Connect with us

Gulf

പുസ്തകമേളയില്‍ ഇന്ത്യന്‍ സാന്നിധ്യം വര്‍ധിക്കും

Published

|

Last Updated

ദുബൈ: അഞ്ചിന് തുടങ്ങുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഇത്തവണ ഇന്ത്യയില്‍ നിന്ന് നിരവധി എഴുത്തുകാരും പ്രസാധകരും എത്തുമെന്ന് മേളയുടെ ഫോറിന്‍ അഫയേര്‍സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാറും ഡിസി ബുക്‌സ് സി ഇ ഒ രവി ഡി സിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11 ദിവസം നീളുന്ന മേളയില്‍ നൂറിലേറെ പ്രസാധകരാണ് പങ്കടുക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 780 ഓളം സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. 12 ലക്ഷം സന്ദര്‍ശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
അഞ്ചിന് ബുധനാഴ്ച രാവിലെ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 12 മണിക്ക് ഇന്ത്യന്‍ പവലിയന്‍ യു എ ഇ യിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാമും ഉദ്ഘാടനം ചെയ്യും. വിലയില്‍ 20 മുതല്‍ 30 ശതമാനം വരെ ഇളവുകളാണ് പുസ്തകങ്ങള്‍ക്കായി നല്‍കുന്നത്. മുപ്പതിലേറെ എഴുത്തുകാരും ഇത്തവണ മേളയിലെത്തുന്നുണ്ട്. ഇതും സര്‍വകാല റിക്കാര്‍ഡാണ്. ലോകപ്രശസ്ത എഴുത്തുകാരനായ ഡാന്‍ ബ്രൗണ്‍ വ്യാഴാഴ്ച രാത്രി ഏഴരക്ക് പ്രസംഗിക്കും. രാത്രി ഒമ്പതിന് നടി മഞ്ജുവാര്യര്‍ സദസുമായി സംവദിക്കും. വെള്ളിയാഴ്ച ആറ് മണിക്ക് സാഹിത്യ അക്കാദമിയുടെ ചടങ്ങില്‍ കവി ആലാങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തും. രാത്രി എട്ടരക്ക് നടക്കുന്ന കവി സമ്മേളനത്തില്‍ സുഗതകുമാരി, കെ ജി ശങ്കരപ്പിള്ള, കുരീപ്പുഴ ശ്രീകുമാര്‍, വി മധുസൂദനന്‍ നായര്‍, പ്രഭാ വര്‍മ, പി പി രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കുമെന്ന് രവി ഡി സി പറഞ്ഞു.
ശനിയാഴ്ച അഞ്ചരക്ക് എഴുത്തും രാഷ്ട്രീയവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍, സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, എന്‍ ബി ടി ചെയര്‍മാന്‍ സേതു, കവി ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും. രാത്രി ഗായകനോടൊത്ത് ഒരു സായാഹ്നം എന്ന പരിപാടിയില്‍ ജി വേണുഗോപാല്‍, മധുസൂദനന്‍ നായര്‍, പ്രഭാ വര്‍മ്മ എന്നിവര്‍ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ പത്തിന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ കുട്ടികളുമായി സംവദിക്കും. രാത്രി എട്ടരക്കുള്ള പൊതുസമ്മേളനത്തിലും തരൂര്‍ പ്രസംഗിക്കും. 11ന് രാത്രി എട്ടരക്ക് പ്രശസ്ത എഴുത്തുകാരനായ ശിവ് ഖേര, 13 ന് അമിതാവാ ഘോഷ്, 14 ന് ആറരക്ക് കെ ആര്‍ മീര, എട്ടരക്ക് ചേതന്‍ ഭഗത്ത് എന്നിവരും പ്രസംഗിക്കും. ഗള്‍ഫ് മലയാളികള്‍ക്കിടയിലെ നിരവധി എഴുത്തുകാരുടെ പുസ്തകങ്ങളും മേളയില്‍ വിവിധ ദിവസങ്ങളിലായി പ്രകാശനം ചെയ്യുന്നുണ്ട്.
ഡിസി ബുക്‌സ് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് പരിപാടിയില്‍ ടെറി ഓബ്രിയാന്‍ ക്വിസ് മാസ്റ്ററായിരിക്കും. കുട്ടികള്‍ക്കായി പ്രമുഖ വ്യക്തികളുമായുള്ള ചര്‍ച്ചകളും എല്ലാ വാരാന്ത്യങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഇതിനായി കുട്ടികള്‍ നേരത്തെ പേര് നല്‍കണം. അമേരിക്കന്‍ ലൈബ്രറി അസോസിയേഷനില്‍ അംഗങ്ങളായിട്ടുള്ള നാനൂറിലേറെ ലൈബ്രറികളും ഇത്തവണത്തെ മേളക്ക് എത്തുന്നുണ്ട്. പാചക വിദഗ്ദരായ ഡോ. ലക്ഷ്മി നായര്‍ ഏഴിനും അനില്‍കുമാര്‍ 14നും കുക്കറി ഷോയില്‍ പങ്കെടുക്കും. വാണിജ്യാടിസ്ഥാനത്തിലല്ലാതെ ലോകത്ത് നടക്കുന്ന മേള എന്നതാണ് ഷാര്‍ജ പുസ്തകോല്‍സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും ലോകത്തിലെ എണ്ണപ്പെട്ട മേളകളിലൊന്നായി ഇത് വളര്‍ന്നുകഴിഞ്ഞുവെന്നും മോഹന്‍കുമാര്‍ പറഞ്ഞു.