Connect with us

National

80,000 കോടിയുടെ പ്രതിരോധ ഇടപാടിന് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: 80,000 കോടി രൂപയുടെ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇസ്‌റാഈലില്‍ നിന്ന് 8000 ടാങ്ക് വേധ മിസൈലുകളും 12 ഡോര്‍ണിയര്‍ നിരീക്ഷണ വിമാനങ്ങളും തദ്ദേശീയമായി നിര്‍മിക്കുന്ന ആറ് അന്തര്‍വാഹിനികള്‍ക്കുള്ള സാമഗ്രികളുമാണ് വാങ്ങുക. പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷനായുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് തീരുമാനം കൈക്കൊണ്ടത്. രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രതിരോധ സെക്രട്ടറി, മൂന്ന് സേനകളുടെയും തലവന്‍മാര്‍, ഡി ആര്‍ ഡി ഒ മേധാവി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അത്യാധുനികവും ശേഷി കൂടിയതുമായ ആയുധങ്ങള്‍ വേണമെന്ന നാവിക സേനയുടെ പ്രത്യേക ആവശ്യത്തെ തുടര്‍ന്നാണ് ഈ പദ്ധതി. ആറ് അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിന് 50000 കോടി രൂപ ചെലവ് വരും. 3200 കോടി രൂപക്കാണ് ഇസ്‌റാഈലില്‍ നിന്ന് 8356 ടാങ്ക് വേധ മിസൈലുകള്‍ വാങ്ങുന്നത്. യു എസിന്റെ ജാവലിന്‍ മിസൈലുകളേക്കാള്‍ കൂടുതല്‍ വരുമിത്. മിസൈലിന് 321 ലോഞ്ചറുകളും വാങ്ങും. 1850 കോടി രൂപക്കാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ നിന്ന് 12 ഡോര്‍ണിയര്‍ ചാര വിമാനങ്ങള്‍ വാങ്ങുന്നത്. മേഡകിലെ ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡില്‍ നിന്ന് 662 കോടി രൂപക്ക് 362 കാലാള്‍പ്പടക്കുള്ള വാഹനങ്ങളും വാങ്ങും. 662 കോടി രൂപ ചെലവഴിച്ച് 7.5 ടണ്‍ റേഡിയോ കണ്ടെയ്‌നറുകളുടെ 1761 യൂനിറ്റുകളും 740 കോടി രൂപ ചെലവില്‍ സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോകാനുള്ള 1768 പ്രത്യേക വാഹനങ്ങളും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.
അന്തര്‍വാഹിനി നിര്‍മാണത്തിന് വേണ്ടി പൊതു, സ്വകാര്യ ഷിപ്പ്‌യാര്‍ഡുകളെ സംബന്ധിച്ച് പഠിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ കമ്മിറ്റിയെ സംവിധാനിച്ചിട്ടുണ്ട്. ആറ്- എട്ട് ആഴ്ചകള്‍ക്കുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാവിക സേനക്ക് നിലവില്‍ പ്രവര്‍ത്തന സജ്ജമായ 13 അന്തര്‍വാഹിനികളാണ് ഉള്ളത്. 2030ഓടെ ഇവയുടെ എണ്ണം 24 ആക്കണമെന്ന് 1999ല്‍ പദ്ധതിയിട്ടിരുന്നു. യു പി എ സര്‍ക്കാര്‍ ആറ് സ്‌കോര്‍പിന്‍ അന്തര്‍വാഹിനി നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ഇവയില്‍ ആദ്യത്തേത് 2016ലേ പുറത്തിറങ്ങൂ. എന്‍ ഡി എ സര്‍ക്കാറിന്റെ മേക് ഇന്‍ ഇന്ത്യ പദ്ധതിയെ തുടര്‍ന്നാണ് അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിക്കുന്നത്. ക്രൂയിസ് മിസൈലുകള്‍ ഘടിപ്പിച്ച് കരയാക്രമണത്തിനും ഇവ ഉപയോഗിക്കാം.

Latest