Connect with us

Gulf

നിര്‍മാണ സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം മലയാളിയുടേത്

Published

|

Last Updated

ഷാര്‍ജ: നാഷനല്‍ പെയിന്റിനു സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു.

തിരുവനന്തപുരം വര്‍ക്കല പാളയം കുന്നിലെ ഷൈജു (39) വിന്റേതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. അനുജന്‍ ഷൈനും ബന്ധുക്കളുമാണ് തിരിച്ചറിഞ്ഞത്. രണ്ടു ദിവസം മുമ്പാണ് അസ്ഥികൂടം കണ്ടെത്തിയത്. നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ ഒരു മുറിക്കകത്ത് തൂങ്ങിയ നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് അസ്ഥികൂടം ആശുപത്രിയിലേക്ക് മാറ്റി. അന്വേഷിക്കുന്നതിനിടെ അസ്ഥികൂടം യുവാവിന്റേതാണെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്.
ജൂണ്‍ മുതല്‍ ഷൈജുവിനെ കാണാനില്ലായിരുന്നുവത്രെ. സന്ദര്‍ശക വിസയിലെത്തിയ ഇയാള്‍ ഷാര്‍ജ വ്യവസായ മേഖലയിലെ കാറ്റര്‍ പില്ലയില്‍ കൂട്ടുകാരുമൊത്ത് താമസിച്ചുവരുന്നതിനിടെയാണ് കാണാതാകുന്നത്. ഇതു സംബന്ധിച്ചു ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. ബന്ധുക്കളും അന്വേഷിച്ചുകൊണ്ടിരുന്നുവെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
നേരത്തെ പത്തുവര്‍ഷത്തോളം ഉമ്മുല്‍ ഖുവൈനില്‍ ജോലി നോക്കിയിരുന്ന ഷൈജു വിസ റദ്ദു ചെയ്തു നാട്ടില്‍ പോയതായി പറയുന്നു. രണ്ടു വര്‍ഷത്തോളം നാട്ടില്‍ കഴിഞ്ഞ ശേഷമാണ് വീണ്ടും ഷാര്‍ജയിലെത്തിയത്. ഡ്രൈവിംഗ് ലൈസന്‍സുള്ള ഷൈജുവിനു ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജോലി ശരിയായിരുന്നതായി ഒരു ബന്ധു പറഞ്ഞു. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. കാരണം എന്തെന്നു ബന്ധുക്കള്‍ക്കു വ്യക്തമല്ല.
ആത്മഹത്യയായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസെന്ന് ഷൈജുവുമായി ബന്ധമുള്ളവര്‍ സൂചിപ്പിച്ചു. മൃതദേഹം ജീര്‍ണിച്ചതിനാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. നടപിക്രമങ്ങള്‍ക്കു ശേഷം അസ്ഥികൂടം ഇവിടെതന്നെ സംസ്‌കരിക്കാനാണ് ബന്ധുക്കള്‍ ആലോചിക്കുന്നത്.
അതേസമയം, ഷൈജുവിനു ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ കരുതുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളോ മറ്റോ ഉണ്ടായിരുന്നതായും അവര്‍ക്കറിയില്ല. ജോലിക്കുവേണ്ടിയാണ് വീണ്ടും ഷാര്‍ജയിലെത്തിയത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. അനുജന്‍ ഷൈന് ഉമ്മുല്‍ ഖുവൈനിലാണ് ജോലി. വിവരമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും ഷൈജു ജീവിച്ചിരിക്കുന്നുണ്ടാകുമെന്നായിരുന്നു ബന്ധുക്കളുടെയും മറ്റും വിശ്വാസം. എന്നാല്‍ മരണവിവരമറിഞ്ഞതോടെ കുടുംബവും നാട്ടിലും ഇവിടെയുമുള്ള സുഹൃത്തുക്കളും ദുഃഖത്തിലായി.
ആത്മഹത്യാ വാര്‍ത്തകള്‍ പ്രവാസലോകത്ത് പുതുമയല്ലെങ്കിലും കാണാതായ ആളുടെ അസ്ഥികൂടം കണ്ടെത്തുന്നത് അപൂര്‍വ സംഭവമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.