Connect with us

Articles

മൊറേല്‍സിന്റെ മൂന്നാം വിജയം

Published

|

Last Updated

ബൊളീവിയയുടെ പ്രസിഡന്റ്പദത്തിലേക്ക് ഇവോ മൊറേല്‍സ് മൂന്നാമതും തിരഞ്ഞെടുക്കപ്പെടുന്നതോടെ ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് ചേരി ഒരിക്കല്‍ കൂടി ശക്തി തെളിയിച്ചിരിക്കുകയാണ്. വെനിസ്വെലയിലെ ഹ്യൂഗോ ഷാവേസും ക്യൂബയിലെ ഫിദല്‍ കാസ്‌ട്രോയും നേതൃത്വം നല്‍കിയ ബദല്‍ മാതൃകക്ക് തിളക്കം നഷ്ടപെട്ടിട്ടില്ലെന്ന് ഈ വിജയം ഉദ്‌ഘോഷിക്കുന്നു. അറുപത്തിയഞ്ച് ശതമാനം വോട്ട് നേടി ആധികാരിക വിജയം ആവര്‍ത്തിച്ച മൊറേല്‍സ് ചില പതിവുകളെയും രാഷ്ട്രീയ അന്ധവിശ്വാസങ്ങളെയും അപ്രസക്തമാക്കുന്നുണ്ട്. രാജ്യം ദരിദ്രാവസ്ഥയിലായിരുന്നപ്പോള്‍ അധികാരം പിടിക്കുന്ന, താഴേ തട്ടില്‍ നിന്ന് വളര്‍ന്നു വരുന്ന നേതാക്കളെ അവര്‍ തന്നെ ഉയര്‍ത്തിക്കൊണ്ടു വന്ന് മധ്യവര്‍ഗമാക്കിയവര്‍ കൈയൊഴിയുമെന്നും അതുവഴി അവര്‍ പരാജയത്തിന്റെ രുചിയറിയുമെന്നുമുള്ള വര്‍ത്തമാനകാല അനുഭവത്തില്‍ നിന്ന് ബൊളീവിയ വഴിതിരിയുകയാണ് മൊറേല്‍സിലൂടെ. തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുക മധ്യവര്‍ഗമാണെന്ന ധാരണയും ഇവിടെ പൊളിയുന്നു. രാജ ഭരണത്തിന്റെയും കൊളോണിയലിസത്തിന്റെയും കാലം പിന്നിട്ട് ജനാധിപത്യത്തിലേക്ക് വന്നിട്ടും സമ്പൂര്‍ണമായും നാട്ടുകാരനായ ഒരാള്‍ക്ക് പ്രസിഡന്റാകാന്‍ കഴിയാത്ത നാടായിരുന്നു ബൊളീവിയ. ഈ പതിവ് തെറ്റിച്ചത് 2005ല്‍ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ പ്രസിഡന്റായി മൊറേല്‍സ് വിജയം വരിച്ചതോടെയായിരുന്നു. അന്ന് തൊട്ട് അദ്ദേഹം നടപ്പാക്കിയ സോഷ്യലിസ്റ്റ്, ജനപക്ഷ നയങ്ങളുടെ അംഗീകാരമാണ് അദ്ദേഹത്തിന്റെ മൂന്നാമൂഴം. 2009ല്‍ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട മൊറേല്‍സ് ഹിതപരിശോധന നടത്തിയാണ് മൂന്നാമൂഴത്തിന് മത്സരിക്കാന്‍ അനുമതി നേടിയത്. ഇനിയൊരു ഊഴത്തിനില്ലെന്ന് പ്രഖ്യാപിച്ച മൊറേല്‍സ് ഈ പുതിയ ജനവിധിയെ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നത് ബൊളീവിക്ക് മാത്രമല്ല, ഷാവേസില്ലാത്ത ലാറ്റിനമേരിക്കക്കാകെ നിര്‍ണായകമായിരിക്കും. താന്‍ സൃഷ്ടിച്ച മാതൃക കൂടുതല്‍ ശക്തമായി തുടരുമോ? അതോ തിരിച്ചു വരവിന്റെ സമ്മര്‍ദമില്ലാത്തതിനാല്‍ അദ്ദേഹം വിപണിയുടെയും പാശ്ചാത്യ ചേരിയുടെയും സമ്മര്‍ദത്തിന് വഴങ്ങുമോ?
