Connect with us

Gulf

മിന മേഖലയില്‍ രൂപപ്പെടുക 30,000 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍

Published

|

Last Updated

ദുബൈ: മിന(മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക) മേഖലയില്‍ അടുത്ത ഏതാനും വാര്‍ഷങ്ങള്‍ക്കിടയില്‍ 30,000 കിലോമീറ്റര്‍ റെയില്‍വേ ലൈനാവും യാഥാര്‍ഥ്യമാവുകയെന്ന് മീഡ് പ്രൊജക്ട് അനലിസ്റ്റ് ഡയറക്ടര്‍ ഇഡ് ജെയിംസ്. ഇതിനുള്ള നാന്ദിയാണ് ദുബൈ മെട്രോയിലൂടെ കുറിക്കപ്പെട്ടിരിക്കുന്നത്. ദുബൈ മെട്രോയുടെ വിജയകഥയാണ് ചുറ്റുമുള്ള രാജ്യങ്ങള്‍ക്ക് ഈ രംഗത്ത് മുതല്‍ മുടക്കാന്‍ പ്രചോദനമായത്. ദുബൈ നയിക്കുകയും മറ്റുള്ളവര്‍ അതിനെ പിന്തുടരുന്നതുമാണ് മേഖലയില്‍ കണ്ടുവരുന്നതെന്നും ദുബൈയിലെ മിന റെയില്‍ ആന്‍ഡ് മെട്രോ സമ്മിറ്റില്‍ സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു.
റെയില്‍വേ രംഗത്ത് മേഖലയിലെ രാജ്യങ്ങള്‍ നൂറു കണക്കിന് കോടി ഡോളറാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ മുഖ്യ പശ്ചാത്തല വികസ പദ്ധതിയായി റെയില്‍വേ ലൈന്‍ നിര്‍മാണം മാറിയിരിക്കയാണ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മേഖലയില്‍ 30,000 കിലോമീറ്റര്‍ റെയില്‍വേ ലൈനാവും സാക്ഷാത്ക്കരിക്കപ്പെടുക. ഇതോടെ മേഖല വന്‍ വികസനത്തിലേക്ക് വഴി മാറും. നിലവില്‍ മരൂഭൂമിയായി ആളും അനക്കവുമില്ലാതെ കിടക്കുന്ന മേഖലകളെല്ലാം വികസനത്തിലൂടെ മുഖ്യധാരയിലേക്ക് പ്രവേശിക്കും. ദുബൈ മെട്രോ എന്നപോലെ റെയില്‍വേ വികസനത്തിലും യു എ ഇ സ്വപ്‌നപദ്ധതിയായ ഇത്തിഹാദ് റെയിലുമായി മുമ്പിലുണ്ടെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മേഖലയില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ നടത്തിയ പ്രധാന നിര്‍മാണ പ്രവര്‍ത്തനമായിരുന്നു മെട്രോ ചുവപ്പ് പാതയും പച്ച പാതയും. 381 കോടി ഡോളറായിരുന്നു ഇതിനായി ചെലവഴിച്ചത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും മൂല്യമുള്ള പശ്ചാത്തല വികസന പദ്ധതികളില്‍ ഒന്നുകൂടിയാിരുന്നു മെട്രോ പദ്ധതി. ജി സി സി റെയില്‍ പദ്ധതിയുടെ ഭാഗമാവാന്‍ യമനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം റെയില്‍വേ പദ്ധതിയുടെ 28 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യു എ ഇ പൂര്‍ത്തീകരിച്ചിരുന്നു. ഇത്തിഹാദ് റെയില്‍ ജി സി സി മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാവുമെന്ന് ഇത്തിഹാദ് അധികൃതര്‍ നേരത്ത വ്യക്തമാക്കിയിരുന്നു. 