Connect with us

Palakkad

അധ്യാപകര്‍ക്ക് രാഷ്ട്രീയമാകാം; അതിപ്രസരം വേണ്ട: വി എം സുധീരന്‍

Published

|

Last Updated

പാലക്കാട്: അധ്യാപകര്‍ക്ക് രാഷ്ട്രീയമാവാമെന്നും എന്നാല്‍ അതിപ്രസരം പാടില്ലെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.
അധാപകരുടെ രാഷ്ട്രീയം നിരോധിക്കണമെന്ന കെ.എസ യു അഭിപ്രായത്തെ തുടര്‍ന്ന് പാലക്കാട് നടന്ന കെ പി എസ് ടി യു സംസ്ഥാന വനിതാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയം അധികാരത്തിലെത്തുന്നതിനു മാത്രമായി പരിമിതപ്പെട്ടിരിക്കുകയാണ്. ഗുണപരമായ സാമൂഹ്യമാറ്റത്തിനുവേണ്ടിയായിരിക്കണം രാഷ്ട്രീയം.
സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടവരല്ല. സ്ത്രീക്കുനേരെ അപമാനിക്കുവാന്‍ ശ്രമം ഉണ്ടായാല്‍ പ്രതികരിക്കാന്‍ മടിക്കരുത്. സ്വയം പ്രതിരോധ പരിശീലനം ഇതിനായി സംഘടിപ്പിക്കണം.
വിദ്യഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മുന്നേറിയ സംസ്ഥാനം ഇന്ന് ലഹരി സ്വാധീനത്തില്‍ അമര്‍ന്നിരിക്കുകയാണ്. ഏതുരംഗത്തെ നേട്ടത്തെയും ഇത് നഷ്ടപ്പെടുത്തും. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ജോലി സുരക്ഷ ഉറപ്പാക്കുന്ന അധ്യാപക പാക്കേജ് പൂര്‍ണമായ തോതില്‍ നടപ്പാക്കണം. അടുത്ത മാസം നടക്കുന്ന തന്റെ ജനപക്ഷ യാത്രയില്‍ സ്ത്രീശാക്തീകരണവും മദ്യനിരോധനവും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളുമാണ് ഉയര്‍ത്തിപ്പിടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കെ പി എസ് ടി യു സംസ്ഥാന വനിതാ ഫോറം ചെയര്‍പേഴ്‌സന്‍ ഷാഹിതാ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
സുവനീര്‍ പ്രകാശനം ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ നിര്‍വഹിച്ചു. വൃക്കദാനം നിര്‍വഹിച്ച അധ്യാപിക മിനി എം മാത്യൂവിനെ കെ അച്യുതന്‍ എം എല്‍ എ അനുമോദിച്ചു. ഷാഫി പറമ്പില്‍ എം എല്‍ എ, വി എസ് വിജയരാഘവന്‍, പി വി രാജേഷ്, പി ഹരിഗോവിന്ദന്‍, എ കെ സമദ്, സി വിനോദ് കുമാര്‍, ടി വനജ, ഗീത കൊമ്മേരി, ലതിക സുഭാഷ്, കെ ഉഷ സംസാരിച്ചു.

Latest