last Updated

ലക്‌നോ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആറ് സ്ഥാനാര്‍ഥികളുടെ പേര് സമാജ്‌വാദി പാര്‍ട്ടി പുറത്തുവിട്ടു. സമ്മര്‍ദ തന്ത്രങ്ങള്‍ നടത്തിയെങ്കിലും മുന്‍ രാജ്യസഭാംഗവും പാര്‍ട്ടി നേതാവുമായിരുന്ന അമര്‍ സിംഗിന് സീറ്റില്ല. അടുത്ത മാസമാണ് തിരഞ്ഞെടുപ്പ്.
രാം ഗോപാല്‍ യാദവ്, ജാവേദ് അലി, ചന്ദ്രപാല്‍ സിംഗ് യാദവ്, നീരജ് ശേഖര്‍, രവി പ്രകാശ് വര്‍, തന്‍സീം ഫാത്വിമ എന്നിവരെയാണ് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലിമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനാണ് നീരജ് ശേഖര്‍. സംസ്ഥാന നഗരവികസന മന്ത്രി മുഹമ്മദ് അഅ്‌സം ഖാന്റെ ഭാര്യയാണ് ഫാത്വിമ, മുലായം സിംഗ് യാദവിന്റെ അടുത്ത ബന്ധുവാണ് രാം ഗോപാല്‍ യാദവ്. അമര്‍ സിംഗിന് ടിക്കറ്റ് നല്‍കുമെന്ന് അവസാന നിമിഷം വരെ വാര്‍ത്തകളുണ്ടായിരുന്നു. ഏതാനും ദിവസം മുമ്പ് മുലായ സിംഗുമായും മകന്‍ അഖിലേഷ് യാദവുമായും അമര്‍ സിംഗ് തുടര്‍ച്ചയായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, അമര്‍ സിംഗിന്റെ പുനഃപ്രവേശത്തെ രാം ഗോപാല്‍ യാദവും അഅ്‌സം ഖാനും അതിശക്തമായി എതിര്‍ക്കുകയായിരുന്നു. ഭാര്യക്ക് ടിക്കറ്റ് തരപ്പെടുത്തിയതിലൂടെ അഅ്‌സം ഖാന് പാര്‍ട്ടിയില്‍ തന്റെ സ്വാധീനം ഉറപ്പിക്കാനുമായി. അതേസമയം, സീറ്റ് വാഗ്ദാനം തന്‍സീം ഫാത്വിമ നിരസിച്ചിട്ടുണ്ട്.

Latest