Connect with us

Malappuram

കനത്തമഴ; മലയോര മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി

Published

|

Last Updated

കാളികാവ്: ഇന്നലെ വൈകുന്നേരം ഉണ്ടായ കനത്ത മഴയില്‍ നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ സ്രാമ്പിക്കല്ല് അങ്ങാടിയില്‍ വെള്ളം കയറി. അങ്ങാടിയിലെ നിരവധി കടകളിലും വെള്ളം കയറിയിട്ടുണ്ട്. അഴുക്ക്ചാല്‍ അടഞ്ഞതാണ് അങ്ങാടിയില്‍ വെള്ളം കയറാന്‍ കാരണം. ചക്കിക്കുഴി പ്രദേശത്ത് നിന്നുവരുന്ന തോട് റോട് മുറിച്ച് കടന്നാണ് ഒഴുകുന്നത്. ചെറിയൊരു മഴ പെയ്യുമ്പോഴേക്കും തോട് കര കവിഞ്ഞൊഴുകുകയും ചെയ്യുന്നു.
അങ്ങാടിയോട് ചേര്‍ന്ന കോഴിക്കോടംമുണ്ട, പെരുങ്ങപ്പാറ പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പാറക്കല്‍ മുജീബ്, പേവുങ്ങല്‍ ഹംസ, കാട്ടിക്കുളങ്ങര നാസര്‍, കോന്താടന്‍ അബ്ദുല്‍ അസീസ് തുടങ്ങിയവരുടെ വീടുകളില്‍ വെള്ളം കയറി. സ്രാമ്പിക്കല്ല് കോഴിക്കോടംമുണ്ട തോട് കര കവിഞ്ഞൊഴുകുന്നതാണ് ഈ പ്രദേശങ്ങള്‍ വെള്ളത്തിലാകാന്‍ കാരണം. തോട് വീതിയും ആഴവും കുറഞ്ഞതും സംരക്ഷണ ഭിത്തിയില്ലാത്തതുമാണ് വെള്ളം കരകയറാന്‍ കാരണം. തോടിന്റെ ഓവുപാലങ്ങള്‍ വ്യാസം കുറവായതും വെള്ളപൊക്കത്തിന് കാരണമായിട്ടുണ്ട്. ചളിവാരി കോളനിയിലെ താകോയി ദേവി എന്നവരുടെ വീടിലും വെള്ളം കയറി. പുല്ലങ്കോട്, കടഞ്ചീരി എന്നീ മലവാരങ്ങളുടെ താഴ്‌വാരത്തിലാണ് സ്രാമ്പിക്കല്ല്, കോഴിക്കോടംമുണ്ട, പെരുങ്ങപ്പാറ പ്രദേശങ്ങള്‍.
മലവാരങ്ങളില്‍ നിന്നൊഴുകുന്ന നിരവധി അരുവികളാണ് തോടായി മാറിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലൂടെ ഒഴുകി കല്ലാമുല പുഴയില്‍ ചെന്ന് ചേരുന്ന പ്രദേശങ്ങളിലെല്ലാം മലവെള്ളപ്പാച്ചില്‍ രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ കിണറുകള്‍ മലിനമായിട്ടുണ്ട്. മലവാരങ്ങളിലെ ചോലകളില്‍ നിന്നുള്ള ശുദ്ധജല സ്രോതസ്സുകളും മുടങ്ങിയിരിക്കുകയാണ്. ഈ ആഴ്ച മൂന്നാമത്തെ തവണയാണ് ഈ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുന്നത്.