Connect with us

National

കരട് മാറ്റി; അടവ് നയം അടുത്ത കേന്ദ്ര കമ്മിറ്റിയില്‍

Published

|

Last Updated

prakash-karatന്യൂഡല്‍ഹി: കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ അടവ് നയം സംബന്ധിച്ച് പുതിയ കരട് രേഖയുണ്ടാക്കാന്‍ സി പി എം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പോളിറ്റ് ബ്യൂറോ നേരത്തെ തയ്യാറാക്കിയ രേഖയില്‍ ഭേദഗതി വരുത്തിയാണ് പുതിയ കരട് രേഖയുണ്ടാക്കുക. പി ബി അംഗങ്ങളായ സീതാറാം യെച്ചൂരിയും ബി രാഘവുലുവും നല്‍കിയ ബദല്‍ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും പുതിയ രേഖ. ഈ രേഖ ചര്‍ച്ച ചെയ്ത് അന്തിമ രൂപം നല്‍കുന്നതിനായി ജനുവരിയില്‍ കേന്ദ്ര കമ്മിറ്റി വീണ്ടും യോഗം ചേരും. അതേസമയം, അടവുനയവുമായി ബന്ധപ്പെട്ട് ബദല്‍ രേഖയില്ലെന്നും നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരട് രേഖയിലെ ഏഴ് കാര്യങ്ങളിലാണ് ഭേദഗതിയുണ്ടാകുക. ഇതിന് പി ബിയെ ചുമതലപ്പെടുത്തി. ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ 1978ല്‍ അംഗീകരിച്ചതും കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികമായി പ്രയോഗിക്കുന്നതുമായ രാഷ്ട്രീയ അടവ് നയം തെറ്റായിരുന്നതുകൊണ്ടാണ് പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടതെന്ന വിലയിരുത്തലാണ് പി ബിയുടെതായി തയ്യാറാക്കിയ കരട് രേഖയുടെ വിലയിരുത്തല്‍. എന്നാല്‍ നയമല്ല, നയം നടപ്പാക്കലാണ് പിഴച്ചതെന്നായിരുന്നു സീതാറാം യെച്ചൂരി നല്‍കിയ ബദല്‍ നിര്‍ദേശത്തിലെ വിലയിരുത്തല്‍. നായകനല്ല, നയത്തിനാണു കുറ്റമെന്ന വാദം ബി രാഘവുലും മുന്നോട്ട് വെച്ചു. ഇതിന്മേല്‍ നടന്ന ചര്‍ച്ചകളില്‍ മാറ്റം വേണമെന്ന പൊതുവികാരമാണ് ഉന്നയിക്കപ്പെട്ടത്.
പാര്‍ട്ടിയുടെ കഴിഞ്ഞ 25 വര്‍ഷത്തെ രാഷ്ട്രീയനയ സമീപനം അവലോകനം ചെയ്യുന്ന രേഖയുടെ കരടിനാണ് കേന്ദ്ര കമ്മിറ്റി രൂപം നല്‍കുകയെന്ന് കാരാട്ട് പറഞ്ഞു. സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പാര്‍ട്ടി പ്ലീനം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം ചേരും. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ മാസങ്ങള്‍ക്കുള്ളില്‍ പ്ലീനം ചേരും. ആറ് ദിവസമമാണ് പാര്‍ട്ടി കോണ്‍ഗ്രസ്. സംഘടനാ ചര്‍ച്ചക്കായി രണ്ട് ദിവസം കൂടി നീട്ടാന്‍ പ്രയാസമുണ്ട്. അതുകൊണ്ടാണ് പ്ലീനം ചേരുന്നത്.
പാര്‍ട്ടിയുടെ വളര്‍ച്ച ലക്ഷ്യമിട്ട് തയ്യാറാക്കിയ രാഷ്ട്രീയ നയരേഖയാണ് പാര്‍ട്ടി ചര്‍ച്ച ചെയ്തത്. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ നടന്ന ചര്‍ച്ചകളെ പറ്റി തെറ്റായ വാര്‍ത്തകളാണ് വന്നത്. അറിവില്ലായ്മ മൂലം വരുന്ന വാര്‍ത്തകളുണ്ട്. ബോധപൂര്‍വം തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നവരുമുണ്ട്. പി ബി തയ്യാറാക്കിയ രേഖയില്‍ വിയോജിപ്പുള്ളവര്‍ക്ക് അത് അവതരിപ്പിക്കാന്‍ അവകാശമുണ്ട്. പി ബിയില്‍ ഇത്തരം ഏഴ് കുറിപ്പുകള്‍ ചര്‍ച്ച ചെയ്തു. വ്യത്യസ്താഭിപ്രായമുള്ളവര്‍ക്ക് അവ കേന്ദ്ര കമ്മിറ്റിയിലും അവതരിപ്പിക്കാന്‍ അവസരം നല്‍കി. അതൊന്നും ചില മാധ്യമങ്ങള്‍ അവതരിപ്പിച്ചതുപോലെ “ബദല്‍ രേഖ” അല്ല. രേഖയില്‍ എങ്ങനെ മാറ്റങ്ങള്‍ വരുത്തണമെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച് പി ബി തയ്യാറാക്കുന്ന രേഖ വീണ്ടും കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. അന്തിമ രൂപം നല്‍കിയ രേഖ പാര്‍ട്ടിയിലുടനീളം ചര്‍ച്ച ചെയ്യും. പിന്നീട് പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും. പാര്‍ട്ടിയുടെ ജനാധിപത്യ രീതിയാണിത്.
കള്ളപ്പണക്കാര്യത്തില്‍ ബി ജെ പി സര്‍ക്കാര്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ വഴിയില്‍ തന്നെയാണെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്നും കാരാട്ട് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും തീരുമാനിച്ചു. ഡിസംബര്‍ രണ്ടിന് ഡല്‍ഹിയില്‍ ധര്‍ണ നടത്തും. പദ്ധതി ഇന്ത്യയില്‍ ഏറ്റവും നല്ല നിലയില്‍ നടപ്പാക്കിയ ത്രിപുരയിലെ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ധര്‍ണയില്‍ പങ്കെടുക്കും. തൊഴില്‍ നയങ്ങളില്‍ തൊഴിലാളിവിരുദ്ധ മാറ്റങ്ങള്‍ വരുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് കേന്ദ്ര കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.

Latest