Connect with us

Ongoing News

രേഖകള്‍ ഹാജരാക്കിയില്ല; ഡെ. കലക്ടര്‍ക്ക് അറസ്റ്റ് വാറണ്ട്

Published

|

Last Updated

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ രേഖകള്‍ ഹാജരാക്കാത്ത ഡെപ്യൂട്ടി കലക്ടര്‍ക്ക് അറസ്റ്റ് വാറണ്ട്. ലാന്‍ഡ് അക്വിസിഷന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെയാണ് ലോകായുക്തയുടെ നടപടി.
ഇന്ന് വൈകീട്ട് അഞ്ചിന് മുമ്പ് രേഖകള്‍ സഹിതം ഡപ്യൂട്ടി കലക്ടര്‍ ഹാജരാകണം. വിവാദ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ അമിക്കസ് ക്യൂറിയോടും താലൂക്ക് സര്‍വേയറോടും ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതിനോടു സഹകരിച്ചില്ലെന്ന് ലോകായുക്ത നിയോഗിച്ച അമിക്കസ്‌ക്യൂറിയും സര്‍വേയറും സത്യവാങ്മൂലം നല്‍കി.
വിവാദ ഭൂമിയില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് അമിക്കസ് ക്യൂറിയും വിജിലന്‍സ് എ ഡി ജി പിയുടെ അന്വേഷണത്തിലും കണ്ടെത്തി. തുടര്‍ന്ന്് ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി ഹാജരാകാന്‍ ജല, റവന്യൂ, സര്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലോകായുക്ത നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഡെപ്യൂട്ടി കലക്ടര്‍ ഹാജരാകുമെന്ന് ഉറപ്പുവരുത്തണമെന്ന്് സിറ്റി പോലീസ് കമ്മീഷണര്‍ക്കും ലോകായുക്ത നിര്‍ദേശം നല്‍കി.
അതേസമയം, പ്രദേശത്തെ പഴയ പൈപ്പ് ലൈന്‍ സ്‌കെച്ച് കാണാതായതില്‍ ദുരൂഹതയുണ്ടെന്നും ലോകായുക്ത വ്യക്തമാക്കി. എന്നാല്‍, വിവാദ ഭൂമിയിലെ പഴയ പൈപ്പ് ലൈന്‍ മാറ്റിയത് തങ്ങളല്ലെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. സ്‌കെച്ചോ ഭൂമിയുടെ മറ്റു രേഖകളോ തങ്ങളുടെ പക്കലില്ല. പുതിയ പൈപ്പ് സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. പഴയ പൈപ്പ് എവിടെയാണെന്ന് അറിയില്ലെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. സ്‌കെച്ച് മുക്കിയതാണെന്ന് സംശയിക്കുന്നതായും ലോകായുക്ത പറഞ്ഞു.
ജോയി കൈതാരം നല്‍കിയ ഹരജിയിലാണ് ലോകായുക്തയുടെ ഇടപെടല്‍. മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2009ല്‍ തന്നെ പരാതിയുയര്‍ന്നിരുന്നു. അന്ന് മുതല്‍ പലവട്ടം അന്വേഷണം നടെന്നങ്കിലും ഭൂമി കണ്ടെത്താനോ തിരിച്ചുപിടിക്കാനോ സര്‍ക്കാറിനു കഴിഞ്ഞില്ല.

 

Latest