Connect with us

Ongoing News

റോഡ് സുരക്ഷാ ബില്‍: കേരളം വിയോജിപ്പറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുളള നിര്‍ദിഷ്ട റോഡ് ഗതാഗത സുരക്ഷാ ബില്ലില്‍ കേരളം വിയോജിപ്പറിയിച്ചു. ബില്‍ പാസാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഗതാഗതം ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഇതു സംബന്ധിച്ച് നിയമനിര്‍മാണം നടത്താന്‍ അധികാരമുണ്ട്. പുതിയ ബില്ല് തയ്യാറാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന നാഷനല്‍ റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ യോഗത്തില്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

പുതിയ ബില്ലിലെ സെക്ഷന്‍ 23 മുതല്‍ 30 വരെയുള്ള ഭാഗങ്ങളില്‍ സ്റ്റേറ്റ് റോഡ് സേഫ്റ്റി അതോറിറ്റി രൂപവത്കരണത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാന നിയമസഭ ഇതു സംബന്ധിച്ച് നിയമനിര്‍മാണം നടത്തി സ്റ്റേറ്റ് റോഡ് സേഫ്റ്റി അതോറിറ്റി രൂപവത്കരിച്ചിട്ടുള്ളതാണ്. അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ബില്ലിലെ സെക്ഷന്‍ രണ്ടില്‍ പറഞ്ഞിരിക്കുന്നത് റോഡ് ഗതാഗതത്തിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കും എന്നാണ്. അതത് സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് ആവശ്യമായ ഗതാഗത നയം രൂപവത്കരിക്കാനും പദ്ധതികള്‍ തയ്യാറാക്കാനുമുള്ള സംസ്ഥാന സര്‍ക്കാറുകളുടെ അധികാരം ഇല്ലാതാക്കുന്ന സമീപനമാണിത്. റോഡ് ഗതാഗതം സംബന്ധിച്ച പൂര്‍ണമായ അധികാരം കേന്ദ്രം ഏറ്റെടുക്കുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ തത്വത്തിനും എതിരാണ്.
ഡ്രൈവിംഗ് ലൈസന്‍സുകള്‍, ടെസ്റ്റിംഗ് സെന്ററുകള്‍ എന്നിവ സംബന്ധിച്ച നിര്‍ദിഷ്ട പരിഷ്‌കാരങ്ങള്‍ കേരളത്തെപ്പോലെ മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പില്‍ ആധുനീകരണം നടപ്പാക്കിയ സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുഗുണമല്ല. ബില്ലില്‍ നിര്‍ദേശിക്കുന്ന ആധുനിക സൗകര്യങ്ങളെല്ലാം തന്നെ കേരളം നിലവില്‍ നടപ്പാക്കിയിട്ടുള്ളതാണ്. ഈ മേഖലയിലേക്ക് സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും കടന്നുവരാന്‍ അനുവദിക്കുന്നതു വഴി കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആധുനീകരിച്ച നിലവിലുള്ള സംസ്ഥാന സംവിധാനം ഉപയോഗശൂന്യമാകും. മാത്രമല്ല ആയിരക്കണക്കിന് വകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി സുരക്ഷയും പ്രതികൂലമാകും. സംസ്ഥാന സര്‍ക്കാറിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകളിലൊന്നാണ് മോട്ടോര്‍ വാഹന വകുപ്പ്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായാല്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്ന് നിലക്കുന്ന സാഹചര്യം ഉണ്ടാകും.
പുതിയ നിയമ നിര്‍മാണം നടത്തുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.