Connect with us

Gulf

9,000 ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം

Published

|

Last Updated

അബുദാബി: സ്‌കൂള്‍ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍ നിര്‍ത്തി ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ബോധവത്കരണം നടത്തുമെന്ന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഫൗണ്ടേഷന്‍. ഡ്രൈവര്‍മാര്‍ക്ക് പുറമെ ബസ് സൂപര്‍വൈസര്‍മാരെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും കാമ്പയിന്‍ ലക്ഷ്യമിടുന്നുണ്ട്.
അബുദാബി എഡ്യുക്കേഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടി 9,000ത്തിലധികം ഡ്രൈവര്‍മാരെയും സൂപര്‍വൈസര്‍മാരെയുമാണ് ലക്ഷ്യമിടുന്നത്. വിവിധ സ്‌കൂളുകളില്‍ നിന്നായി ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികളെയും ലക്ഷ്യമിടുന്നുണ്ട്. അശ്രദ്ധകാരണം സ്‌കൂള്‍ ബസിനുള്ളില്‍ നാലു വയസ്സുകാരി ശ്വാസംമുട്ടി മരിക്കാനിടയായ സംഭവത്തിനു ശേഷം കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അധികൃതര്‍ സുരക്ഷാ ബോധവത്കരണവുമായി രംഗത്ത് വരുന്നത്.
4,500 സൂപര്‍ വൈസര്‍മാരെയാണ് ബോധവത്കരണം ലക്ഷ്യമിടുന്നത്. ഇതില്‍ 2,222 പേരും അബുദാബിയില്‍ നിന്നുള്ളവരാണ്. 4,730 ഡ്രൈവര്‍മാരും ഒന്നേകാല്‍ ലക്ഷം കുട്ടികളും ബോധവത്കരിക്കപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമെ സ്‌കൂളിലേക്ക് പുറപ്പെടുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അവരെയും ബോധവത്കരിക്കും. സ്‌കൂള്‍വിട്ട് തിരിച്ച് കുട്ടികളെ അവരുടെ കേന്ദ്രങ്ങളില്‍ ഇറക്കുമ്പോള്‍ പലപ്പോഴും ഉത്തരവാദപ്പെട്ടവര്‍ കുട്ടിയെ സ്വീകരിക്കാന്‍ സ്ഥലത്ത് ഉണ്ടാകാറില്ലെന്നത് ബസിലെ സൂപര്‍വൈസര്‍മാര്‍ നേരിടുന്ന പ്രശ്‌നമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
11 വയസില്‍ താഴെയുള്ള കുട്ടികളെ സ്വീകരിക്കാന്‍ നിശ്ചിത സ്ഥലത്ത് രക്ഷിതാക്കളോ ഉത്തരവാദപ്പെട്ട മറ്റാരെങ്കിലുമോ നിര്‍ബന്ധമായി ഉണ്ടായിരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അധികൃതര്‍ അറിയിച്ചു. ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കിടയിലും വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് രക്ഷിതാക്കളും കുട്ടികളെ ഇടക്കിടെ ബോധവത്കരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Latest