Connect with us

Malappuram

ഗൃഹാന്തരീക്ഷം കലാപ ഭൂമിയാക്കരുതേ.... കുടുംബാംഗങ്ങള്‍ തമ്മിലുളള പരാതി വര്‍ധിക്കുന്നു

Published

|

Last Updated

മലപ്പുറം: ഗൃഹാന്തരീക്ഷം കലാപ ഭൂമിയാക്കി മാറ്റരുതേയെന്ന് വനിതാ കമ്മീഷന്‍.
ഒരേ ഗര്‍ഭ പാത്രത്തില്‍ പിറന്നവര്‍ ബന്ധങ്ങള്‍ മറന്ന് സ്വത്തിന് വേണ്ടി തമ്മിലടിക്കുന്നത് ദു:ഖകരമാണെന്നും വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിനാ റശീദ് പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. 63 പരാതികളാണ് ഇന്നലെ കമ്മീഷന്‍ പരിഗണിച്ചത്. ഇവയിലേറെയും കുടുംബങ്ങള്‍ തമ്മിലുള്ളതും സ്ത്രീകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളായിരുന്നു. വൃദ്ധയായ മാതാവിനെയും വിവാഹം കഴിയാത്ത സഹോദരിയേയും അഗതി മന്ദിരത്തിലാക്കി പണം തട്ടാന്‍ മറ്റൊരു മകള്‍ ശ്രമിക്കുന്നുവെന്ന പരാതി കമ്മീഷന്റെ മുന്നിലെത്തി.
സ്വത്തിന് വേണ്ടി മകള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും തന്നെയും വിവാഹം കഴിക്കാത്ത മകളെയും വീടില്‍ നിന്നിറക്കിവിട്ടുവെന്നുമാണ് മാതാവിന്റെ പരാതി. സഹോദരന്‍ അനന്തരാവാകാശം നല്‍കാതെ പീഡിപ്പിക്കുന്നുവെന്ന ബധിര യുവതിയുടെ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. യുവതിക്ക് രണ്ട് ലക്ഷം രൂപ നല്‍കാന്‍ കമ്മീഷന്‍ സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശിനിയാണ് പരാതിക്കാരി. ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിഞ്ഞിട്ടും പ്രണയാഭ്യാര്‍ഥനയുമായി വരുന്നവരെ ഒഴിവാക്കാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിന് അല്‍പായുസ് മാത്രമായിരിക്കുമെന്നും ഫലമെന്നും പിന്നീട് വഴിയില്‍ തള്ളുന്നതായിരിക്കും കാണേണ്ടി വരികയെന്നും അവര്‍ പറഞ്ഞു. പോലീസ് നടപടി സ്വീകരിച്ച കേസുകള്‍ വീണ്ടും വനിതാ കമ്മീഷനിലെത്തുന്നത് ഒഴിവാക്കണം. ഇത്തരം കേസുകളില്‍ കമ്മീഷന്‍ ഇടപെടില്ല. പോലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ മാത്രം കമ്മീഷന്‍ ശക്തമായി ഇടപെടും. ഭര്‍ത്താവിനെ അക്രമിച്ച കേസില്‍ ഭാര്യയെ മുന്‍ നിര്‍ത്തി നല്‍കിയ പരാതികള്‍ കമ്മീഷന്‍ തള്ളി. അദാലത്തില്‍ പരിഗണിച്ച 63 കേസുകളില്‍ 23 എണ്ണം തീര്‍പ്പാക്കി. 16 കേസുകള്‍ കമ്മീഷന്റെ ഫുള്‍ സിറ്റിംഗിലേക്ക് മാറ്റി. ബാക്കിയുള്ളവ അടുത്ത അദാലത്തില്‍ പരിഗണിക്കും. പിതൃത്വം തെളിയിക്കുന്നതിന് രണ്ട് കേസുകള്‍ ഡി എന്‍ എ പരിശോധനക്ക് വിട്ടു. വിവാഹ മോചന എഗ്രിമെന്റ് പൂര്‍ണായി വായിക്കാതെ ഒപ്പിട്ടതിന്റെ പേരില്‍ വഞ്ചിക്കപ്പെട്ട കേസും കമ്മീഷന്‍ പരിഗണിച്ചു. ഭാര്യക്ക് പണം നല്‍കിയെന്നാണ് എഗ്രിമെന്റിലുണ്ടായിരുന്നത്. എന്നാല്‍ പണം ലഭിച്ചിട്ടില്ലെന്ന പരാതിയുമായാണ് യുവതി വനിതാകമ്മീഷനെ സമീപിച്ചത്. സാധാരണക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും കുറ്റകൃത്യങ്ങള്‍ക്ക് പരാതിപ്പെടേണ്ട വിവരങ്ങളും അങ്കണ്‍വാടികളില്‍ പരസ്യപ്പെടുത്തുന്നതിന വനിതാകമ്മീഷന്‍ സാമൂഹ്യനീതി വകുപ്പിനോട് ആവശ്യപ്പെടും. അങ്കണ്‍വാടി ജീവനക്കാര്‍ ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്നവരായതിനാലാണ് ഇത്തരമൊരും നിര്‍ദേശം നല്‍കിയിരിക്കന്നത്. ഡയറക്ടര്‍ എ പി അനില്‍കുമാര്‍, അഡ്വ. സുജാത വര്‍മ, ഹാറൂണ്‍ റശീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.