Connect with us

Gulf

ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നതില്‍ 90 ശതമാനവും വ്യാജ മരുന്നുകള്‍

Published

|

Last Updated

ദുബൈ: ആരോഗ്യത്തിന് ഹാനികരമാവുന്ന വ്യാജ മരുന്നുകളാണ് രാജ്യത്ത് ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നതില്‍ 90 ശതമാനവുമെന്ന് ആരോഗ്യ വകുപ്പ്. ആളുകള്‍ക്കിടയില്‍ ഓണ്‍ലൈനായി മരുന്നുവാങ്ങുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. യു എ ഇയിലും വിദേശ രാജ്യങ്ങളിലും രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ മരുന്നുകളാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും തിരിച്ചറിയാന്‍ സാധിക്കില്ലെന്നതാണ് ഈ സംവിധാനത്തിന്റെ വലിയ പോരായ്മയെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പബ്ലിക് പോളിസി ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമിരി വ്യക്തമാക്കി.
ഓണ്‍ലൈന്‍ വഴിയുള്ള വ്യാപാരത്തില്‍ ഇത്തരം ഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും ബുദ്ധിമുട്ടുണ്ട്. ലോകാരോഗ്യ സംഘടനയാണ് ഓണ്‍ലൈനായി വിതരണം ചെയ്യപ്പെടുന്ന മരുന്നുകളിലും അനുബന്ധ ഉള്‍പന്നങ്ങളിലും 90 ശതമാനവും വ്യാജമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇവയില്‍ അമിതവണ്ണം കുറക്കാനുള്ളവയും ഹൃദയസംബന്ധമായ മരുന്നുകളും ഒപ്പം അര്‍ബുദത്തിനും വൃക്കരോഗത്തിനുള്ളവയുമെല്ലാം ഉള്‍പ്പെടും.
പല ഓണ്‍ലൈന്‍ മരുന്നു വിതരണക്കാരും അവരുടെ വിശ്വാസ്യതയും ഉല്‍പന്നത്തിന്റെ ഫലപ്രാപ്തിയും എത്രത്തോളമാണെന്ന് വെളിപ്പെടുത്താറില്ല. ഇത് ഉപഭോക്താവിന്റെ ആരോഗ്യം അപകടത്തിലാക്കുന്ന സ്ഥിതിയാണ്. രാജ്യത്തുന്റെ പുറത്തു നിന്നുള്ള കമ്പനികളായതിനാല്‍ ഉല്‍പന്നം വില്‍കപ്പെടുന്ന രാജ്യത്തെ നിയമങ്ങള്‍ പലപ്പോഴും ബാധകമാവാത്തതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്. വാട്ടര്‍ ഡയറ്റ് ക്യാപ്‌സൂളുകള്‍ പ്രചരിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ കമ്പനിയെ ആരോഗ്യ മന്ത്രാലയം നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു.
രാജ്യത്തിന് പുറത്തു നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ ആവശ്യമാവുന്ന കേസുകളില്‍ സ്‌പെഷലൈസ്ഡ് സെന്ററുകളിലേക്ക് ഉപഭോക്താക്കളെ നയിക്കാന്‍ സാധിക്കുമെന്നുമായിരുന്നു ഇവരുടെ പ്രഖ്യാപനം. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഇ-ഫോളോഅപ് സംവിധാനത്തിലൂടെ മാത്രമേ ഉപഭോക്താവിന്റെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കൂവെന്നും ഈ കമ്പനി വ്യക്തമാക്കിയിരുന്നതും ഡോ. അമീരി വെളിപ്പെടുത്തി.
തെറ്റായ പരസ്യങ്ങളില്‍ കുടുങ്ങി മരുന്നുകളും ആരോഗ്യ സംരക്ഷണ ഉല്‍പന്നങ്ങളും ഓണ്‍ലൈനായി വാങ്ങുന്ന പ്രവണത അപകടം ക്ഷണിച്ചു വരുത്തും. ഇന്റര്‍നെറ്റ്, ബ്ലോഗ്, സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കിംഗ് സംവിധാനം എന്നിവയിലൂടെയാണ് ആളുകള്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടിയോ ഡോക്ടറുടെ ഉപദേശമോ അനുസരിച്ചല്ലാതെ മരുന്നുകള്‍ വാങ്ങുന്നത് കടുത്ത പ്രത്യാഘാതമാവും വ്യക്തികളുടെ ആരോഗ്യത്തിന് ഉണ്ടാക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വൃക്ക, കരള്‍, ഹൃദയം, ഹൃദത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികള്‍ എന്നിവയെ ഇത്തരം വ്യാജ മരുന്നുകള്‍ മാരകമായി ബാധിച്ചേക്കും. പ്രകൃതിദത്തമായവയെന്നും ആയുര്‍വേദ വിധി പ്രകാരം തയ്യാറാക്കിയവയെന്നും വിശ്വസിപ്പിച്ച് വിണനം ചെയ്യുന്ന ഇത്തരം വസ്തുക്കളില്‍ പലതിലും രാസവസ്തുക്കളുടെ സാന്നിധ്യം തെളിഞ്ഞിട്ടുണ്ട്. ഇവയില്‍ അടങ്ങിയ രാസവസ്തുക്കള്‍ രാജ്യാന്തരമായി നിരോധിക്കപ്പെട്ട വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയുമുണ്ട്്. രാജ്യത്തെ പൗരന്മാരുടെയും ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഡോ. അമീരി പറഞ്ഞു.

---- facebook comment plugin here -----

Latest