Connect with us

Eranakulam

ഭക്ഷ്യ -നാണ്യ വിളകള്‍ക്ക് സബ്‌സിഡി അനുവദിക്കണം: മന്ത്രി ഇബ്രാഹിം കുഞ്ഞ്

Published

|

Last Updated

കൊച്ചി: ഭക്ഷ്യവിളകള്‍ക്കും നാണ്യ വിളകള്‍ക്കും സബ്‌സിഡി അനുവദിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ ഇന്റര്‍നാഷനല്‍ ഭക്ഷ്യ മത്സ്യ കാര്‍ഷിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സബ്‌സിഡി അംഗീകരിക്കണം. സമൂഹത്തിന്റെ വളര്‍ച്ചക്ക് വേണ്ടിയുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ ആയിരിക്കണം സബ്‌സിഡി കൊണ്ട് സാധ്യമാകുന്നത്. വിഷമയമല്ലാത്ത ഭക്ഷ്യവിളകള്‍ ലഭ്യമാക്കുന്നതില്‍ നിന്നുണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസുരക്ഷയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. വിഷവിമുക്തമായ ഭക്ഷണം ലഭ്യമാകുമ്പോഴാണ് ഭക്ഷ്യസുരക്ഷ പ്രാവര്‍ത്തികമാക്കുന്നത്. അതിനാല്‍ ജൈവകൃഷിയുടെ ആശയത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഉല്‍പ്പാദിപ്പിച്ചാല്‍ മാത്രം പോര. അത് കയറ്റുമതി ചെയ്യാനുള്ള പ്രായോഗിക വശങ്ങള്‍ കൂടി കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ജൈവ കൃഷി വിജയകരമായി നടപ്പാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.ബി മധുസൂദനകുറുപ്പ് അധ്യക്ഷത വഹിച്ചു. വിഷം കലര്‍ന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും കാര്‍ഷിക രീതികള്‍ക്കും പകരമായി പ്രകൃതി ജന്യമായ കൃഷിയും ഭക്ഷ്യ സംസ്‌കാരവും രൂപപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജൈവ കാര്‍ഷികോത്പാദന മേഖലയില്‍ പ്രധാന പങ്കുവഹിക്കുന്ന കര്‍ഷകരെയും മൊത്തവ്യാപാരികളെയും കാര്‍ഷികോത്പന്ന സംസ്‌കരണ രംഗത്തുളളവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മേളയിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്‍ ഫോര്‍ ഓര്‍ഗാനിക് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡവലപ്പ്‌മെന്റ് ചെയര്‍മാന്‍ പി സി സിറിയക്, കുഫോസ് രജിസ്ട്രാര്‍ ഡോ.വി എം വിക്ടര്‍ ജോര്‍ജ്, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.സത്യന്‍,വാര്‍ഡ് മെമ്പര്‍ അഡ്വ.പി എം മുഹമ്മദ് ഹസന്‍, പി ജെ മാത്യു എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍,ശാസ്ത്രജ്ഞര്‍,കര്‍ഷകര്‍,കാര്‍ഷികോപകരണ നിര്‍മ്മാതാക്കള്‍,ഭക്ഷ്യ സംസ്‌കരണ വിദഗ്ദര്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. മേള നവംബര്‍ മൂന്നിന് സമാപിക്കും.

Latest