ബൊളീവിയയിലെ ഏറ്റവും ദരിദ്രമായ ഒറിനോകോ പര്‍വത മേഖലയിലാണ് ജനനം. ആറാം വയസ്സില്‍ അച്ഛനോടൊപ്പം കരിമ്പ് വിളവെടുപ്പിന് അര്‍ജന്റീനയിലേക്ക് പോയി. പന്ത്രണ്ടാം വയസ്സില്‍ തിരിച്ചെത്തുമ്പോള്‍ നാട് പട്ടിണിയുടെ പിടിയിലായിരുന്നു. പിന്നെ കുറേക്കാലം ഇടയനായി. കൗമാരം വിടും മുമ്പേ സ്വന്തമായി ഫുട്‌ബോള്‍ ടീമുണ്ടാക്കി. കുറച്ച് കാലം സൈനിക സേവനം നടത്തി. യുവത്വത്തിന്റെ ആദ്യ നാളുകളില്‍ കൊക്കാ കൃഷിക്കാരുടെ സംഘടനയില്‍ അംഗമായി. 23-ാം വയസ്സില്‍ സംഘടനയുടെ കാര്യദര്‍ശിയായി. പിന്നാക്ക അയ്മാര വിഭാഗത്തില്‍ നിന്ന് പൊതു രംഗത്ത് ഉയര്‍ന്നു വന്ന ആദ്യത്തെ നേതാവ്. ഈയൊരൊറ്റ വിശേഷണം മതിയായിരുന്നു ജുവാന്‍ ഇവോ മൊറേല്‍സ് അയ്മയെന്ന തൊഴിലാളി നേതാവിന് പ്രസിഡന്റ്പദത്തിലേക്ക് നടന്നു കയറാന്‍. ഈ 56കാരന്റെ ജീവിതം കടും നിറങ്ങളുടെ കൊളാഷ് പോലെയാണ്. ഒരു നാടന്‍ മനുഷ്യന്റെ അതിവൈകാരികതയും ആകസ്മികതയും പ്രതീക്ഷയും നിരാശയും പോരാട്ടവീര്യവുമൊക്കെ ഈ മനുഷ്യനില്‍ കടും നിറത്തില്‍ കലര്‍ന്നിരിക്കുന്നു. അദ്ദേഹം ഹ്യൂഗോ ഷാവേസിന്റെ പതിപ്പാകുന്നത് അങ്ങനെയാണ്.
ആധുനിക കാലത്തെ ഏറ്റവും വലിയ വിപ്ലവ പ്രവര്‍ത്തനം ബദല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തുകയെന്നതാണ്. അങ്ങേയറ്റം ഏക ധ്രുവമായിത്തീര്‍ന്ന ഒരു ലോക സാഹചര്യത്തില്‍ മറ്റൊരു ലോകം സാധ്യമാണെന്ന പ്രതീതിയുണര്‍ത്തുന്നത് പോലും ദുഷ്‌കരമാണ്. ഏകാധിപത്യത്തിന്റെയോ എടുത്തു ചാട്ടത്തിന്റെയോ അംശങ്ങള്‍ ഭൂതക്കണ്ണാടി വെച്ച് കണ്ടെത്തി വിമര്‍ശിക്കുന്നതിന് പകരം മൊറേല്‍സിനെപ്പോലുള്ള ഭരണാധികാരികളെ വാഴ്ത്തുന്നത് അവര്‍ പ്രതിരോധത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ മുന്നോട്ട് വെക്കുന്നത് കൊണ്ടാണ്. സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റമെന്ന പേരില്‍ മൊറേല്‍സ് നടപ്പാക്കിയ നയ പരിപാടികള്‍ ബൊളീവിയയെന്ന പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായിട്ടും ദാരിദ്ര്യത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട രാജ്യത്തിന്റെ ഭാഗധേയം മാറ്റിയെഴുതാന്‍ പര്യാപ്തമായിരുന്നു. സ്വകാര്യവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും “നന്‍മ”കള്‍ തേടി ക്യൂബയും ചൈനയുമൊക്കെ പരിഷ്‌കരണത്തിന് മുതിരുമ്പോള്‍ മൊറേല്‍സ് സമ്പൂര്‍ണമായ സോഷ്യലിസ്റ്റ് പരിഹാരത്തില്‍ വിശ്വസിച്ചുവെന്നത് ചില്ലറ കാര്യമല്ല. സാമ്രാജ്യത്വത്തെ ചെറുക്കേണ്ടത് അവരുടെ ഉപകരണങ്ങള്‍ കൊണ്ടല്ല മറിച്ച് രാഷ്ട്രങ്ങളുടെ പ്രതിരോധ നിര ഉയര്‍ത്തിക്കൊണ്ടായിരിക്കണമെന്ന ഷാവേസിയന്‍ ചിന്താധാരയുടെ പ്രയോക്താവാണ് മൊറേല്‍സ്. അദ്ദേഹത്തിന് ക്യൂബയോടുള്ളതിനേക്കാള്‍ ഊഷ്മളമായ ബന്ധം അഹ്മദി നജാദിന്റെ ഇറാനോടായിരുന്നു.
