ഈജിപ്തിലെ സീനായില്‍ അടിയന്തരാവസ്ഥ

Posted on: October 26, 2014 6:00 am | Last updated: October 25, 2014 at 10:31 pm

egipt emergencyകൈറോ: ഈജിപ്തിലെ സീനായില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് ഇവിടെ മുപ്പതിലധികം സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ മുതല്‍ മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥയെന്ന് ഒരു പ്രസ്താവനയില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ജനകീയ വിപ്ലവത്തിനൊടുവില്‍ സൈന്യം അധികാരം പിടിച്ചെടുത്ത ശേഷം ഇവിടെ സൈനികര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു.
സൈനികരുടെ മരണത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനും ഉത്തവിട്ടിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം വരെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
സീനായ് പ്രവിശ്യ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ഭൂമിയായി മാറിയിരിക്കുകയാണെന്ന് ദേശീയ പ്രതിരോധ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത ശേഷം സീസി ചൂണ്ടിക്കാട്ടി. മാസങ്ങളായി ഭീകരവാദത്തിനെതിരെ ഈജിപ്ത് പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും ഈജിപ്തുകാരുടെയും സൈന്യത്തിന്റെയും ഇടയില്‍ വിടവ് സൃഷ്ടിക്കാന്‍ ആര്‍ക്കും സാധ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച വൈകുന്നേരമാണ് കര്‍മ് അല്‍ ഖവാദിസില്‍ സൈനിക ചെക് പോയിന്റിന് നേരെ ചാവേര്‍ ആക്രമണം നടന്നത്. ചെക്‌പോയിന്റിന് സമീപമെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ സൈനിക വാഹനം പൂര്‍ണമായും തകര്‍ന്നു. ഇതിന് ശേഷം ആക്രമണകാരികള്‍ സ്ഥലത്തെത്തി റോക്കറ്റ് ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ച് സൈനികരെ കൊലപ്പെടുത്തുകയായിരുന്നു. 30 പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്.
ഇതിന് പുറമെ കഴിഞ്ഞ ദിവസം അല്‍അറിഷില്‍ ചെക്‌പോയിന്റിന് നേരെ നടന്ന മറ്റൊരു ആക്രമണത്തില്‍ മൂന്ന് സൈനികരും കൊല്ലപ്പെട്ടിരുന്നു.
മുന്‍ ഈജിപ്ത് പ്രസിഡന്റ് മുര്‍സി അധികാരഭ്രഷ്ടനായതിലുള്ള ചിലരുടെ പകയാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക ചൂണ്ടിക്കാട്ടി.
ആക്രമണത്തിന് പിന്നില്‍ സായുധസംഘമായ അന്‍സാര്‍ ബൈത്തുല്‍ മഖ്ദിസ് സംഘമാണെന്ന് കരുതപ്പെടുന്നു. മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവായിരുന്ന മുര്‍സി കഴിഞ്ഞ വര്‍ഷമാണ് ജനകീയ വിപ്ലവത്തിനൊടുവില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് മുസ്‌ലിം ബ്രദര്‍ഹുഡിനെ ഈജിപ്ത് ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.