Connect with us

National

സ്വത്ത് വെളിപ്പെടുത്താതെ നാനൂറിലേറെ എം പിമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന അംഗങ്ങളായ എല്‍ കെ അഡ്വാനി, സോണിയാ ഗാന്ധി, രാജ്‌നാഥ് സിംഗ്, രാഹുല്‍ ഗാന്ധി എന്നിവരടക്കം 400ലേറെ പാര്‍ലിമെന്റംഗങ്ങള്‍ തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. 401 അംഗങ്ങളുടെ സ്വത്ത് വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് നല്‍കിയ മറുപടിയില്‍ പറയുന്നു.
2004ലെ ലോക്‌സഭാ അംഗങ്ങളുടെ സ്വത്ത് പ്രഖ്യാപന നിയമ പ്രകാരം, സത്യപ്രതിജ്ഞ ചെയ്ത് 90 ദിവസത്തിനകം സ്വത്ത് പ്രഖ്യാപിക്കണം. കേന്ദ്ര മന്ത്രിമാരായ സുഷമാ സ്വരാജ്, ഉമാ ഭാരതി, നിതിന്‍ ഗാഡ്കരി, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് എന്നിവരും പാര്‍ലിമെന്റ് സെക്രട്ടറിയേറ്റ് മുമ്പാകെ സ്വത്ത് പ്രഖ്യാപനം നടത്തിയിരുന്നു. അതേസമയം, കേന്ദ്ര മന്ത്രിമാര്‍ പി എം ഒയുടെ ഓഫീസില്‍ സ്വത്ത് വിവരം സമര്‍പ്പിച്ചിട്ടുണ്ട്. വിവരാവകാശ അപേക്ഷ ലഭിച്ച സെപ്തംബര്‍ 26 വരെ ഇതുസംബന്ധിച്ച ഒരു ആശയവിനിമയം നടത്തിയിട്ടില്ല.
സ്വത്ത് വിവരം കൈമാറാത്ത എം പിമാരില്‍ 209 പേര്‍ ബി ജെ പിയില്‍ നിന്നാണ്. കോണ്‍ഗ്രസിലെ 31ഉം തൃണമൂല്‍ കോണ്‍ഗ്രസിലെ 27ഉം ബി ജെ ഡിയിലെ 18ഉം ശിവസേനയിലെ 15ഉം ടി ഡി പിയിലെ 14ഉം എ ഐ എ ഡി എം കെയിലെ ഒമ്പതും ടി ആര്‍ എസിലെ എട്ടും വൈ എസ് ആര്‍ കോണ്‍ഗ്രസിലെ ഏഴും ലോക് ജന്‍ശക്തി പാര്‍ട്ടിയിലെ ആറും എന്‍ സി പി, സി പി എം, സമാജ്‌വാദി പാര്‍ട്ടി എന്നിവയിലെ നാല് വീതവും അകാലി ദള്‍, ആര്‍ ജെ ഡി, എ എ പി എന്നിവയിലെ മൂന്ന് വീതവും ജെ ഡി യു, അപ്‌നാ ദള്‍ എന്നിവയിലെ രണ്ട് വീതവും പേര്‍ സ്വത്ത് പ്രഖ്യാപനം നടത്തിയിട്ടില്ല. സ്വത്ത് പ്രഖ്യാപന നിയമത്തിലെ അഞ്ച്, ആറ് വകുപ്പുകള്‍, 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 75 എ വകുപ്പ് എന്നിവ പ്രകാരം കൃത്യവിലോപം കാണിച്ച എം പിമാര്‍ക്കെതിരെ നടപടിയെടുക്കാം. കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍, രാധാ മോഹന്‍ സിംഗ്, ആനന്ദ് ഗീതെ, ആനന്ദ് കുമാര്‍, രാംവിലാസ് പാസ്വാന്‍, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, വീരപ്പ മൊയ്‌ലി, മെഹബൂബ മുഫ്തി, ഉപേന്ദ്ര കുഷ്‌വാഹ, കിരണ്‍ റിജിജു, സുപ്രിയ സുലെ എന്നിവരും സ്വത്ത് വെളിപ്പെടുത്താത്ത എം പിമാരില്‍ പ്രമുഖരാണ്.

Latest