Connect with us

Gulf

'ദി ഡിസര്‍ട്ട് ' പ്രകാശനം ചെയ്തു

Published

|

Last Updated

km abbas

കെ എം അബ്ബാസിന്റെ ദി ഡിസര്‍ട്ടിന്റെ പ്രകാശനം ഷാര്‍ജ ഒയാസിസ് കെമിക്കല്‍സ് എം ഡി വേണുഗോപാല്‍ മേനോന് നല്‍കി യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ സി ഒ ഒ. വൈ സുധീര്‍കുമാര്‍ ഷെട്ടി നിര്‍വഹിക്കുന്നു.

ദുബൈ: കെ എം അബ്ബാസിന്റെ ഒട്ടകം എന്ന കഥാ സമാഹാരത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ദി ഡിസര്‍ട്ട് (the Desert) ദുബൈയില്‍ പ്രകാശനം ചെയ്തു. യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ സി ഒ ഒ. വൈ സുധീര്‍കുമാര്‍ ഷെട്ടി, ഷാര്‍ജ ഒയാസിസ് കെമിക്കല്‍സ് എം ഡി വേണുഗോപാല്‍ മേനോന് നല്‍കിയാണ് പ്രകാശനം ചെയ്തത്. കേരളത്തിലെ ഡി സി ബുക്‌സുമായി സഹകരിച്ച് യു എ ഇ എക്‌സ്‌ചേഞ്ച് ആണ് “ദി ഡിസര്‍ട്ട്” പ്രസിദ്ധീകരിച്ചത്.
പ്രവാസികളുടെ ജീവിത സാഹചര്യങ്ങള്‍ പ്രമേയമാക്കിയ 19 കഥകളാണ് പുസ്തകത്തിലുള്ളത്. മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ കഥകള്‍ ഇംഗ്ലീഷിലാകുമ്പോള്‍ കൂടുതല്‍ വായനക്കാരിലെത്തുമെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ സി ഒ ഒ വൈ. സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു.
ഗള്‍ഫിലെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ യു എ ഇ എക്‌സ്‌ചേഞ്ച് മുമ്പും മുന്‍കൈയെടുത്തിട്ടുണ്ട്. യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെക്കുറിച്ചുള്ള പുസ്തകം ഏറെ ശ്രദ്ധനേടി. ജലീല്‍ രാമന്തളിയാണ് പുസ്തകം രചിച്ചത്. ഡോ. മന്ദാര്‍ വി ബിച്ചുവിന്റെ മോസ്‌കോ മസാല അടക്കം രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. യു എ ഇ എക്‌സ്‌ചേഞ്ചിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍-സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു.
സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജായ കെ എം അബ്ബാസിന്റെ ആറാമത്തെ പുസ്തകമാണ് ഒട്ടകം. ഇതിന്റെ വിവര്‍ത്തനം നിര്‍വഹിച്ചത് ഷാര്‍ജയിലെ ആര്‍ എ എം വര്‍മയാണ്. കെ എല്‍ മോഹനവര്‍മയുടെ ക്രിക്കറ്റ് അടക്കം നിരവധി കൃതികള്‍ അദ്ദേഹം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.
ദി ഡിസര്‍ട്ട് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഡി സി ബുക്‌സ് പവലിയനില്‍ ലഭ്യമാകും. ആര്‍ എ എം വര്‍മ, ഗോപകുമാര്‍ ഭാര്‍ഗവന്‍, വര്‍ഗീസ്, വിനോദ് നമ്പ്യാര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.