Connect with us

Kasargod

പഞ്ചായത്ത് പ്രസിഡന്റ് ഞാറ് നട്ടു; കര്‍ഷകര്‍ കാണികളായി

Published

|

Last Updated

തൃക്കരിപ്പൂര്‍: യന്ത്രം ഉപയോഗിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഞാറു നട്ടപ്പോള്‍ കണ്ടുനിന്ന നാട്ടുകാര്‍ക്ക് കൗതുകമായി. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ആദ്യമായി യന്ത്രം ഉപയോഗിച്ചുള്ള ഞാറുനടീല്‍ ഉദ്ഘാടന വേളയിലാണ് പഞ്ചായത്ത് പ്രസിഡന്റ് കര്‍ഷകരെ സാക്ഷിനിര്‍ത്തി വയലില്‍ ഇറങ്ങിയത്.
കുണിയന്‍ പുഴയുടെ തീരത്തുള്ള കൊയോങ്കര പാഠശേഖരത്തിലാണ് ഇന്നലെ അഞ്ചേക്രയോളം വയലില്‍ യന്ത്ര സഹായത്തോടെ ഞാറുനട്ടത്. നീലേശ്വരം ആത്മ ആഗ്രോ സര്‍വിസ് സെന്ററിന്റെ സഹകരണത്തോടെയാണ് ഇന്നലെ അഞ്ചേക്രയോളം വയലില്‍ കൃഷിയിറക്കിയത്. പതിനേഴു ദിവസം മുമ്പായി പായ ഞാറ്റടി സംവിധാനത്തിലൂടെ ഉത്പാദിപ്പിച്ച അത്യുത്പാദന ശേഷിയുള്ള ഉമ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. വയലുകളില്‍ പണിയെടുക്കാന്‍ തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തില്‍ കര്‍ഷര്‍ക്ക് ഏറെ ലാഭകരവും സൗകര്യവുമാണ് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി രീതി.
പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി അജിത, അഗ്രോ സെന്റര്‍ ഡയറക്ടര്‍ കെ വി മുകുന്ദന്‍, പാടശേഖര കമ്മിറ്റി പ്രസിഡന്റ് വി പത്മനാഭന്‍, മനോഹരന്‍ കാടങ്കോട്, എ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൂടാതെ നിരവധി കര്‍ഷകരും നാട്ടുകാരും നാട്ടില്‍ ആദ്യമായെത്തിയ യന്ത്രക്കൃഷിരീതി നേരിട്ട് കാണാനെത്തി.