Connect with us

Editorial

പ്രവാസികള്‍ക്ക് വോട്ടവകാശം

Published

|

Last Updated

തൊഴില്‍ ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നു തന്നെ സ്വദേശത്തെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരമൊരുക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് വോട്ടോ പ്രതിനിധി വോട്ടോ അനുവദിക്കാമെന്നാണ് കമ്മീഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കാതിരിക്കുന്നത് ഭരണഘടനാലംഘനമാണെന്നു ചൂണ്ടിക്കാട്ടി പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ഡോ. ഷംസീര്‍ സമര്‍പ്പിച്ച ഹരജിയില്‍, അതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടിരുന്നു. ഇതെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഒരു സമിതിയെ നിയോഗിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ്, പ്രതിനിധി വോട്ട്, അതാത് രാജ്യങ്ങളിലെ എംബസികളിലെത്തി വോട്ട് രേഖപ്പെടുത്തല്‍, ഇന്റര്‍നെറ്റ് വോട്ടിംഗ് എന്നിങ്ങനെ നാല് സാധ്യതകള്‍ പരിശോധിച്ച സമിതി ആദ്യത്തെ രണ്ടെണ്ണം പരിഗണിക്കുകയാണുണ്ടായത്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും പുരോഗതിയിലും മികച്ച പങ്ക് വഹിക്കുന്നവരാണ് പ്രവാസികള്‍. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പണത്തിന്റെ വരവാണ് രാജ്യത്തിന്റെ സമ്പദ് ഘടനയെ താങ്ങിനിര്‍ത്തുന്നത്. 55 ബില്യണ്‍ ഡോളറാണ് (ഏതാണ്ട് 3,30,000 കോടി രൂപ) കഴിഞ്ഞ വര്‍ഷം പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തേക്കൊഴുക്കിയത.് പ്രവാസികളില്‍ നിന്ന് ഒരു രാഷ്ട്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിന്റെ 22 ശതമാനം സംഭാവന ചെയ്യുന്നത് പ്രവാസികളാണ്. തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയകളെയും പ്രവര്‍ത്തനങ്ങളെയും വളരെ താത്പര്യത്തോടെയാണ് അവര്‍ നിരീക്ഷിക്കുന്നത്. രാഷ്ട്രീയ അവബോധത്തിലും അവര്‍ ഒട്ടും പിന്നിലല്ല. ഇത്തരം കാര്യങ്ങളില്‍ തങ്ങളുടെ തൊഴിലിടങ്ങളിലിരുന്ന് കൊണ്ട് ചെയ്യാനാകുന്ന എല്ലാ സഹായങ്ങളും അവര്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ സമ്മതിദാനാവകാശം രാജ്യം അവര്‍ക്ക് നിഷേധിക്കുകയായിരുന്നു. 20 ഏഷ്യന്‍ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ 114 ലോക രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടും നമ്മുടെ സര്‍ക്കാര്‍ അതിന് വിമുഖത കാണിക്കുയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുകയും പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശത്തിനുള്ള മുറവിളി ശക്തമാകുകയും ചെയ്തതിനെ തുടര്‍ന്ന് 2010ല്‍ അത് അനുവദിച്ചു കൊണ്ടുള്ള നിയമം സര്‍ക്കാര്‍ അംഗീകരിക്കുകയുണ്ടായി. അവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും വോട്ടെടുപ്പ് ദിവസം നാട്ടിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യുകയുമാകാമെന്നതാണ് ഈ നിയമം നല്‍കുന്ന ആനുകൂല്യം. വോട്ട് ചെയ്യാന്‍ മാത്രമായായി നാട്ടിലേക്ക് വിമാനം കയറുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഒന്നരക്കോടിയോളം വരുന്ന രാജ്യത്തെ പ്രവാസികളില്‍ വളരെ തുച്ഛം പേര്‍ക്കേ ഇതിന്റെ പ്രയോജനം ലഭക്കുന്നുള്ളു.
തൊഴില്‍ ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് വോട്ടവകാശം വിനിയോഗിക്കാനുള്ള അനുമതിയുണ്ടെങ്കിലേ പ്രവാസികള്‍ക്ക് മൊത്തത്തില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനാകുകയുള്ളൂ. ജനപ്രാതിനിധ്യ നിയമത്തിലെ 20(എ) വകുപ്പാണ് ഇതിന് വിഘാതം. ഏതു പോളിംഗ് സ്‌റ്റേഷനിലെ വോട്ടര്‍ പട്ടികയിലാണോ പേരുള്ളത് അവിടെ മാത്രമേ പ്രവാസി വോട്ട് രേഖപ്പെടുത്താകൂ എന്നാണ് 20(എ) വകുപ്പ് അനുശാസിക്കുന്നത്. വിവര സാങ്കേതികവിദ്യ വളര്‍ന്നു വികസിച്ച ഇക്കാലത്ത്, ഉപജീവനത്തിന് മാര്‍ഗം തേടി വിദേശങ്ങളിലെത്തിയ പൗരന്മാര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ നാട്ടിലെ പോളിംഗ് സ്‌റ്റേഷനിലെത്തണമെന്ന് ശഠിക്കുന്നത് ന്യായമല്ല. ഭൂരിഭാഗം രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴില്‍ ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് സ്വദേശത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ അവസരം നല്‍കുന്നുമുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷണറുടെ സത്യവാങ്മൂലം പ്രവാസി ഇന്ത്യക്കാരില്‍ വന്‍ പ്രതീക്ഷയാണ് ഉയര്‍ത്തിയത്. ഇലക്‌ട്രോണിക്, പ്രതിനിധി വോട്ടുകള്‍ അനുവദിക്കുന്നതോടെ പ്രവാസികള്‍ സമ്മര്‍ദശക്തിയായി മാറുകയും അവരോടുള്ള സര്‍ക്കാറുകളുടെ അവഗണനക്ക് അറുതി വരികയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പച്ചക്കൊടി കാണിച്ച സാഹചര്യത്തില്‍ ഭരണഘടനാ ഭേദഗതിയിലൂടെ അതെത്രയും വേഗം പ്രയോഗവത്കരിക്കാനുളള നീതിബോധമാണ് ഇനി കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടാകേണ്ടത്.