Connect with us

National

കള്ളപ്പണം: മുഴുവന്‍പേരുകളും പുറത്തുവിടണം;സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശ ബേങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ച മുഴുവന്‍ വ്യക്തികളുടെയും വിവരങ്ങള്‍ ഇന്നോടെ പുറത്ത് വിടണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം. മുഴുവന്‍ പേരുകളും സീല്‍വെച്ച കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. മൂന്ന് പേരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഏറെ പ്രതീക്ഷിച്ചിരുന്ന ലിസ്റ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ പേരുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം വിദേശത്തുള്ള മുഴുവന്‍ വ്യക്തികളുടെയും അക്കൗണ്ടുകള്‍ അനധികൃതമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പേരുകള്‍ പുറത്ത് വിടാന്‍ സര്‍ക്കാറിന് ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. ചില കരാറുകള്‍ എല്ലാവരുടെയും പേരുകള്‍ പുറത്ത് വിടുന്നതിന് തടസ്സമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യത്തിലാണ് മുഴുവന്‍ പേരുകളും ഇന്നോടെ പുറത്തുവിടണമെന്ന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വിദേശത്തെ കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് 2011ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പരിഷ്‌കരിക്കാന്‍ കോടതിക്ക് ഉദ്ദേശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ എല്‍ ദത്തു ഉള്‍പ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി. ഈ ഉത്തരവില്‍ വ്യക്തത വരുത്താനോ പരിഷ്‌കരിക്കാനോ സര്‍ക്കാറിന് ആവശ്യപ്പെടാനാകില്ല. കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിന് സര്‍ക്കാറിന് ഉത്തരവിടാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണക്കാരെ സര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്നും അവര്‍ക്ക് എന്തിനാണ് കുട പിടിക്കുന്നതെന്നും കോടതി ചോദിച്ചു. 2009 മുതലുള്ള മുഴുവന്‍ കള്ളപ്പണ നിക്ഷേപകരുടെയും പേര് പുറത്ത് വിടണമെന്ന് ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരുന്ന സുപ്രീം കോടതി 2011ല്‍ ഉത്തരവിട്ടിരുന്നു. അതേസമയം ചില പേരുകള്‍ മാത്രം പുറത്തുവിട്ടതില്‍ സര്‍ക്കാറിന് പാര്‍ട്ടിയില്‍ നിന്നും പുറത്തുനിന്നും രൂക്ഷ വിമര്‍ശമാണ് കേള്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസത്തെ സര്‍ക്കാറിന്റെ വെളിപ്പെടുത്തലിനെ മുതിര്‍ന്ന അഭിഭാഷകനും കള്ളപ്പണ നിക്ഷേപം സംബന്ധിച്ച കേസിലെ ഹരജിക്കാരനുമായ രാം ജത്മലാനി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വമ്പന്‍ സ്രാവുകളുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വെളിപ്പെടുത്തല്‍ മല എലിയെ പ്രസവിച്ചതു പോലെയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ബി ജെ പി സര്‍ക്കാര്‍ പുറത്ത് വിട്ട പേരുകള്‍ നേരത്തെ യു പി എ സര്‍ക്കാര്‍ പുറത്ത് വിട്ടവയാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ചിലയാളുകളുടെ പേരുകള്‍ മാത്രം പുറത്തുവിട്ടതിനു പിന്നില്‍ സര്‍ക്കാറിന്റെ താത്പര്യം മനസ്സിലാകുമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ആരോപിച്ചു.
വിദേശ ബേങ്കുകളിലുള്ള അമ്പതിനായിരം കോടി രൂപയുടെ കള്ളപ്പണം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാം ജത്മലാനി 2009ല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇത് സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവ് പരിഷ്‌കരിക്കണമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം കള്ളപ്പണ വിഷയത്തില്‍ സര്‍ക്കാറിന് ആരെയും സംരക്ഷിക്കാന്‍ താത്പര്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. കേസ് ഏത് ഏജന്‍സി അന്വേഷിക്കുന്നതിനും സര്‍ക്കാറിന് വിരോധമില്ല. കഴിഞ്ഞ ജൂണ്‍ 27 ന് പ്രത്യേക അന്വേഷണ സംഘത്തിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് മറ്റ് പല രാജ്യങ്ങളുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.