2018ല്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ജി സി സി മേഖലയിലെ വ്യവസായ മേഖലകളെയും ജനസാന്ദ്രതയുള്ള പട്ടണങ്ങള്‍ ഉള്‍പ്പെടെയുള്ളവയെയും പരസ്പരം ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതോടൊപ്പം അസംസ്‌കൃത വസ്തുക്കളും വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാന്‍ കൂടുതല്‍ എളുപ്പമാവും. മൂന്നു ഘട്ടമായാണ് റെയില്‍ പദ്ധതി പൂര്‍ത്തീകരിക്കുക. ആദ്യഘട്ടത്തില്‍ 266 കിലോമീറ്റര്‍ റെയില്‍പാതയാവും നിര്‍മിക്കുക. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയും എണ്ണ സമ്പന്ന കേന്ദ്രവുമായ അല്‍ റുവൈസിനും ഷാഹിനും ഇടയിലാവും ഇത്. അബുദാബി നാഷനല്‍ ഓയല്‍ കമ്പനി(അഡ്‌നോക്)യുമായി സഹകരിച്ചാണ് ഈ പാത യാഥാര്‍ഥ്യമാക്കുക.
2018 ആവുമ്പോഴേക്കും ജി സി സി മേഖലയിലെ ആറു രാജ്യങ്ങളെയും ബന്ധിപ്പിച്ച് 2,177 കിലോമീറ്റര്‍ റെയില്‍പാതയാവും യാഥാര്‍ഥ്യമാവുക. ഇതോടെ കടല്‍, വായു യാത്രാ മര്‍ഗത്തിന് ബദലായി റെയില്‍ പദ്ധതി മാറുമെന്ന് റിയാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജി സി സി സെക്രട്ടേറിയറ്റ് ജനറലിന്റെ ലോക ബേങ്ക് ഉപദേശകനായ ഡോ. റാമിസ് അല്‍ അസര്‍ ഒക്ടോബറില്‍ വ്യക്തമാക്കിയിരുന്നു. 73,400 കോടി ദിര്‍ഹമാണ് ഈ പദ്ധതിയുടെ മൊത്തം ചെലവായി കണക്കാക്കുന്നത്. കുവൈത്തില്‍ നിന്നും ആരംഭിച്ച് സഊദി അറേബ്യ, യു എ ഇ, ഒമാന്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന റെയില്‍ പദ്ധതിയെ ബഹ്‌റൈനും ഖത്തറുമായി ബന്ധിപ്പിക്കും. അബുദാബിയാണ് റെയില്‍ പദ്ധതിക്ക നേതൃത്വം നല്‍കുന്നത്. 4,000 കോടി ദിര്‍ഹമാണ് അബുദാബി പദ്ധതിക്കായി ചെലവഴിക്കുക. 1,200 കിലോമീറ്ററായിരിക്കും യു എ ഇയിലെ റെയില്‍പാതയുടെ മൊത്തം നീളം.
രണ്ടാം ഘട്ടത്തില്‍ അബുദാബിയെ ദുബൈയുമായി റെയില്‍ മാര്‍ഗം ബന്ധിപ്പിക്കും. ഇത്തിഹാദ് റെയില്‍ പദ്ധതിയെ ജബല്‍ അലിയിലെ അല്‍ മക്തൂം എയര്‍പോര്‍ട്ടുമായും മുസഫ്ഫ വ്യവസായ മേഖലയുമായും ഖലീഫ പോര്‍ട്ടുമായും ബന്ധിപ്പിക്കും. രണ്ടാം ഘട്ടം 2016ലും മൂന്നാം ഘട്ടം 2017ലും പൂര്‍ത്തീകരിക്കാനാണ് പദ്ധതി.
ഒമാന്റെ റെയില്‍വേ വികസനം പൂര്‍ണമായും പൂര്‍ത്തിയാവുന്നതോടെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 2,244 കിലോമീറ്റര്‍ റെയില്‍പാതയാവും സാക്ഷാത്ക്കരിക്കുക. ഈ പാത പൂര്‍ത്തയാവുന്നതോടെ ജി സി സി പാതയുടെ ദൈര്‍ഘ്യം വീണ്ടും വര്‍ധിക്കും.
സമാനമായ വികസന പ്രവര്‍ത്തനങ്ങള്‍ സഊദിയിലും ഖത്തറിലും ബഹ്‌റൈനിലും കുവൈത്തിലും നടപ്പാക്കുമെന്നതിനാല്‍ റെയില്‍പാതയുടെ മൊത്തം നീളം 30,000 കിലോമീറ്ററോളമാവും.

 

---- facebook comment plugin here -----

Latest