Connect with us

Wayanad

കളനാശിനി പ്രയോഗം; മണിയങ്കോട്ട് ആടുകള്‍ ചത്തൊടുങ്ങുന്നു

Published

|

Last Updated

കല്‍പ്പറ്റ: കളനിാശിനി പ്രയോഗത്തെ തുടര്‍ന്ന് കല്‍പ്പറ്റ മണിയങ്കോട് ഓളമ്പത്ത് ആടുകള്‍ ചത്തൊടുങ്ങുന്നു. വിഷബാധയെ തുടര്‍ന്ന് നാലു ദിവസത്തിനിടെ ഏഴ് ആടുകളാണ് ചത്തത്. വന്‍കിട തോട്ടമുടമകളാണ് യാതൊരു മുന്നറിയിപ്പും കൂടാതെ റോഡരികില്‍ പോലും കളനാശിനി പ്രയോഗിച്ചത്.
മണിയങ്കോട് ഓടമ്പം തച്ചംപൊയില്‍ അബൂബക്കറിന്റെയും അയല്‍വാസി ഡില്ലയുടെയും ആടുകളാണ് ചത്തത്. അബൂബക്കറിന്റെ ആറ് ആടും ഡില്ലിയുടെ ഒരു ആടുമാണ് ചത്തത്. സമീപത്തെ വന്‍കിട തോട്ടമുടമകളുടെ നടപടിയെ തുടര്‍ന്ന് ഇവരുടെ ജീവിതം വഴി മുട്ടിയിരിക്കുകയാണ്. വൃദ്ധനും രോഗിയുമായ അബുബക്കര്‍ ആടുകളെ വളര്‍ത്തിയാണ് കുടുംബം പോറ്റുന്നത്. കടമെടുത്തും മറ്റും വാങ്ങിയ ആടുകളാണ് ഇയാളുടെ ഏക സമ്പാദ്യം.
എന്നാല്‍ കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഓടമ്പം ഓട്ടു കമ്പനിക്ക് സമീപത്തെ തോട്ടത്തിന്റെ പരിസരങ്ങളിലും പൊതു വഴിയിലും തോട്ടമുടമകള്‍ കളനാശിനി പ്രയോഗിക്കുകയായിരുന്നു. മരുന്ന് തളിച്ചതറിയാതെ ഇവിടേക്ക് ആടുകളെ മേയാന്‍ വിട്ടിരുന്നു. ഇവിടെ നിന്നും പുല്ല് ഭക്ഷിച്ച ഏഴ് ആടുകളും കഴിഞ്ഞ ദിവസം ചത്തു. മറ്റു നിരവധി ആടുകള്‍ വിഷ ബാധയേറ്റതിനാല്‍ മൃതപ്രായരുമാണ്. അവശേഷിക്കുന്ന ആടുകള്‍ക്ക് മരുന്ന് നല്‍കിയെങ്കിലും ഫലം കണ്ടിട്ടില്ല. പന്ത്രണ്ടായിരം രൂപ വിലയുള്ള ആടുകളാണ് ചത്തത്.
താന്‍ അരുമകളെ പോലെ വളര്‍ത്തുന്ന ആടുകളെ നഷ്ടപ്പെട്ടതോടെ അബൂബക്കര്‍ മാനസികമായും തളര്‍ന്നു. ആസ്തമ രോഗിയായ അബൂബക്കര്‍ ആടിനെ വിറ്റാണ് ചികിത്സക്കുള്ള പണം കണ്ടെത്തിയിരുന്നത്. മരുന്ന് തളിച്ചതിനെ തുടര്‍ന്ന് റോഡരികിലെ പുല്ലുകളെല്ലാം കരിഞ്ഞിട്ടുണ്ട്. എന്നാല്‍, മരുന്ന് തളിച്ചുവെന്ന് തോട്ടത്തിലെ ജോലിക്കാര്‍ പോലും സമ്മതിച്ചിട്ടും നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന കളനിശിനി പ്രയോഗത്തെ തോട്ടമുടമ നിഷേധിക്കുകയാണ്. വേണമെങ്കില്‍ കേസ് കൊടുക്കാനായിരുന്നുവത്രെ ആറു അരുമകളായ ആടുകളെ നഷ്ടപ്പെട്ട രോഗിയും വൃദ്ധനുമായ അബൂബക്കറിനോട് തോട്ടമുടമ പറഞ്ഞത്. ജീവിതം വഴി മുട്ടിയ അബൂബക്കര്‍ നീതി തേടി കല്‍പ്പറ്റ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.