Connect with us

Thrissur

കുട്ടാടന്‍ പാടശേഖരത്തില്‍ 100 ഏക്കര്‍ നെല്‍കൃഷി വെള്ളത്തില്‍

Published

|

Last Updated

അണ്ടത്തോട്: മഴ കനത്തതിനെ തുടര്‍ന്ന് കുട്ടാടന്‍ പാടശേഖരത്തിലെ 100 ഏക്കര്‍ മുകന്‍ നെല്‍കൃഷി പ്രതിസന്ധിയില്‍. ചെറായി പാടശേഖരത്തില്‍ 65 ഏക്കറും ഈച്ചിത്തറ, ഭട്ടതിരി പാടശേഖരങ്ങളിലായി 35 ഏക്കറിലുമാണ് വെള്ളം കൂടിയതിനാല്‍ നടീല്‍ വൈകുന്നത്.
കൊഴപ്പാമഠത്ത് 15 ഏക്കറില്‍ നട്ട ഞാര്‍ മുങ്ങി. ചെറായി പാടശേഖരത്തില്‍ നടാനായി തയ്യാറാക്കിയ ഞാര്‍ മൂപ്പ് കൂടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. 30 ദിവസമാണ് ഞാറിന്റെ മൂപ്പെങ്കിലും 10 ദിവസം വൈകിയാല്‍ കൂടി നടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
എന്നാല്‍ രാത്രികളില്‍ ശക്തമായി പെയ്യുന്ന മഴ ഈ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുകയാണ്. നടീല്‍ കഴിഞ്ഞ 15 ഏക്കറില്‍ ഞാര്‍ കാണാത്ത വിധം വെള്ളം കെട്ടി നില്‍ക്കുകയാണ്. വെള്ളം വറ്റിയാല്‍ മാത്രമേ ഞാര്‍ മാറ്റി നടാനും കഴികയുള്ളൂ. ഇതിനായി വേറെ ഞാര്‍ മുളപ്പിക്കേണ്ടതുണ്ട്.
വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കിടന്നിരുന്ന ഈച്ചിത്തറ പാടശേഖരത്തില്‍ 35 ഏക്കറില്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും മഴ കാരണം 20 ഏക്കറാക്കി ചുരുക്കി.
ഭട്ടതിരിപ്പാടത്ത് 15 ഏക്കറില്‍ തരിശു കൃഷി നടത്തുന്നത്. ഇവിടെ വെള്ളത്തിനു ശമനമുണ്ടെങ്കിലും മഴ കനത്താല്‍ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് കര്‍ഷകര്‍ പറയുന്നു. ഞാറ് മുങ്ങിയ ചെറായി പാടശേഖരം കൃഷി ഓഫീസര്‍ സന്ദര്‍ശിച്ചു.

 

---- facebook comment plugin here -----