Connect with us

Editors Pick

ഗള്‍ഫ് ഇന്ത്യന്‍ സമൂഹത്തിന്റെ രാഷ്ട്രീയ മര്യാദകള്‍

Published

|

Last Updated

3601666400ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി യു എ ഇ സന്ദര്‍ശിച്ചതിന്റെ ഓര്‍മ പലരിലും ഇപ്പോഴുമുണ്ട്. 1981ലാണത്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ആയിരുന്നു യു എ ഇ പ്രസിഡന്റ്. ഇന്ദിരാഗാന്ധിയെ കാണാനും അഭിവാദ്യം ചെയ്യാനും റോഡിന് ഇരുവശവും ഇന്ത്യക്കാരും തദ്ദേശീയരും അണിനിരന്നിരുന്നു. ഇന്ദിരാഗാന്ധി ഇന്ത്യന്‍ പ്രതിനിധികളോട് സംസാരിക്കുമ്പോള്‍ രാഷ്ട്രീയം സ്പര്‍ശിച്ചതേയില്ല. മധ്യ പൗരസ്ത്യദേശത്തിന്റെ സുരക്ഷ, ഇന്ത്യയുടെയും സുരക്ഷയാണെന്ന് അവര്‍ പറഞ്ഞു; യു എ ഇ-ഇന്ത്യാ സൗഹൃദം ഊട്ടിയുറപ്പിക്കണമെന്നും.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇ കെ നായനാര്‍ യു എ ഇയിലെത്തി. കൂടെ, ഡോ. വി വേണു ഐ എ എസ് ഉണ്ടായിരുന്നു. നായനാര്‍ക്ക് മലയാളീ സമൂഹം പലയിടത്തും സ്വീകരണം നല്‍കി. നായനാര്‍ പതിവുപോലെ, ചിരിക്കുകയും ചിരിപ്പിക്കുകയും വഴിക്കിടുകയും ക്ഷോഭിക്കുകയും ചെയ്തു. പക്ഷെ, രാഷ്ട്രീയം പറഞ്ഞില്ല. ചിലര്‍ നാടുമായി ബന്ധപ്പെട്ട ആവലാതികളുമായി നായനാരുടെ അടുത്തെത്തി. ഹര്‍ജികള്‍ ഡോ. വേണുവിന് കൈമാറുമ്പോള്‍ നായനാര്‍ പറഞ്ഞു: ഇവരൊക്കെ നമ്മുടെ ആളുകളാ. കഴിയുന്നതെല്ലാം ചെയ്ത് കൊടുക്കണം. നായനാരുടെ അടുത്തെത്തിയവരില്‍ കോണ്‍ഗ്രസുകാരും ലീഗുകാരും ഒക്കെ ഉണ്ടായിരുന്നു. എന്നാലും നായനാര്‍ക്ക് അവരെല്ലാം “നമ്മുടെ” ആളുകളായി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പലതവണ യു എ ഇയിലെത്തിയിട്ടുണ്ട്. അപ്പോഴൊക്കെ “രാഷ്ട്രീയം” പറയാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. രാഷ്ട്രീയ ചായ്‌വുള്ള സംഘടനകളുടെ സ്വീകരണത്തില്‍ പോലും അവര്‍ മിതത്വം പാലിച്ചു. നാട്ടിലെ കക്ഷി രാഷ്ട്രീയ ചേരിതിരിവ് ഗള്‍ഫ് ഇന്ത്യക്കാര്‍ക്കിടയില്‍ ഒരുപൊട്ടിത്തെറിയായി മാറരുതെന്ന് അവരെല്ലാം ആഗ്രഹിച്ചിട്ടുണ്ട്. ദുബൈയില്‍ ഒരു പൊതു സ്ഥലത്ത് ഒരു കൂട്ടം ആളുകളെ അഭിസംബോധന ചെയ്യുമ്പോള്‍ ഒരു നേതാവ്, രാഷ്ട്രീയ പ്രവര്‍ത്തനം ഇവിടെ വേണ്ടെന്ന് കര്‍ശനമായി വിലക്കുന്നത് കണ്ട്, ആശ്ചര്യമായി. അദ്ദേഹം പറഞ്ഞു: ഇവിടെ നിങ്ങള്‍ എത്തിയിരിക്കുന്നത്, നാട്ടിലെ കുടുംബത്തെ കരകയറ്റാനാണ്. പറ്റുമെങ്കില്‍ നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് തുണയാവുകകൂടി ചെയ്യുക. അതിനുവേണ്ടി അല്‍പം പ്രവര്‍ത്തനം ആകാം. അത് മാത്രമേ വേണ്ടു. രാഷ്ട്രീയം ഇവിടെ പയറ്റണ്ട. നിങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം നാട്ടിലെ കുടുംബത്തിന്റെ സംരക്ഷണമാണ്. ആ നേതാവിനോട്, അനുയായികള്‍ക്ക് മതിപ്പുതോന്നിയിരിക്കണം. കാരണം, രാഷ്ട്രീയം പറഞ്ഞ് സിരകളെ ചൂടുപിടിപ്പിച്ച് പാര്‍ട്ടിഫണ്ടിലേക്ക് പണം സ്വരൂപിക്കാന്‍ അദ്ദേഹം ഒരുങ്ങിയില്ല.