അസംസ്‌കൃത വസ്തു കയറ്റി അയച്ച് നിന്നുപിഴച്ചു പോകുന്ന രാഷ്ട്രം എന്നതില്‍ നിന്ന് ഉത്പാദക രാഷ്ട്രമാക്കി ബൊളീവിയയെ മാറ്റിയെന്നതാണ് മൂവ്‌മെന്റ് ടുവാര്‍ഡ്‌സ് സോഷ്യലിസത്തിന്റെ അന്തസ്സത്ത. മൊറേല്‍സ് വരുന്നതിന് മുമ്പ് രാജ്യത്തെ എണ്ണ, പ്രകൃതി വാതക സമ്പത്ത് പൂര്‍ണമായി കൈകാര്യം ചെയ്തിരുന്നത് വിദേശ കുത്തക കമ്പനികളായിരുന്നു. പ്രകൃതി വിഭവങ്ങളില്‍ നിന്നുള്ള മിച്ച വരുമാനം പൂര്‍ണമായി പുറത്തേക്ക് ഒഴുകുന്ന സ്ഥിതി. പ്രകൃതി വാതക പാടങ്ങളാല്‍ സമ്പന്നമായ ബൊളീവിയ പ്രോസസ്ഡ് ലിക്വിഡ് ഗ്യാസ് ഇറക്കുമതി ചെയ്യേണ്ട ഗതികേടിലായിരുന്നുവെന്നോര്‍ക്കണം. മൊറേല്‍സും സംഘവും ആദ്യം ചെയ്തത് ഈ വാതകപാടങ്ങള്‍ പൂര്‍ണമായി ദേശസാത്കരിക്കുകയായിരുന്നു. വിദേശ നിക്ഷേപത്തിന് ശക്തമായ നിയന്ത്രണം കൊണ്ടുവന്നു. ഇതു വഴി ലഭിച്ച അധിക സമ്പത്ത് മുഴുവന്‍ അടിസ്ഥാന സൗകര്യ മേഖലയിലും സാമൂഹിക സുരക്ഷാ പദ്ധതികളിലും വിദ്യാഭ്യാസത്തിലുമാണ് നിക്ഷേപിച്ചത്. സാക്ഷരതാ നിരക്കില്‍ വന്‍ വര്‍ധനവ് ഉണ്ടായി. റോഡുകളും പാലങ്ങളും തുറമുഖങ്ങളും വിമാനത്താവളങ്ങളും മെച്ചപ്പെട്ടതോടെ വ്യവസായ വികസനം യാഥാര്‍ഥ്യമായി. എണ്ണ പ്രകൃതി വാതക ഖനനത്തിന് അമേരിക്കന്‍ കമ്പനികളെയാണ് ബൊളീവിയ ആശ്രയിച്ചിരുന്നത്. ഈ കമ്പനികളുമായുള്ള കരാര്‍ അവസാനിപ്പിച്ചതോടെ താത്കാലികമായ പ്രതിസന്ധി നേരിട്ടെങ്കിലും വെനിസ്വേലയും ക്യൂബയും റഷ്യയും ചൈനയും ഇറാനുമെല്ലാം സഹകരിച്ചതോടെ മുന്നോട്ട് നീങ്ങാനായി. ഇത് ഒരു വശത്ത് സ്വയംപര്യാപ്തത സമ്മാനിച്ചു. മറുവശത്ത് വന്‍ തൊഴിലവസരവും സാമ്പത്തിക ഉണര്‍വും സൃഷ്ടിച്ചു. ഭാവിയിലെ ഊര്‍ജ സ്രോതസ്സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലിഥിയത്തിന്റെ വന്‍ നിക്ഷേപം രാജ്യത്തുണ്ടെന്ന് കണ്ടെത്തിയത് നിര്‍ണായക ചുവടു വെപ്പാണ്. ലിഥിയം ഖനനത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാറിന്റെ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്.
