Connect with us

Ongoing News

സി പി ഐ പേയ്‌മെന്റ് സീറ്റ് വിവാദം; അന്വേഷിക്കാന്‍ ലോകായുക്ത

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി ഐയിലെ പേയ്‌മെന്റ് സീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവ്. ഐ ജി സുരേഷ് രാജ് പുരോഹിതിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി ഐ തിരുവനന്തപുരം മണ്ഡലം സീറ്റ് നേതാക്കള്‍ പണം വാങ്ങി മത്സരിക്കാന്‍ നല്‍കിയെന്ന വിവാദവുമായി ബന്ധപ്പെട്ട് സി പി ഐ സംസ്ഥാന കമ്മിറ്റിയുടെ അച്ചടക്ക നടപടിക്ക് പിന്നാലെയാണ് തിരുവനന്തപുരം ഇടവിളാകം സ്വദേശി ശംസാദിന്റെ ഹരജി പരിഗണിച്ച് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ആവശ്യമെങ്കില്‍ ബെന്നറ്റിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതുള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി യോഗങ്ങളുടെ മിനുട്‌സ് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയ ലോകായുക്ത മിനുട്‌സ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി ഓഫീസ് പരിശോധിച്ച് മിനുട്‌സ് കണ്ടുകെട്ടാനും അന്വേഷണ ഉദ്യോഗസ്ഥന് അനുവാദം നല്‍കിയിട്ടുണ്ട്.
ഇടതുമുന്നണിയില്‍ സി പി ഐ മത്സരിച്ചു വരുന്ന തിരുവനന്തപുരം പാര്‍ലിമെന്റ് സീറ്റ് സിപിഐ നേതാക്കള്‍ വില്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. രാഷ്ട്രീയ രംഗത്ത് സജീവമല്ലാതിരുന്ന ഡോ. ബെന്നറ്റ് എബ്രഹാമിനെയാണ് സി പി ഐ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടങ്ങളില്‍ പരിഗണിക്കപ്പെട്ടിരുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ മറികടന്നായിരുന്നു ബെന്നറ്റിന്റെ സ്ഥാനാര്‍ഥിത്വം.
അതേസമയം പേയ്‌മെന്റ് സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രതികിരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡോ. ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വവും മണ്ഡലത്തിലെ പരാജയവും അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിര്‍വാഹക സമിതി അംഗം സി ദിവാകരന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം രാമചന്ദ്രന്‍ നായര്‍, ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമ്മൂട് ശശി എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.

Latest