എന്നാല്‍, ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഗള്‍ഫില്‍ നിന്ന് പണം പോകുന്നുണ്ട്. അനുയായികള്‍ കണ്ടറിഞ്ഞ് ചെയ്യുന്നതാണ്. ക്വാട്ട നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ പണം പിരിക്കുന്നതല്ല. ഇതിലും കൈയിട്ടുവാരുന്ന സംഘടനാ ഭാരവാഹികള്‍ ഉണ്ടാകാം. എന്നാലും പൊതുവില്‍ വലിയ രാഷ്ട്രീയ ബഹളങ്ങളും പോര്‍വിളികളുമില്ലാതെ സംഘടനാ പ്രവര്‍ത്തനം നടത്തുന്നു.
തിരഞ്ഞെടുപ്പുവരുമ്പോള്‍ മിക്കവരും നാട്ടിലേക്ക് വിളിച്ച്, ഇന്ന സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യണമെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അഭ്യര്‍ഥിക്കും. ചിലര്‍ നാട്ടുകാരെയും സമാന ചിന്താഗതിക്കാരെയും വിളിച്ചുകൂട്ടി നാട്ടിലെ സ്ഥാനാര്‍ഥിയെ സഹായിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അതില്‍ കവിഞ്ഞ രാഷ്ട്രീയം ആരും നടത്തിയിട്ടില്ല. 24 മണിക്കൂറും രാഷ്ട്രീയം പറയാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പറ്റിയമണ്ണല്ല, ഗള്‍ഫിലേത്. സഊദി അറേബ്യയിലും ബഹ്‌റൈനിലും മറ്റും സാംസ്‌കാരിക സംഘടനകളുടെ മറവില്‍ അല്‍പം രാഷ്ട്രീയ പ്രവര്‍ത്തനം ഉള്ളത് കാണാതിരിക്കുന്നില്ല. എന്നാല്‍ മറ്റു സംഘടനകളെ അപമാനിക്കുന്ന തലത്തിലേക്ക് കൂപ്പുകുത്തിയിട്ടില്ല. പരസ്പര ബഹുമാനത്തിന്റെ ലക്ഷ്മണ രേഖ ഓരോ സംഘടനകളും സ്വയം വരച്ചിട്ടുണ്ട്. മലയാളികള്‍ക്ക് ധാരാളം സംഘടനകളുണ്ടെങ്കിലും ഗള്‍ഫിന്റെ സുരക്ഷിതത്വത്തെയോ ക്രമസമാധാനത്തെയോ ബാധിക്കുന്ന നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. അഭിമാനകരമാണത്. പണ്ട്, ശവം തീനി ഉറുമ്പുകള്‍ എന്ന നാടകം കളിച്ച് കുഴപ്പം വരുത്തിവെച്ചവരെ കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും തള്ളിപ്പറഞ്ഞു. കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷികള്‍ അപൂര്‍വം സന്ദര്‍ഭങ്ങളിലാണെങ്കിലും ഇത്തരം ഉന്നതമായ വിവേക ബുദ്ധികാണിച്ചിട്ടുണ്ട്.
പ്രവാസികള്‍ക്ക് പ്രതിനിധി വോട്ടവകാശം ലഭ്യമാകുമ്പോള്‍ ഗള്‍ഫ് ഇന്ത്യന്‍ സമൂഹത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നത് കൂടി സംഘടനാ പ്രവര്‍ത്തകരും രാഷ്ട്രീയ ബോധം തലയില്‍ കയറിയവരും ചിന്തിക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ, റേഡിയോ ചര്‍ച്ചകളില്‍ വിദ്വേഷാധിഷ്ഠിത രാഷ്ട്രീയം പറയുന്നവര്‍ ധാരാളം. നിങ്ങള്‍ക്ക് പ്രത്യയ ശാസ്ത്രത്തെക്കുറിച്ച് പറയാം. നിങ്ങളുടെ പാര്‍ട്ടികളുടെ നയപരിപാടികള്‍ വിശദീകരിക്കാം. അതിനപ്പുറം പരനിന്ദ നടത്താന്‍ ആര്‍ക്കാണ് അവകാശം?
ലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള സ്ഥലമാണ് ഗള്‍ഫ്. ഇന്ത്യയില്‍ ഇടക്കിടെ തിരഞ്ഞെടുപ്പ് വരാറുണ്ട്. ലോക്‌സഭ, നിയമസഭ, ത്രിതല പഞ്ചായത്ത് എന്നിങ്ങനെ ഉന്നത സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് വരുമ്പോള്‍ നാട്ടില്‍ വന്‍കോലാഹലങ്ങളാണ്. ചുവരെഴുത്തും ഗോഗ്വാവിളികളും അടിപിടിയും ഒക്കെയായി പലപ്പോഴും നാട് കലങ്ങിമറിയും. അതിന്റെ അനുരണനം ഗള്‍ഫില്‍ എത്തുന്നത് ആശാസ്യമല്ല. ഭരണ കൂടങ്ങളുടെ ഉറക്കം കെടുത്താന്‍ അത്മതി. ഇപ്പോള്‍ തന്നെ, ചില രാജ്യങ്ങളില്‍ സംഘടനാ നിയന്ത്രണമുണ്ട്; ഉത്തരവാദികള്‍ ഇന്ത്യക്കാര്‍ അല്ലെങ്കില്‍ കൂടി.
പക്ഷെ, പ്രവാസികള്‍ക്ക് വോട്ടവകാശം പൂര്‍ണാര്‍ഥത്തില്‍ ലഭ്യമാകണമെന്ന് ആഗ്രഹിക്കാത്ത ആളുകള്‍ ചുരുങ്ങും. കാരണം, പ്രവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥയില്‍ നിന്ന് കരകയറാന്‍ ഇതല്ലാതെ വേറെ വഴിയില്ലെന്ന് ഭൂരിപക്ഷം പേരും ചിന്തിക്കുന്നു. പ്രകടന പത്രികയിലോ ബജറ്റിലോ വിദേശ ഇന്ത്യക്കാരെക്കുറിച്ച് ഒരു വരിപോലും ഉണ്ടാകാറില്ല. യാത്രാ പ്രശ്‌നം രൂക്ഷമായപ്പോള്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച എയര്‍കേരള യാഥാര്‍ഥ്യമായില്ല. റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കുന്നതില്‍ പോലും വിവേചനമുണ്ട്.
വോട്ടവകാശം വലിയ പ്രതീക്ഷയാണ്. അത് കൊണ്ടാണ് അബുദാബിയിലെ ഡോ. വി പി ശംസീര്‍ നിയമയുദ്ധം നടത്തിയത്. എന്നാല്‍ വോട്ടവകാശം എങ്ങിനെ പ്രാവര്‍ത്തികമാകും എന്നതില്‍ അവ്യക്തതയുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പച്ചക്കൊടി കാട്ടിയതിനാല്‍, ഏറെ കടമ്പകള്‍ ഉണ്ടാകില്ല. പക്ഷേ, ഓണ്‍ലൈന്‍ വോട്ടവകാശം പറ്റില്ലെന്നാണ് കമ്മീഷന്‍ പറയുന്നത്. നാട്ടിലെ പ്രതിനിധിയെ ഉപയോഗിച്ച് പ്രവാസിക്ക് വോട്ടുചെയ്യാം. അല്ലെങ്കില്‍ ഇലക്‌ട്രോണിക് തപാല്‍ വോട്ട് ആകാം. പ്രതിനിധി (പ്രോക്‌സി) വോട്ട് കുറേകൂടി എളുപ്പമാകും. ഗള്‍ഫിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെ ഭാരം കുറക്കും. തപാല്‍ വോട്ട്, ഇലക്‌ട്രോണിക്ക് വഴിയാണെങ്കിലും സുതാര്യമാകില്ലെന്ന് കമ്മീഷന്‍ സംശയിക്കുന്നു.
തീര്‍ച്ചയായും, പ്രവാസി അവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ വോട്ടവകാശം വഴിത്തിരിവാണ്. അതേസമയം, കൈയിലും ഗള്‍ഫ് സമൂഹത്തിലും മഷി പുരളാത്തതാകട്ടെ, സാഹചര്യം.