Connect with us

Kerala

ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ: മുന്നറിയിപ്പുമായി ആഭ്യന്തര വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം: ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റും വായ്പയെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര വകുപ്പ്. പൊതുജനങ്ങള്‍ വായ്പ എടുക്കുന്നതിന് മുമ്പ് ജാഗ്രതയോടെ വസ്തുതകള്‍ അറിഞ്ഞിരിക്കണമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വായ്പാ സംഘങ്ങള്‍, പണം പലിശക്ക് കൊടുക്കുന്നവര്‍, ബ്ലേയ്ഡ് മാഫിയകള്‍ തുടങ്ങിയ അനൗപചാരിക സ്രോതസ്സുകളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കുക. ബേങ്കുകളും ബേങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ ബി എഫ് സി) റിസര്‍വ് ബേങ്കിലും, മറ്റു വായ്പാ സ്ഥാപനങ്ങള്‍ കേരളാ മണി ലെന്‍ഡേഴ്‌സ് ആക്ട് പ്രകാരം കേരള സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണം. വായ്പ എടുക്കുന്നതിനായി ബേങ്കുകളെയോ, ബേങ്കിംഗ് ഇതര സ്ഥാപനങ്ങളെയോ (എന്‍ ബി എഫ് സി), കെ എം എല്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളെയോ മാത്രം സമീപിക്കുക. റിസര്‍വ് ബേങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ ബി എഫ് സികള്‍ എല്ലാ ശാഖകളിലും തങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം. അതിവേഗ വായ്പകള്‍, കുറഞ്ഞ പലിശനിരക്ക് മുതലായവ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ ആകൃഷ്ടരായി വഞ്ചിതരാകരുത്.