Connect with us

Kerala

തൊഴിലുറപ്പ് പദ്ധതി: സ്ത്രീകളുടെ നിലവാരമുയര്‍ത്തിയെന്ന് പഠനം

Published

|

Last Updated

കൊച്ചി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനും ശാക്തീകരിക്കുന്നതിനും സഹായിച്ചിട്ടുണ്ടെന്ന് പഠനം. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനമാണ് തൊഴിലുറപ്പ് പദ്ധതി സ്ത്രീ ശാക്തീകരണത്തിന് ഏറെ സഹായകരമാണെന്ന് കണ്ടെത്തിയത്.
തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴിലാളികള്‍ 97.3 ശതമാനവും സ്ത്രീകളാണ്. പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത് മൂലം സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദം കുറഞ്ഞിട്ടുണ്ട്. ഈ പദ്ധതി മൂലം ബേങ്ക് ഇടപാടുകള്‍ നടത്താനും പണം മിച്ചം വെക്കാനും കഴിഞ്ഞതായി 27 ശതമാനം തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നു.
പരിസര ശുചീകരണം, കായലുകളും കുളങ്ങളും വൃത്തിയാക്കല്‍ എന്നിവയുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ഗണ്യമായി കുറഞ്ഞതായും പഠനത്തില്‍ വ്യക്തമായി. കൃഷി, ഫിഷറീസ്, നിര്‍മാണം, കയര്‍ എന്നീ മേഖലകളില്‍ തൊഴിലാളികളുടെ വേതന വര്‍ധനവിനും തൊഴിലുറപ്പ് പദ്ധതി കാരണമായിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
കൂടാതെ, ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ തൊഴിലുറപ്പ് പദ്ധതി മുഖ്യപങ്കുവഹിക്കുന്നതായും പഠനം തെളിയിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ദൈനംദിന ഭക്ഷണത്തിനുള്ള ഉപാധിയാണിത്. 60 ശതമാനം ആളുകള്‍ക്കും ഈ പദ്ധതി ദൈനംദിന ഭക്ഷണത്തിനുള്ള മാര്‍ഗമാണ്. 40 ശതമാനം തൊഴിലാളികള്‍ക്ക് അവരുടെ ജീവിതശാക്തീകരണത്തിനും പദ്ധതി സഹായകരമാണെന്നാണ് പഠനം.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും സ്ത്രീ ശാക്തീകരണത്തിലും തൊഴിലുറപ്പ് പദ്ധതിയുടെ സ്വാധീനം മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡവലെപ്‌മെന്റിന്റെ ധനസഹായത്തോടെ കുഫോസ് ആലപ്പുഴ ജില്ലയില്‍ പഠനം നടത്തിയത്.
ഗ്രാമീണ ജനതക്ക് വളരെയധികം പ്രയോജനകരമായ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികള്‍ക്ക് ഏഴ് ദിവസത്തിനകം പ്രതിഫലം നല്‍കണമെന്നും കാര്‍ഷികമേഖലകള്‍ കൂടി പദ്ധതിയുടെ കീഴില്‍ കൊണ്ടുവരണമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ, കുഫോസ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് വകുപ്പ് തലവനായ ഡോ. വി അമ്പിളികുമാര്‍ പറഞ്ഞു.
അഭൂതപൂര്‍വമായ സ്വാധീനമാണ് പദ്ധതി ഗ്രാമീണരില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റമെന്ന് തിരിച്ചറിഞ്ഞ് തൊഴിലുറപ്പ് പദ്ധതിയെ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കുഫോസ് നടത്തിയ പഠനത്തിലൂടെ ഗ്രാമീണരില്‍ ഈ പദ്ധതിയുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് കണ്ടെത്താനായതായി കുഫോസ് വൈസ്ചാന്‍സലര്‍ ഡോ. ബി മധുസൂദനക്കുറുപ്പ് പറഞ്ഞു. . കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ഈ പദ്ധതി നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട വാദങ്ങളുടെ മുനയൊടിക്കുന്നതാണ് പഠനത്തിലെ കണ്ടെത്തലുകള്‍. മത്സ്യമേഖലയെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനായാല്‍ ഫിഷറീസ് രംഗത്ത് മികച്ച നേട്ടം കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. വി അമ്പിളികുമാര്‍ പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററും കുഫോസ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. എം എസ് രാജു, അസോസിയേറ്റ് പ്രൊഫ. മാത്യു സെബാസ്റ്റ്യന്‍ എന്നിവര്‍ കോ-ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറുമായ സംഘമാണ് പഠനം നടത്തിയത്.