Connect with us

Sports

ഡല്‍ഹിയെ തളച്ച് വടക്ക് കിഴക്കന്‍ ആരവം

Published

|

Last Updated

ന്യൂഡല്‍ഹി: കാണികളെ ആവേശം കൊള്ളിച്ച ഡല്‍ഹി ഡൈനാമോസ്-നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി മത്സരം ഗോളില്ലാ കളിയായി. മൂന്ന് തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകള്‍ നടത്തിയ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി പി രഹനേഷായിരുന്നു ഗ്യാലറിയുടെ കൈയ്യടി വാങ്ങിയത്. ഡല്‍ഹി ക്യാപ്റ്റന്‍ അലസാന്‍ഡ്രോ ഡെല്‍പിയറോ മുപ്പത്തൊമ്പതാം മിനുട്ടില്‍ തൊടുത്ത ഫ്രീകിക്ക് ഷോട്ട് ഇരുപത്തൊന്നുകാരന്‍ മുഴുനീളന്‍ ഡൈവിംഗിലൂടെയാണ് തട്ടിമാറ്റിയത്.
ഐ എസ് എല്ലില്‍ എക്കൗണ്ട് തുറക്കാന്‍ വിഷമിക്കുന്ന ഡെല്‍ പിയറോ രഹനേഷിന്റെ സേവ് കണ്ട് തരിച്ചു നിന്നു. അവസാന മൂന്ന് മിനുട്ടില്‍ ഡല്‍ഹി സ്‌ട്രൈക്കര്‍ ഹാന്‍സ് മുള്‍ഡറിന്റെ രണ്ട് ഗോളെന്നുറച്ച ഷോട്ടുകളാണ് രഹനേഷ് അവസരോചിതമായി തടഞ്ഞത്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍, നോര്‍ത്ത് ഈസ്റ്റ് കളിക്കാര്‍ തങ്ങളുടെ രക്ഷകനായ മലയാളി ഗോള്‍കീപ്പറെ വാരിപ്പുണര്‍ന്നു. ഡല്‍ഹിയുടെ ഹാന്‍സ് മുള്‍ഡര്‍ ഹീറോ ഓഫ് ദ മാച്ചായപ്പോള്‍ രഹനേഷിനെ എമെര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം തേടിയെത്തി. നോര്‍ത്ത് ഈസ്റ്റിന്റെ ജെയിംസ് കീനാണ് ഫിറ്റസ്റ്റ് പ്ലെയര്‍.
നാല് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ഡല്‍ഹി ഡൈനാമോസ് ടേബിളില്‍ നാലാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. ലീഗില്‍ പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോര്‍ഡ് ഡല്‍ഹി തുടരുകയാണ്.
മാര്‍ക്വു താരം ജോണ്‍ കാപ്‌ഡെവിയ, കോകെ എന്നിവരില്ലാതെയാണ് നോര്‍ത്ത് ഈസ്റ്റ് എവേ മത്സരത്തിനിറങ്ങിയത്. ഇവരുടെ അഭാവത്തില്‍ നോര്‍ത്ത് ഈസ്റ്റിന് കരുത്തേകിയത് സ്റ്റേഡിയത്തിലെത്തിയ ഇരുപതിനായിരത്തോളം വരുന്ന അനുകൂലികളാണ്. ഡല്‍ഹിയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫാന്‍ബേസിന്റെ കരുത്ത് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി ശരിക്കും തിരിച്ചറിഞ്ഞത് ഡല്‍ഹിയിലാണ്.