Connect with us

Wayanad

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പിണങ്ങോട് വീര്‍പ്പുമുട്ടുന്നു

Published

|

Last Updated

പിണങ്ങോട്: നിന്നുതിരിയാന്‍ ഇടമില്ലാത്ത വീര്‍പ്പുമുട്ടുന്ന പിണങ്ങോടിന് വികസനം ഇനിയും അകലെ. 52 വ്യാപാരസ്ഥാപനങ്ങളും 45ഓളം ടാക്‌സി വാഹനങ്ങളുമുള്ള ചെറിയ അങ്ങാടിയാണ് പിണങ്ങോട്. കല്‍പ്പറ്റ-വാരാമ്പറ്റ റോഡില്‍ ഏറ്റവും വീതികുറഞ്ഞ സ്ഥലമാണ് ഇത്. ഇരുഭാഗത്തുനിന്നും ഒരേസമയത്ത് വാഹനങ്ങള്‍ വന്നാല്‍ ഗതാഗതക്കുരുക്ക് ഉറപ്പ്.
വെങ്ങപ്പള്ളി, പൊഴുതന ഗ്രാമപ്പഞ്ചായത്തുകളിലാണ് പിണങ്ങോട് ഉള്‍പ്പെടുന്നത്. വെങ്ങപ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് ഒന്നരയും പൊഴുതനയിലേക്ക് ആറു കിലോമീറ്ററുമാണ് ദൂരം. കല്‍പ്പറ്റയില്‍നിന്ന് വാരാമ്പറ്റ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രം കയറ്റത്തിലായതിനാല്‍ ഇവിടെ ബസ്സുകളൊന്നും നിര്‍ത്തില്ല. ദൂരെയുള്ള കടവരാന്തകളിലാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. തോന്നുന്നിടത്തു നിര്‍ത്തുന്ന ബസ്സില്‍ കയറിപ്പറ്റണമെങ്കില്‍ നല്ല ഓട്ടക്കാരനാവണം. ഇതുകാരണം വയോധികര്‍ക്കും സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര ദുരിതമായിരിക്കുകയാണ്.
ഇടുങ്ങിയ അങ്ങാടിയായതിനാല്‍ പാര്‍ക്കിങ് സ്ഥലം ഇല്ല. പുറമെ നിന്നും മറ്റും എത്തുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സാധിക്കുന്നില്ല. അഥവാ നിര്‍ത്തിയിട്ടാല്‍ ഗതാഗതതടസ്സം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പഞ്ചായത്ത് ആസ്ഥാനത്തേക്കും മറ്റും പോകേണ്ടവര്‍ 150 രൂപയെങ്കിലും മുടക്കി ടാക്‌സി വിളിക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. മാലിന്യ സംസ്‌കരണത്തിന് സ്ഥലമില്ലെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം.
പിണങ്ങോട് അങ്ങാടിയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് മാലിന്യം തള്ളുന്നത്.
പിണങ്ങോട് അങ്ങാടിയോടുചേര്‍ന്നുള്ള വനിതാ സമുച്ചയം തകര്‍ന്നിട്ട് കാലമേറെയായി. ഇത് നന്നാക്കിയാല്‍ ഇവിടെയെത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കും.