നിര്‍മിത വസ്തുക്കളുടെ വില വര്‍ധിച്ചു. വളര്‍ച്ചാ നിരക്ക് ഉയര്‍ന്നു. ദാരിദ്യ നിരക്ക് 43 ശതമാനമാണ് താഴ്ന്നത്. ഇന്ന് മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ബൊളീവിയയുടെത്. അത് ആഭ്യന്തര സാമ്പത്തിക മുന്നേറ്റത്തില്‍ നിന്ന് തന്നെയാണ് ഊര്‍ജം സമ്പാദിച്ചത്. അതുകൊണ്ടാണ് അന്താരാഷ്ട്ര സാമ്പത്തിക മാന്ദ്യത്തിന്റെ ഘട്ടത്തിലും ബൊളീവിയ പിടിച്ച് നിന്നത്. ഉയര്‍ന്ന ലാഭമുണ്ടാക്കുകയും വന്‍ കുതിപ്പ് നടത്തുകയും ചെയ്യുന്ന കമ്പനികള്‍ക്ക് മേല്‍ ഉയര്‍ന്ന നികുതി ചുമത്തുകയും ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന നയമാണ് ബൊളീവിയ പിന്തുടരുന്നത്. കേവല സോഷ്യലിസമല്ല, സ്വകാര്യ മേഖലക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്ന സാമ്പത്തിക ക്രമമാണ് ഇവോ മൊറേല്‍സ് പിന്തുടര്‍ന്നത്. പക്ഷേ ചരട് സര്‍ക്കാറിന്റെ കൈയില്‍ തന്നെയായിരിക്കും.
രാജ്യത്ത് നടപ്പാക്കിയ ഭൂപരിഷ്‌കരണം ഗ്രാമീണ ജനതയുടെ ജീവിതം മാറ്റി മറിച്ചു. ഭൂമി കൈവശം വെക്കുന്നതിന് പരിധി വെച്ചുകൊണ്ടാണ് ഇത് സാധിച്ചത്. ഇത് രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴി വെച്ചു. തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ കൂടുതലായി രാഷ്ട്രീയ പങ്കാളിത്തം വഹിച്ചു തുടങ്ങി. നേരത്തേ അധികാരം കൈയാളിയിരുന്നു ഉന്നത കുലജാതര്‍ രാഷ്ട്രീയ മണ്ഡലത്തില്‍ അപ്രസക്തരായി. മൊറേല്‍സിന്റെ രണ്ടാമൂഴത്തില്‍ രാജ്യത്ത് അരങ്ങേറിയ പ്രക്ഷോഭങ്ങള്‍ക്ക് കൈയും കണക്കുമില്ല. മിക്കവക്കും നേതൃത്വം നല്‍കിയത് നഗരവാസികളായിരുന്നു. ഖജനാവില്‍ നിന്ന് പണമൊഴുകുന്നത് മുഴുവന്‍ ഗ്രാമങ്ങളിലേക്കും അടിസ്ഥാനവര്‍ഗത്തിലേക്കുമാണെന്നതായിരുന്നു അവരുടെ പ്രധാന പരാതി. വശം ചെരിഞ്ഞ വികസനമാണ് രാജ്യത്ത് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. പക്ഷേ, ഒരു ദേശീയ വികാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ പ്രക്ഷോഭങ്ങള്‍ക്ക് സാധിച്ചില്ല. മാധ്യമരംഗത്ത് ഈ വിഭാഗത്തിന് വലിയ സ്വാധീനമുണ്ടായിട്ടും അഭൂതപൂര്‍വമായ രാഷ്ട്രീയവത്കരണം സംഭവിച്ച് കഴിഞ്ഞ പരമ്പരാഗത തദ്ദേശീയ വിഭാഗങ്ങളെ ഉപയോഗിച്ച് മൊറേല്‍സ് ഈ പ്രക്ഷോഭങ്ങളെ മറികടന്നു. ഏകാധിപത്യപരം എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന കര്‍ക്കശ നിലപാട് സാധാരണ വോട്ടര്‍മാരില്‍ നിന്ന് മൊറേല്‍സിനെ അകറ്റിയില്ലെന്നതിന്റെ തെളിവാണ് ഈ മൂന്നാം വിജയം. സാന്താക്രൂസ് പ്രവിശ്യയാണ് ബൊളീവിയയുടെ സാമ്പത്തിക പവര്‍ ഹൗസായി അറിയപ്പെടുന്നത്. രാജ്യത്തെ അതിസമ്പന്നരും ബിസിനസ്സുകാരും വസിക്കുന്ന ഈ കിഴക്കന്‍ മേഖലയില്‍ നിന്നാണ് മൊറേല്‍സ് ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടിരുന്നത്. എന്നാല്‍ ഇത്തവണ അവിടെ നിന്നുള്ളവര്‍ പോലും പ്രസിഡന്റിനെ കാര്യമായി പിന്തുണച്ചുവെന്നാണ് ഇക്കഴിഞ്ഞ ദിവസം സുപ്രീം കോടതി അന്തിമ അംഗീകാരം നല്‍കിയ വോട്ടിംഗ് കണക്കുകള്‍ കാണിക്കുന്നത്.
എണ്ണ കമ്പനികളെ പുറത്താക്കിയതോടെ തന്നെ ഇരു ധ്രുവങ്ങളിലായി കഴിഞ്ഞ ബൊളീവിയ- അമേരിക്ക ബന്ധം കൂടുതല്‍ സങ്കീര്‍ണമായത് 2008ല്‍ യു എസ് സ്ഥാനപതി ഫിലിപ്പ് ഗോള്‍ഡ്ബര്‍ഗിനെ പുറത്താക്കിയതോടെയായിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ഇതിന്റെ ന്യായാന്യായങ്ങള്‍ ചര്‍ച്ചയായി. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഫിലിപ്പ് കരുക്കള്‍ നീക്കിയെന്ന മൊറേല്‍സ് ഭരണകൂടത്തിന്റെ വാദം ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നുണ്ട്. അന്താരാഷ്ട്ര വേദികളില്‍ മൊറേല്‍സിനെ ഒരേസമയം ഒറ്റപ്പെടുത്തുകയും ശ്രദ്ധാ കേന്ദ്രമാക്കുകയും ചെയ്ത നടപടിയായിരുന്നു അത്. 2013ല്‍ യു എസ് എയിഡ് ഉദ്യോഗസ്ഥരെയും അദ്ദേഹം പുറത്താക്കി. കഴിഞ്ഞ മാസം നടന്ന യു എന്‍ പൊതുസഭാ സമ്മേളനത്തില്‍ സക്ഷാല്‍ ബരാക് ഒബായെ “ദി ഇംപീരിയലിസ്റ്റ്” എന്ന് സംബോധന ചെയ്ത് ഷാവേസിന് പിന്‍ഗാമി താന്‍ തന്നെയെന്ന് മൊറേല്‍സ് തെളിയിച്ചു.
