Connect with us

National

അഞ്ച് മാസത്തിനിടെ കേന്ദ്ര മന്ത്രിമാരുടെ സ്വത്തില്‍ കോടികളുടെ വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി: അധികാരമേറ്റ് അഞ്ച് മാസത്തിനിടെ കേന്ദ്ര മന്ത്രിമാരുടെ സ്വത്തില്‍ കോടികളുടെ വര്‍ധന. റെയില്‍വേ മന്ത്രി ഡി വി സദാനന്ദ ഗൗഡ, ഖനവ്യവസായ സഹമന്ത്രി പി രാധാകൃഷ്ണന്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുടെ സ്വത്തിലാണ് വര്‍ധനയുണ്ടായത്. നാഷനല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകളാണ് ഇക്കാര്യം അറിയിച്ചത്.
ഗൗഡയുടെ സമ്പത്തില്‍ അഞ്ച് മാസത്തിനിടെ 10.46 കോടി രൂപയുടെ വര്‍ധനയുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വത്ത് വെളിപ്പെടുത്തുമ്പോള്‍ ഗൗഡയുടെ സ്വത്ത് 9.88 കോടി രൂപയായിരുന്നു. ഇപ്പോള്‍ 20.35 കോടിയായി വളര്‍ന്നു. ഘനവ്യവസായ സഹമന്ത്രി പി രാധാകൃഷ്ണന്റെ സമ്പത്തില്‍് 2.98 കോടി രൂപയുടെ വളര്‍ച്ചയാണുണ്ടായത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സ്വത്തില്‍ 1.01 കോടിയുടെ വര്‍ധനയുണ്ടായി.
കേന്ദ്ര മന്ത്രിസഭയില്‍ 41 പേര്‍ (91 ശതമാനം) കോടിപതികളാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ മന്ത്രിമാര്‍ സമര്‍പ്പിച്ച സ്വത്ത് പ്രഖ്യാപനത്തില്‍ പറയുന്നു. 114.03 കോടി രൂപയുടെ സമ്പത്തിന് ഉടമയായ അരുണ്‍ ജെയ്റ്റ്‌ലിയാണ് മന്ത്രിസഭയിലെ സമ്പന്നന്മാരില്‍ ഒന്നാം സ്ഥാനത്ത്. 108.31 കോടിക്ക് ഉടമയായ ഹര്‍സിംറാത്ത് കൗര്‍ ബാദല്‍ രണ്ടാം സ്ഥാനത്തും 94.66 കോടിയുടെ സമ്പത്തുള്ള പിയൂഷ് ഗോയല്‍ മൂന്നാം സ്ഥാനത്തുമാണ്.
മന്ത്രിയായ ശേഷം 16 പേരുടെ സമ്പത്തില്‍ കുറവുണ്ടായി. സുഷമാ സ്വരാജിന് മന്ത്രിയാകുമ്പോള്‍ 17.55 കോടി രൂപയുടെ സ്വത്തുണ്ടായിരുന്നതില്‍ അഞ്ച് മാസത്തിന് ശേഷം 3.89 കോടി രൂപയുടെ കുറവുണ്ടായി. വടക്കു കിഴക്കന്‍ മേഖലാ വികസന മന്ത്രി വി കെ സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവരുടെയും സ്വത്ത് കുറഞ്ഞിട്ടുണ്ട്. ഏകീകൃത രൂപത്തിലല്ല മന്ത്രിമാര്‍ സ്വത്ത് പരസ്യപ്പെടുത്തിയത്. സ്വത്തിന്റെ ഗണത്തില്‍ മൂല്യം എത്രയെന്ന് മന്ത്രിമാര്‍ വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മൂല്യം കണക്കാക്കുക പ്രയാസമാണെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു.

---- facebook comment plugin here -----

Latest