Connect with us

Ongoing News

ദേശീയപാത വികസനം :ൂമി ഏറ്റെടുക്കുന്നതില്‍ പിന്നോട്ട് പോകില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വികസനാവശ്യങ്ങള്‍ക്കുള്ള ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് കണക്കിലെടുത്ത് ഭൂമി ഏറ്റെടുക്കലില്‍ നിന്ന് സര്‍ക്കാര്‍ പിറകോട്ട് പോയെങ്കിലും ഇനി അതിന് കഴിയില്ല.
ദേശീയ പാത വികസനവും ഗ്യാസ്‌പൈപ്പ് ലൈനും വൈദ്യുതി ലൈന്‍ നിര്‍മാണവും പറ്റില്ലെന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. ഈ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി എടുത്ത് കൊടുക്കാത്തതിനാല്‍ കേരളത്തിലെ ദേശീയ പാത വികസനത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചിരിക്കുകയാണ്. കേരളം സഹകരിക്കുന്നില്ലെന്ന് ഉപരിതല ഗതാഗത മന്ത്രി തന്നെ പല തവണ പ്രസ്താവന നടത്തി. ജനങ്ങളുടെ പരാതി കേള്‍ക്കും. അര്‍ഹമായ നഷ്ടപരിഹാരവും നല്‍കും. കൊച്ചി മെട്രോക്ക് 55 ലക്ഷം രൂപ വരെ സെന്റിന് നല്‍കിയാണ് ഭൂമി എടുക്കുന്നത്. പത്ത് കോടി നിര്‍മാണ ചെലവ് വരുന്ന പാലത്തിന് 40 കോടിയുടെ ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യമുണ്ട്. സെന്റിന് ഒരു കോടി രൂപ വരെയാണ് ഭൂ ഉടമകള്‍ ചോദിക്കുന്നത്. ഭൂമിയുടെ വില വര്‍ധന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഉയര്‍ന്ന വില നല്‍കിയാല്‍ തന്നെ ഭൂമി കിട്ടാത്ത സാഹചര്യവും നിലനില്‍ക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അര്‍ഹമായ നിക്ഷേപങ്ങള്‍ ലഭിക്കാത്തതുമാണ് കേരളം നേരിടുന്ന പ്രതിസന്ധി. ഇതിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ വരും തലമുറയോട് ചെയ്യുന്ന വലിയ ക്രൂരതയാകും. ഇങ്ങിനെ ദീര്‍ഘകാലം മുന്നോട്ട് പോകാന്‍ കഴിയില്ല.
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം അതിവേഗം എത്തിക്കുന്നതിന് പൊതുസ്വകാര്യ പങ്കാളിത്തം അനിവാര്യമാണ്. പരമ്പരാഗത ശൈലി പിന്തുടര്‍ന്നാല്‍ പെട്ടെന്ന് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. മെച്ചപ്പെട്ട സേവനം കാര്യക്ഷമതയോടെ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ണര്‍ കേരള പരിപാടി ഉദ്ഘാടനം ചെയ്യുകയായുരുന്നു മുഖ്യമന്ത്രി.
കാലകാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന നഗരസഭകളുടെ കൈവശമുള്ള ഭൂമി പ്രയോജനപ്പെടുത്തി നഗരങ്ങള്‍ വികസിപ്പിക്കുകയാണ് പാര്‍ട്ണര്‍ കേരള മിഷന്റെ ദൗത്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കണക്കാക്കുന്ന തുകയുടെ പകുതി മാത്രമെ സര്‍ക്കാറിന് ലഭ്യമാക്കാന്‍ കഴിയൂ. ബാക്കി വരുന്ന പണം പി പി പിയിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. രണ്ട് വര്‍ഷത്തിനകം എല്ലാ നഗരസഭകളിലും ആധുനിക മാര്‍ക്കറ്റുകളും അറവുശാലകളും ശ്മശാനങ്ങളും നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.