നേട്ടങ്ങളുടെയും ആശയവ്യക്തതയുടെയും ധീരമായ ചുവടുകള്‍ക്കിടെ ചില ഇടര്‍ച്ചകള്‍ മൊറേല്‍സിന് സംഭവിക്കുന്നുവെന്നത് കാണാതിരുന്നു കൂടാ. തിരക്കിട്ട് പെട്രോള്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് വലിയ പ്രക്ഷോഭത്തിനിട വരുത്തുകയും പിന്നീട് പിന്‍വലിക്കുകയും വേണ്ടി വന്നത് ഒരു ഉദാഹരണം. രാജ്യത്തെ നെടുകെ പിളര്‍ക്കുന്ന കൂറ്റന്‍ അതിവേഗ റോഡ് പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ശക്തമായി പിന്തുണക്കുന്നവര്‍ പോലും എതിര്‍ത്തതോടെ പിന്‍വാങ്ങേണ്ടി വന്നു. അധികാര കേന്ദ്രീകരണത്തിന്റെ ചില പ്രവണതകള്‍ അദ്ദേഹത്തില്‍ കണ്ടു തുടങ്ങിയിരിക്കുന്നുവെന്നും ചില വിമര്‍ശകര്‍ പറയുന്നു.
മയക്കുമരുന്ന് കടത്ത് സംബന്ധിച്ച അദ്ദേഹത്തിന്റെ നയവും കടുത്ത വിമര്‍ശങ്ങള്‍ ക്ഷണിച്ചു വരുത്തുന്നുണ്ട്. കൊക്കെയിന്‍ നിര്‍മാണത്തിലെ അസംസ്‌കൃത വസ്തുവായ കൊക്കാ ഇല കൃഷി നിരോധിക്കാന്‍ പഴയ കൊക്കാ യൂനിയന്‍ നേതാവിന് സാധിക്കില്ലല്ലോ. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളില്‍ കൊക്കാ ഇലകള്‍ക്ക് ആവശ്യക്കാരുള്ളിടത്തോളം തന്റെ രാജ്യം അത് ഉത്പാദിപ്പിക്കുമെന്നാണ് മൊറേല്‍സിന്റെ മറുപടി. മയക്കുമരുന്ന് കടത്തിനെതിരായ നടപടികളെ അമേരിക്ക രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതില്‍ കഴമ്പുണ്ടാകാം. പക്ഷേ, മയക്കുമരുന്ന് ലോബിയെ പച്ചയായി ന്യായീകരിക്കുന്നത് ഈ ജനകീയ നേതാവിന് എത്രമാത്രം ഭൂഷണമാണെന്നത് ആലോചിക്കേണ്ടതാണ്. ബൊളീവിയയെ ഒരു ബഹു ദേശീയതാ രാഷ്ട്രമാക്കി മാറ്റുന്ന ഭരണഘടനാ ഭേദഗതിക്ക് ശേഷം മൊറേല്‍സ് ഭരണകൂടം രാജ്യത്തിന്റെ പതാക തന്നെ മാറ്റിയിരുന്നു. പുതിയ പതാകയില്‍ മഴവില്‍ നിറങ്ങളാണ് ആദ്യം കണ്ണില്‍ പെടുക. ബഹുസ്വരതയുടെ അടങ്ങാത്ത ഊര്‍ജമുണ്ട് ഈ നിറങ്ങളില്‍. മൊറേല്‍സ് മറ്റുള്ള രാഷ്ട്ര നേതാക്കള്‍ക്ക് പാഠമാകുന്നത് ഈ ഉള്‍ക്കൊള്ളല്‍ ശേഷിയിലാണ്. രാഷ്ട്രം അവിടുത്തെ ഏറ്റവും താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടി കൂടിയുള്ളതാണെന്ന തത്വം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുന്നുവെന്നതാണ് മോറേല്‍സിലെ മാതൃക. അതിനര്‍ഥം ബൊളീവിയ പൂര്‍ണമായും ദാരിദ്ര്യമുക്തമായെന്നോ ആ രാജ്യം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുവെന്നോ അല്ല. ഇന്നും ഈ രാജ്യം ദരിജ്രരുടെ പട്ടികയില്‍ തന്നെയാണ്. പക്ഷേ വെളിച്ചത്തിലേക്കുള്ള സഞ്ചാരങ്ങളെ കാണാതിരുന്നു കൂടാ.
യു എന്‍ പൊതുസഭ 2009 ഒക്‌ടോബറില്‍ മൊറേല്‍സിനെ വിശേഷിപ്പിച്ചത് വേള്‍ഡ് ഹീറോ ഓഫ് മദര്‍ എര്‍ത്ത് എന്നായിരുന്നു. എത്ര ശരിയായ പ്രയോഗം: തായ് ഭൂമിയുടെ നായകന്‍.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്