Connect with us

Kozhikode

ജനവാസ കേന്ദ്രത്തിലെ ആശുപത്രി; ജനകീയ മാര്‍ച്ച് സംഘടിപ്പിക്കും

Published

|

Last Updated

കോഴിക്കോട്: എടക്കാട് ജനവാസ കേന്ദ്രത്തില്‍ സ്വകാര്യ ആശുപത്രി സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും പി കെ ഗ്രൂപ്പ് പിന്‍മാറുക എന്നാവശ്യപ്പെട്ട് എടക്കാട് പുനത്തില്‍താഴം പുത്തന്‍വള്ളി വയല്‍ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 10ന് ഈസ്റ്റ് ഹില്ലില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പുത്തന്‍വള്ളി വയലില്‍ സമാപിക്കും. ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പി കെ ഗ്രൂപ്പ് കഴിഞ്ഞ ജൂണിലാണ് എടക്കാട് ആശുപത്രി നിര്‍മ്മാണത്തിന് തുടക്കമിട്ടത.് അന്ന് മുതല്‍ ആക്ഷന്‍ കമ്മിറ്റി ജനകീയ ധര്‍ണ നടത്തിവരുന്നുണ്ട്. 120 ദിവസത്തിലേറെയായി നടക്കുന്ന സമരത്തില്‍ സാമൂഹിക സാംസ്‌കാരിക പ്രര്‍ത്തകരും വിവിധ രാഷ്ട്രീയ കക്ഷികളും പങ്കാളികളായിട്ടുണ്ട്.
ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് പുറമെ നിന്നുള്ളവരാണെന്ന മാനേജിമെന്റിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ സഹായമില്ലാതെ സമരം ഇത്രശക്തമായി മുന്നോട്ട് കൊണ്ടു പോകുന്നതിന്റെ കാരണം ആ പ്രദേശത്തെ ജനങ്ങളുടെ ഒത്തൊരുമയാണെന്നും അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു. നിയമപരമായി എല്ലാ അനുമതികളും നേടിയെടുത്തെന്ന് അവകാശപ്പെടുന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് അവ നേടിയെടുത്തതെന്ന് സമരസമിതി അറിയിച്ചു.
എടക്കാട് പ്രദേശത്തെ 250 വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന ഹിതപരിശോധനയില്‍ 95 ശതമാനം പേരും ആശുപത്രിക്കെതിരായാണ് നിലപാടെടുത്തത്. സമരത്തിന്റെ മുന്‍നിരയിലുള്ള പ്രദേശത്തെ സ്ത്രീകളുള്‍പ്പെടയുള്ളവര്‍ക്കെതിരെ നിരവധി കള്ളക്കേസുകള്‍ നിലവിലുണ്ട്. ക്വാറി വേസ്റ്റ് വാഹനങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അവ തടഞ്ഞത് പ്രദേശവാസികളായ സ്ത്രീകളാണെന്നും ആശുപത്രി മാനേജ്‌മെന്റിന്റെ വാദങ്ങളെല്ലാം തന്നെ തെറ്റാണെന്നും സമരസമിതി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ എടക്കാട് സമരസമിതി ചെയര്‍മാന്‍ എം സി സുദേഷ് കുമാര്‍, ബിജു കുറുപ്പ്, ലൈല ജാഫര്‍, വിനോദ് കുമാര്‍ പങ്കെടുത്തു.

 

Latest