Connect with us

Kozhikode

കലക്ടറേറ്റ് പരിസരം ഇനി പുകവലിരഹിതം

Published

|

Last Updated

smokingകോഴിക്കോട്: ജില്ലയിലെ മറ്റു തൊഴില്‍സ്ഥാപനങ്ങള്‍ക്കു മാതൃകയായി കോഴിക്കോട് കലക്ടറേറ്റ് പുകവലി രഹിതമായി മാറുന്നു. ഇതിന്റെ ഭാഗമായി രണ്ട് നിലകളുള്ള കലക്ടറേറ്റിന്റെ പ്രവേശ കവാടങ്ങളിലും മറ്റു പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചു. 

ഇന്ത്യയിലെ പുകയില നിയന്ത്രണ നിയമമായ കോട്പ 2003 നെ അടിസ്ഥാനമാക്കിയാണ് ഇത് നടപ്പാക്കുന്നത്. കോട്പ അനുശാസിക്കുന്നതനുസരിച്ച് വെളുപ്പും കറുപ്പും ചുവപ്പും നിറങ്ങളുള്ള “ഇവിടെ പുകവലി ശിക്ഷാര്‍ഹം” എന്നെഴുതിയ ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കലക്ടറേറ്റിലും പരിസരങ്ങളിലും പുകവലിക്കരുതെന്ന് ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കലക്ടര്‍ സി എ ലത നിര്‍ദേശം നല്‍കി.
പുകവലിക്കു സൗകര്യമൊരുക്കുന്ന ആഷ്ട്രേകള്‍, തീപ്പെട്ടികള്‍, ലൈറ്ററുകള്‍ തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്. സുരക്ഷിതവും ആരോഗ്യദായകവുമായ തൊഴിലിടങ്ങളുണ്ടാകാന്‍ ഓഫീസുകളെ പുകയില രഹിതമാക്കുന്നത് സഹായിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. എല്ലാ തൊഴിലിടങ്ങളും പുകയില രഹിതമാക്കാന്‍ ഓഫീസ് മേധാവികളോട് കലക്ടര്‍ അഭ്യര്‍ഥിച്ചു.
കലക്ടറേറ്റിലെ ഏതെങ്കിലും വിധത്തിലുള്ള പുകയില നിരോധന ലംഘനം കണ്ടെത്താനും സംവിധാനമേര്‍പ്പെടുത്തി. ഇതിനായി എ ഡി എം രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഇദ്ദേഹത്തെ വിവരമറിയിക്കണം. കോട്പയിലെ നാലാം വകുപ്പു പ്രകാരവും 2008 ലെ പൊതുസ്ഥലത്തെ പുകവലി നിരോധ നിയമപ്രകാരവും പൊതുസ്ഥലങ്ങളില്‍ പൊതുജനം സന്ദര്‍ശിക്കുന്ന സ്ഥലം പുക വലിക്കുന്നത് തടഞ്ഞിട്ടുള്ളതും ലംഘിക്കുന്നവരില്‍ നിന്ന് 200 രൂപ വരെ പിഴ ഈടാക്കാവുന്നതുമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, ആശുപത്രി മന്ദിരങ്ങള്‍, തൊഴിലിടങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയവയെല്ലാം കോട്പ പ്രകാരം പൊതുസ്ഥലമെന്ന് പരിഗണിക്കപ്പെടുന്നതാണ്.