Connect with us

Malappuram

മങ്കടയില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ദുരിതം

Published

|

Last Updated

മങ്കട: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ദുരിതം. ഇതെതുടര്‍ന്ന് വിദ്യാര്‍ഥികള്‍ വീട്ടിലെത്താന്‍ ഇരുട്ടുന്നു. മങ്കട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എഴുപത് ശതമാനം വിദ്യാര്‍ഥികളും യാത്രക്ക് സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.
ഇവിടെ അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇവിടത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ഇവിടെ യാത്രക്കാരായുണ്ട്. അങ്ങാടിപ്പുറം മേല്‍പ്പാലവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗാതാഗതക്കുരക്ക് കാരണം പറഞ്ഞ് ഇവിടെ സ്വകാര്യ ബസുകള്‍ നിറുത്താതെ പോകുന്നതാണ് വിദ്യാര്‍ഥികളുടെ ഈ യാത്രാ ദുരിതത്തിന് കാരണമാകുന്നത്. സ്വകാര്യ ബസുകള്‍ മറ്റ് സ്റ്റോപ്പുകളില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും ബസ് ജീവനക്കാര്‍ സമയം കണ്ടെത്തുമ്പോള്‍ മങ്കട ഹൈസ്‌കൂള്‍പടിയിലെ താഴെ സ്റ്റോപ്പില്‍ എത്തുമ്പോള്‍ സമയമില്ലാതെ പോകുകയാണ് പതിവ്. മങ്കട പോലീസ് സ്റ്റേഷന്‍ നിലവില്‍ വന്നയുടനെ വനിതാ പോലീസ് അടക്കം രണ്ട് പേരെ ഇവിടെ സ്‌കൂള്‍ സമയത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാല്‍ കുറച്ച് കാലത്തിന് ശേഷം ഇവരെ പിന്‍വലിച്ചു. ഇപ്പോള്‍ നിരന്തരമായി ഗതാഗത കുരുക്കിന്റെ പേരില്‍ ബസുകള്‍ കുട്ടികളെ കയറ്റാതെ പോയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. നേരത്തെ സ്‌കൂള്‍ പി ടി എയുടെ നിര്‍ദേശ പ്രകാരം അധ്യാപകരും വിദ്യാര്‍ഥികളെ ബസില്‍ കയറുന്നതിന് സഹായിച്ചിരുന്നു.
പോലീസ് സംവിധാനം വന്നതോടു കൂടി ഇത് നിര്‍ത്തലാക്കിയിരുന്നു. മഞ്ചേരി ഭാഗത്തേക്ക് ബസ് കാത്ത് നില്‍ക്കുന്ന സ്ഥലത്ത് വെയ്റ്റിംഗ് ഷെഡ് ഇല്ലാത്തതും യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയാസമാകുന്നുണ്ട്. വൈകുന്നേരത്തെ മഴ ഏറെയും വിദ്യാര്‍ഥികള്‍ കൊള്ളേണ്ട അവസ്ഥയാണ്. സ്വകാര്യ ബസുകള്‍ നിര്‍ത്താതെ പോകുന്നതിനാല്‍ ഉള്‍പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ വീട്ടിലെത്താന്‍ ഏറെ വൈകുന്നുണ്ട്. ഇപ്പോള്‍ നേരത്തെ ഇരുട്ടുന്നതും വൈകുന്നേരങ്ങളിലെ മഴയും കുട്ടികള്‍ക്ക് കൂടുതല്‍ ദുരിതമാകുകയാണ്.

---- facebook comment plugin here -----