Connect with us

Eranakulam

സോളാര്‍ കേസ്; മജിസ്‌ട്രേറ്റ് കോടതിയുടെ വിചാരണ ഹൈക്കോടതി തടഞ്ഞു

Published

|

Last Updated

കൊച്ചി: സോളാര്‍ കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടെ വിചാരണ ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം സ്വദേശികളായ ഡോ. മാത്യു തോമസ്, റാസിക് അലി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ എം മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. തങ്ങളുടെ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് തട്ടിപ്പിനിരയായ ഇരുവരും കോടതിയെ സമീപിച്ചത്.
സ്വിസ് സോളാര്‍ കമ്പനിയെന്ന പേരില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി 1.04 കോടി രൂപ പ്രതികളായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, ശാലു മേനോന്‍, മാതാവ് കലാ വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് കേസ്.
തട്ടിപ്പിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ ഉണ്ട്. കേസില്‍ തിരുവവനന്തപുരത്തെ അഭിഭാഷകന്‍ ദിലീപ് സത്യനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്ന അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തീരുമാനെടുത്തിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. 116 സാക്ഷികളും നിരവധി രേഖകളുമുള്ള കേസിന്റെ കാര്യക്ഷമമായ നടത്തിപ്പിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്നും നീതിപൂര്‍വകമായ വിചാരണ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
ഈ മാസം 31ന് ആരംഭിക്കാനിരിക്കുന്ന വിചാരണയാണ് ഹൈക്കോടതി തടഞ്ഞത്. ഹരജി ഭാഗത്തിന് വേണ്ടി അഡ്വ. കാപ്പിള്ളില്‍ അനില്‍കുമാര്‍ ഹാജരായി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ചതിനെതിരെ കോന്നി സ്വദേശി മാലേലില്‍ ശ്രീധരന്‍ നായരുടെ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.