Connect with us

Gulf

2010ഓടെ രാജ്യത്ത് 30 നിര്‍മാണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കും

Published

|

Last Updated

ദുബൈ: രാജ്യത്ത് ഉപയോഗിക്കുന്ന മരുന്നുകളുടെ നല്ലൊരു പങ്കും 2020 ആകുന്നതോടെ തദ്ദേശീയമായി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ള മരുന്നുനിര്‍മാണ ഫാക്ടറികള്‍ ഉള്‍പ്പെടെ 2020 ആകുമ്പോള്‍ രാജ്യത്ത് മൊത്തം 30 മരുന്നു നിര്‍മാണ ഫാക്ടറികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ രാജ്യത്ത് 15 മരുന്നു നിര്‍മാണ ശാലകള്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ എട്ട് എണ്ണത്തിലൂടെയായി വിവിധ ഇനങ്ങളിലായി 900 മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബാക്കിവരുന്ന ഏഴ് എണ്ണത്തില്‍ ഉത്പാദിപ്പിക്കുന്നത് മരുന്നുകളല്ലാത്ത മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമാണ്. നിലവില്‍ മന്ത്രാലയത്തിന്റെ പരിഗണനയില്‍ പുതിയ 15 മരുന്നുത്പാദന സ്ഥാപനങ്ങള്‍ക്കുള്ള അപേക്ഷകളുണ്ട്.
സനോഫി ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്റര്‍നാഷനലും ഗ്ലോബല്‍ ഫാര്‍മയും തമ്മില്‍ സ്ട്രാറ്റജിക്കല്‍ പാര്‍ട്ണര്‍ഷിപ്പ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ, ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീര്‍ ഹുസൈന്‍ അല്‍ അമീരിയാണ് ഇക്കാര്യം അറിയിച്ചത്.
2020 ആകുന്നതോടെ ആരോഗ്യ രംഗത്ത് ലോകരാഷ്ട്രങ്ങളോട് മത്സരിക്കാവുന്ന നിലവാരത്തിലേക്ക് രാജ്യം ഉയരുമെന്നും അല്‍ അമീരി വ്യക്തമാക്കി. സനോഫി ഫാര്‍മസ്യൂട്ടിക്കല്‍സും ഗ്ലോബല്‍ ഫാര്‍മയും കൈകോര്‍ക്കുന്നതോടെ രാജ്യത്തിനു പുറത്തുള്ള മരുന്നു നിര്‍മാണ സ്ഥാപനങ്ങളുടെ മുമ്പില്‍ രാജ്യത്തിന്റെ വാതിലുകള്‍ കൂടുതല്‍ തുറക്കപ്പെടുമെന്നതിനാല്‍ ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടം തന്നെ നടക്കുമെന്ന് ആരോഗ്യമന്ത്രാലയത്തെ പ്രതിനിധീകരിച്ച് സംസാരിച്ച അല്‍ അമീരി പ്രസ്താവിച്ചു.
ഇതിനു പുറമെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ രാജ്യത്തെ ഭരണാധികാരികള്‍ നല്‍കുന്ന പ്രോത്സാഹനവും ഈ മേഖലയിലെ വളര്‍ച്ചക്ക് ആക്കം കൂട്ടും. ഇത്തരത്തിലുള്ള കൂട്ടുകെട്ടുകള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കഴിഞ്ഞ 12 മാസത്തിനിടെ ഇത് ഇത്തരത്തിലുള്ള നാലാമത്തെ കൂട്ടുകെട്ടാണെന്നും അല്‍ അമീരി വെളിപ്പെടുത്തി.