Connect with us

Malappuram

വിജിലന്‍സ് പരിശോധനയില്‍ വ്യാപക വൈദ്യുതി മോഷണം പിടികൂടി

Published

|

Last Updated

നിലമ്പൂര്‍: കെ എസ് ഇ ബി വിജിലന്‍സ് വിഭാഗം നിലമ്പൂര്‍ ഡിവിഷനിലെ വിവിധ സെക്ഷനുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക വൈദ്യുതി മോഷണം കണ്ടെത്തുകയും അരക്കോടി രൂപ പിഴ ഈടാ ക്കുകയം ചെയ്തു.
കെ എസ് ഇ ബി ചെയര്‍മാന്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് കൊല്ലം യൂനിറ്റാണ് പരിശോധന നടത്തിയത്.
നിലമ്പൂര്‍ സെക്ഷനില്‍ നിന്ന് 37,22,000 രൂപയും പൂക്കോട്ടുംപാടത്ത് ഏഴ് ലക്ഷവും അകമ്പാടത്ത് മൂന്ന് ലക്ഷവും കരുളായിയില്‍ ഒരു ലക്ഷവുമാണ് പിഴ ഈടാക്കിയത്. നിലമ്പൂര്‍ ടൗണിനു സമീപത്തെ വിന്റേസ് ബില്‍ഡേഴ്‌സ് എന്ന വില്ലയില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കിനു വേണ്ടി എടുത്ത വൈദ്യുതി വര്‍ഷങ്ങളായി വില്ലകളില്‍ അനധികൃതമായി ഉപയോഗിക്കുന്നതായും 7,800 വാട്‌സ് വൈദ്യുതി മോഷണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വില്ലകളുടെ ഉടമകള്‍ മാറിയെങ്കിലും വൈദ്യുതി മോഷണം തുടരുകയായിരുന്നുവെന്നും. സ്വകാര്യ കമ്പനിയുടെ മീറ്ററുകളുപയോഗിച്ചാണ് മോഷണം നടത്തിയതെന്നും അനധികൃതമായി വലിച്ച വൈദ്യതി ഒരു ദിവസത്തിനകം വിഛേദിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് വിഭാഗം പറഞ്ഞു.
വയര്‍മാന്‍മാരുടെ വീടുകളില്‍ വ്യാപകമായി വൈദ്യുതി മോഷണം നടത്തുന്നതും സംഘം കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് കൊല്ലം ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സികൂട്ടീവ് എന്‍ജിനിയര്‍ എ നൗഷാദ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ ഹരികുമാര്‍, സബ് എന്‍ജിനിയര്‍ ശിവപ്രസാദ്, ലൈന്‍മാന്‍ മനോജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഞായറാഴ്ച തുടങ്ങിയ പരിശോധന ബുധനാഴ്ച വരെ തുടര്‍ന്നു.
വിജിലന്‍സ് വിഭാഗം കോട്ടയം, തിരുവല്ല യൂനിറ്റുകളുടെ നേതൃത്വത്തിലും കെ എസ് ഇ ബി നിലമ്പൂര്‍ ഡിവിഷനിലെ വിവിധ സെക്ഷനുകളില്‍ പരിശോധന നടത്തി.

Latest