Connect with us

Kozhikode

ഗ്രാന്‍ഡ് കേരളയുമായി സഹകരിക്കില്ല: വ്യാപാരി വ്യവസായി ഏകോപന സമിതി

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് സെയില്‍ടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തുന്ന അനധികൃത പരിശോധനയില്‍ പ്രതിഷേധിച്ച് 2014- 15 വര്‍ഷത്തെ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസീറുദ്ദീന്‍. നികുതി പിരിവിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വാറ്റ് നിയമപ്രകാരം കടപരിശോധന എന്നത് നിലവിലില്ലാത്ത സംവിധാനമാണ്. ഇതിന്റെ ഭാഗമായി സ്ത്രീ ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് വിരോധമുള്ള വ്യാപാരികള്‍ക്കെതിരെ ജാമ്യമില്ലാ കേസെടുക്കുകയാണ്. സ്ത്രീകളെ ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അതേരീതിയില്‍ തിരിച്ചടിക്കും.
സംസ്ഥാനത്ത് വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനാല്‍ ഡിസംബര്‍ മൂന്നിന് കേരളത്തിലെ മുഴുവന്‍ വ്യാപാരികളും കടകളടച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി നവംബറില്‍ കേരളത്തിലുടനീളം പ്രചാരണ വാഹന ജാഥ നടത്തും. മാനന്തവാടിയിലും, കല്‍പറ്റയിലും വ്യാപാരികളുടെ പേരില്‍ അനാവശ്യ റെയ്ഡ് നടത്തി ചാര്‍ജ് ചെയ്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കണം.
തുണിത്തരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രണ്ട് ശതമാനം ടേണ്‍ഓവര്‍ ഒഴിവാക്കണം. അളവ് തൂക്ക ഉപകരണങ്ങള്‍ സീല്‍ ചെയ്യുന്നത് സംബന്ധിച്ചുള്ള അപാകങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണം.നസീറുദ്ദീന്‍ ആവശ്യപ്പെട്ടു.