Connect with us

International

ബ്രിട്ടന്റെ ഡ്രോണ്‍ വിമാനങ്ങള്‍ സിറിയയുടെ രഹസ്യം ചോര്‍ത്തുന്നു

Published

|

Last Updated

ലണ്ടന്‍: ഇസില്‍ തീവ്രവാദികളെ പ്രതിരോധിക്കാന്‍ രംഗത്തിറക്കിയ ബ്രിട്ടന്റെ ഡ്രോണ്‍ വിമാനങ്ങള്‍, സിറിയയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനും ഉപയോഗിക്കുമെന്ന് ബ്രിട്ടന്‍. അഫ്ഗാനിസ്ഥാനില്‍ ഉപയോഗിച്ചിരുന്ന ചില പ്രത്യേക ഡ്രോണ്‍ വിമാനങ്ങള്‍ അവിടെ നിന്ന് മാറ്റി ഇപ്പോള്‍ മധ്യപൗരസ്ത്യ ദേശങ്ങള്‍ക്ക് മേലെ വിന്യസിച്ചതായി വിദേശ സെക്രട്ടറി ഫിലിപ് ഹാമണ്ട് കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു.
ഇറാഖില്‍ വ്യോമാക്രമണം നടത്തുന്നതിന് ബ്രിട്ടന്‍ പാര്‍ലിമെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവിടെ ഇസില്‍ തീവ്രവാദികള്‍ക്കെതിരെ ടൊര്‍ണാഡോ യുദ്ധ വിമാനങ്ങള്‍ ബോംബാക്രമണം നടത്തുന്നുണ്ട്. പക്ഷേ ഈ വിമാനങ്ങള്‍ സിറിയയിലും യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാര്യം വ്യക്തമല്ല.
പ്രതിരോധ മന്ത്രി മൈക്കള്‍ ഫാളണ്‍ പാര്‍ലിമെന്റില്‍ എഴുതി വായിച്ച ഒരു പ്രസ്താവനയില്‍, അടുത്തുതന്നെ ഡ്രോണ്‍ നിരീക്ഷണം സിറിയയിലും ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇറാഖിലെ പ്രവര്‍ത്തനം പോലെ തന്നെ നിരീക്ഷണ വിമാനങ്ങള്‍ സിറിയക്ക് മേലെ പറന്ന് രഹസ്യങ്ങള്‍ ചോര്‍ത്തേണ്ടതുണ്ടെന്നും ഇത് ഇസിലിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാഖിലെ ലക്ഷ്യകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിനിടെ, സിറിയയിലേക്കും ഇത് വ്യാപിപ്പിക്കേണ്ടതുണ്ടെന്നും ഇതിന് പാര്‍ലിമെന്റിന്റെ അനുമതി അത്യാവശ്യമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇതിന് പാര്‍ലിമെന്റിന്റെ അനുമതിക്ക് കാത്ത് നില്‍ക്കാനുള്ള സാഹചര്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.