Connect with us

Kannur

സെല്ലുകളില്‍ തടവുകാരുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ ജയില്‍ സെല്ലുകളില്‍ തടവുകാരുടെ പേരും നമ്പറും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം. കണ്ണൂരില്‍ ഒതു തടവുകാരന്‍ ജയില്‍ ചാടിയതിനെ തുടര്‍ന്ന് ഡി ജി പി. ടി പി സെന്‍കുമാറാണ് സര്‍ക്കുലര്‍ ഇറക്കിയത്. നീളമുള്ള കമ്പ്, കോണി തുടങ്ങിയവ ജയില്‍ വളപ്പിനുള്ളില്‍ സൂക്ഷിക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കി.

കണ്ണൂരില്‍ നിന്ന് തിങ്കളാഴ്ച ജയില്‍ ചാടിയ മലപ്പുറം തിരൂരങ്ങാടി അറയ്ക്കല്‍ സ്വദേശി എ മന്‍സൂറിനെ (25) കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്. ഇയാള്‍ പോകാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലാണ് അന്വേഷണം.
ജയില്‍ ചാട്ടത്തെ തുടര്‍ന്ന് ഉത്തരമേഖലാ ജയില്‍ ഡി ഐ ജി. ശിവദാസന്‍ കെ തൈപ്പറമ്പില്‍ കണ്ണൂരിലെത്തി അന്വേഷണം നടത്തി. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വാര്‍ഡര്‍മാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. നടപടി ഉടന്‍ പ്രഖ്യാപിക്കും. മോഷണക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന മന്‍സൂര്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജീവനക്കാരെ വെട്ടിച്ച് രക്ഷപ്പെട്ടത്. ഇയാള്‍ രക്ഷപ്പെട്ടതറിഞ്ഞ ഉടന്‍ ജയിലിലെ സൈറണ്‍ മുഴക്കുകയും ടൗണ്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു.
ജയില്‍ കോമ്പൗണ്ടിലെ കിഴക്കുവശത്തെ കാട്ടില്‍ മന്‍സൂറിന്റെ ജയില്‍ വസ്ത്രം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പുറത്തുള്ളവരുടെ സഹായത്തോടെയായിരിക്കാം രക്ഷപ്പെട്ടതെന്നാണു പോലീസ് നിഗമനം. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല.
ജയിലിനു മുന്നിലുള്ള റോഡ് വരെ ഓടിയെത്തിയ പോലീസ് നായ അവിടെ നില്‍ക്കുകയായിരുന്നു. ജയിലിനു മുന്നില്‍ നിന്ന് ഏതെങ്കിലും വാഹനത്തില്‍ കയറി മന്‍സൂര്‍ രക്ഷപ്പെട്ടെന്നാണ് കരുതുന്നത്. വിവിധ സ്റ്റേഷനുകളില്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇതിനു മുമ്പ് രക്ഷപ്പെട്ട രണ്ട് തടവുകാരെ ഇനിയും പിടികൂടാനായിട്ടില്ല.
മോഷണക്കേസ് പ്രതി മട്ടന്നൂര്‍ സ്വദേശി സുരേശന്‍, കൊലക്കേസ് പ്രതി അഭിലാഷ് എന്നിവരെയാണ് പിടികൂടാനുള്ളത്. കൊടും കുറ്റവാളികളായിരുന്ന റിപ്പര്‍ ജയാനന്ദനും റിയാസും 2010ല്‍ ജയില്‍ ചാടിയിരുന്നുവെങ്കിലും രണ്ടാഴ്ചക്കകം രണ്ട് പേരെയും പിടികൂടാനായിരുന്നു. കൊലക്കേസ് പ്രതിയായ ദീപക് ജയില്‍ചാടി രണ്ട് വര്‍ഷത്തിനു ശേഷമാണ് പിടിയിലായത്.

Latest