Connect with us

Palakkad

അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തും

Published

|

Last Updated

പാലക്കാട്: നവജാത ശിശുക്കള്‍ മരിച്ച അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ ഗര്‍ഭിണികളുടെ ആരോഗ്യസുരക്ഷ ഉറപ്പു വരുത്താന്‍ അഗളിയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. അട്ടപ്പാടിയിലെ 186 സമൂഹ അടുക്കളകളും പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാനും ധാരണയായി.
അഗളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന യോഗത്തില്‍ അഡ്വ. എന്‍.ഷംസുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ പി ബി നൂഹ് സംബന്ധിച്ചു. 10 മാസത്തിനുളളില്‍ 10 നവജാത ശിശുക്കളാണ് അട്ടപ്പാടിയില്‍ മരിക്കാനിടയായത്. അട്ടപ്പാടിയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ യോഗം വിലയിരുത്തി. ഒക്‌ടോബര്‍ 19 ന് കുറുക്കത്തിക്കല്ലിലാണ് ഒടുവില്‍ നവജാതശിശു മരിച്ചത്. കനത്ത മഴയില്‍ വിദൂര പ്രദേശമായ കുറുക്കത്തിക്കല്ലില്‍ വാഹനമെത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
ഗര്‍ഭിണികള്‍ക്ക് യഥാസമയം ആശുപത്രികളില്‍ ചികിത്സ നല്‍കാന്‍ എസ് സി പ്രമോട്ടര്‍ ജെ പി എച്ച് എന്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ മുന്നിട്ടിറങ്ങണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി. സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ആരോഗ്യവകുപ്പിന് ലഭ്യമാക്കാനുളള തുക നല്‍കും. രോഗിക്ക് 180 രൂപയും കൂട്ടിരിപ്പുകാര്‍ക്ക് 200 രൂപയും നല്‍കുന്ന പദ്ധതി തുടരും.
അട്ടപ്പാടിയില്‍ 74 ഗര്‍ഭിണികളാണ് നവംബര്‍ 14 വരെ പ്രസവത്തിനായുളളത്. ഇതില്‍ അതീവ ശ്രദ്ധ ആവശ്യമുളള 29 ഗര്‍ഭിണികളുടെ ആരോഗ്യകാര്യങ്ങള്‍ തുടര്‍ച്ചയായി പരിശോധിച്ച് ചികിത്സ നല്‍കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി.
അട്ടപ്പാടിയില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പു വരുത്താനുളള നടപടികള്‍ സ്വീകരിക്കും. അഗളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സ്‌കാനിങിനായി ഒരു റേഡിയോളജിസ്റ്റിനെ നിയമിക്കാനും യോഗം നിര്‍ദ്ദേശിച്ചു.
186 സമൂഹ അടുക്കളകളില്‍ പ്രവര്‍ത്തിക്കാത്തവ അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കാന്‍ 60 ലക്ഷം രൂപ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രാജന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ജെ ആന്റണി, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മരുതി സുരേഷ്, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുരുകന്‍, ഡി എം ഒ (ആരോഗ്യം) ഡോ. കെ വേണുഗോപാല്‍, ഡെപ്യൂട്ടി ഡി എം ഒ നോഡല്‍ ഓഫീസര്‍ ഡോ. ആര്‍ പ്രഭുദാസ്, ഡി പി പി ഒ മായാലക്ഷ്മി, അട്ടപ്പാടി സ്‌പെഷ്യല്‍ പാക്കേജ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. സീമ ഭാസ്‌ക്കര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കോട്ടത്തല സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി, അഗളി സി എച്ച് സി പുത്തൂര്‍ പിഎച്ച് സി, ആനക്കട്ടി പി എച്ച് സി, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഐ ടി ഡി പി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍മാര്‍, സ്‌പെഷ്യല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ജെ പി എച്ച് എന്‍ കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Latest