Connect with us

International

മസ്ജിദുല്‍ അഖ്‌സ അടച്ചിട്ടു; യുദ്ധപ്രഖ്യാപനമെന്ന് അബ്ബാസ്‌

Published

|

Last Updated

ജറുസലം: തീവ്രവാദിയായ ജൂതമത വിശ്വാസിക്ക് നേരെയുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് അല്‍ അഖ്‌സ പള്ളി വളപ്പിലേക്ക് എല്ലാ സന്ദര്‍ശകര്‍ക്കും പ്രവേശനം നിഷേധിച്ച ഇസ്‌റാഈല്‍ നടപടി യുദ്ധപ്രഖ്യാപനത്തിന് സമാനമാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. അപകടകരമായ ഇസ്‌റാഈല്‍ കടന്നുകയറ്റം ഫലസ്തീന്‍ ജനതയോടും അറബ്, ഇസ്‌ലാം രാഷ്ട്രത്തിന്റെ പുണ്യസ്ഥലങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണെന്ന് അബ്ബാസിനെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ വക്താവ് നബില്‍ അബു റുദെയ്‌ന പറഞ്ഞു. ജറൂസലമില്‍ ഇസ്‌റാഈല്‍ നടത്തുന്ന അപകടകരമായ കടന്നുകയറ്റം അല്‍ അഖ്‌സ പള്ളി അടച്ചതോടെ അതിന്റെ പാരമ്യത്തിലെത്തിയെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇസ്‌ലാമിന്റെ മൂന്നാമത്തെ പുണ്യ ഭൂമിയാണ് അല്‍അഖ്‌സ. ഇതേ വളപ്പില്‍ ജൂതമതക്കാരുടെ പുണ്യസ്ഥലമായ ടെംപിള്‍ മൗണ്ടും സ്ഥിതിചെയ്യുന്നുണ്ട്. എന്നാല്‍ മുസ്‌ലിംകളല്ലാത്തവരും ഇവിടെ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും തത്സ്ഥിതി തകരുമെന്ന ഭയത്താല്‍ ജൂതര്‍ ഇവരെ വളപ്പിലേക്ക് പ്രവേശിപ്പിക്കാറില്ല. ഇസ്‌റാഈലിന്റെ അപകടകരവും വെല്ലുവിളി നിറഞ്ഞതുമായ തീരുമാനം മേഖലയില്‍ സംഘര്‍ഷത്തിനും അസ്ഥിരതക്കുമിടയാക്കി അപകടകരമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് അബ്ബാസിന്റെ വക്താവ് പറഞ്ഞു. ഇതിനെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂത പ്രവര്‍ത്തകനെ മോട്ടോര്‍ ബൈക്കിലെത്തിയ ആള്‍ വെടിവെച്ചിടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ജൂതന്‍മാരെയും മുസ്‌ലിങ്ങളെയും അകത്ത് കടത്താതെ വളപ്പ് അടച്ചിടാന്‍ ഇസ്‌റാഈല്‍ ഉത്തരവിട്ടത്. 1967ല്‍ നടന്ന ആറ് ദിവസത്തെ യുദ്ധത്തിനിടെയാണ് അറബ് കിഴക്കന്‍ ജറൂസലം ഇസ്‌റാഈല്‍ കൈയടക്കിയത്.