Connect with us

Kozhikode

കട്ടിപ്പാറ വില്ലേജ് ഓഫീസ് 20ന് പ്രവര്‍ത്തനം ആരംഭിക്കും

Published

|

Last Updated

താമരശ്ശേരി: പത്ത് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കട്ടിപ്പാറ വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച ആരംഭിക്കും. 2013 ല്‍ കട്ടിപ്പാറ ആസ്ഥാനമായി വില്ലേജ് രൂപവത്കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും കഴിഞ്ഞ ഡിസംബര്‍ 16 ന് വില്ലേജിന്റെ ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കുകയും ചെയ്തിരുന്നു. കട്ടിപ്പാറ ടൗണിലെ സ്വകാര്യ കെട്ടിടത്തില്‍ വില്ലേജോഫീസിന് സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും ഒരു വില്ലേജ്മാനെ നിയമിച്ചതല്ലാതെ മറ്റു ജീവനക്കാരെ നിയമിക്കാത്തതിനാല്‍ പ്രവര്‍ത്തനം നടന്നിരുന്നില്ല. കട്ടിപ്പാറ വില്ലേജിലേക്ക് ഒരു വില്ലേജോഫീസര്‍, ഒരു എസ് വി ഒ, രണ്ട് വില്ലേജ്മാന്‍ എന്നിവരെ നിയമിച്ചതായും തിങ്കളാഴ്ച മുതല്‍ ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി തുടങ്ങുമെന്നും താമരശ്ശേരി തഹസില്‍ദാര്‍ കെ സുബ്രഹ്മണ്യന്‍ പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ മാത്രമേ നികുതി സ്വീകരിക്കാനാകൂ എന്നും തഹസില്‍ദാര്‍ പറഞ്ഞു.
2005 ലാണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് വിഭജിച്ച് കട്ടിപ്പാറ പഞ്ചായത്ത് രൂപവത്കരിച്ചത്. പഞ്ചായത്ത് വിഭജനത്തിന് മുമ്പെ കട്ടിപ്പാറ ആസ്ഥാനമായി വില്ലേജ് രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കെടവൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട കോളിക്കല്‍ പ്രദേശവും ഈങ്ങാപ്പുഴ വില്ലേജില്‍ ഉള്‍പ്പെട്ട ചമല്‍ പ്രദേശവും കാന്തലാട് വില്ലേജില്‍ ഉള്‍പ്പെട്ട കട്ടിപ്പാറ പഞ്ചായത്തിലെ പ്രദേശങ്ങളും ഉള്‍പ്പെടുത്തിയാണ് കട്ടിപ്പാറ വില്ലേജ് രൂപവത്കരിച്ചത്.