Connect with us

Kerala

തുലാവര്‍ഷം തുടങ്ങി; മഴ കനക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം തുടങ്ങി. കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കുമെന്ന് തിരുവനന്തപുരം കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങളില്‍ ഇടിയോടു കൂടിയ കനത്ത മഴ ലഭിക്കും. സാധാരണ ഗതിയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ അവസാനം വരെയാണ് കേരളത്തില്‍ തുലാവര്‍ഷം. ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങുകയും വടക്കുകിഴക്കന്‍ മണ്‍സൂണായ തുലാവര്‍ഷം സജീവമാകുകയും ചെയ്യും.
മുന്‍ കാലങ്ങളില്‍ സെപ്തംബര്‍ 30ന് മുമ്പായി കാലവര്‍ഷം ദുര്‍ബലമായ ശേഷമാണ് തുലാവര്‍ഷം ശക്തി പ്രാപിക്കാറുള്ളത്. എന്നാല്‍ ഇത്തവണ മഴക്ക് ഇടവേളയില്ലാതെയാണ് തുലാവര്‍ഷമെത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട് ഇന്ത്യന്‍ തീരത്ത് ആഞ്ഞടിച്ച ഹുദ് ഹുദ് ചുഴലിക്കാറ്റാണ് കാലവര്‍ഷത്തെ വീണ്ടും സജീവമാക്കിയത്. ഒക്ടോബര്‍ മധ്യത്തോടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സുണ്‍ പിന്‍വാങ്ങി തുടങ്ങിയതായി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ 20 വരെ പരക്കെ കനത്ത മഴ ലഭിക്കും. ഏഴ് സെന്റിമീറ്റര്‍ വരെ കനത്ത മഴയാകും ലഭിക്കുക.
ഈ മാസം 16ന് തെക്കന്‍ കേരളത്തില്‍ കനത്ത മഴ ലഭിച്ചിരുന്നു. തൃത്താല , നെടുമങ്ങാട്, പട്ടാമ്പി തിരുവനന്തപുരം, പിറവം, വൈത്തിരി എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഈ മാസം 15 വരെയുള്ള ആഴ്ചയില്‍ കാസര്‍കോട് , തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത് . ഈ മാസം ഒന്ന് മുതല്‍ 15 വരെ 138.5 സെന്റീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ശരാശരി 143 സെന്റി മീറ്റര്‍ ആണ് ലഭിച്ചുവരുന്നത്. കാലവര്‍ഷത്തില്‍ ഇത്തവണ 6 ശതമാനം അധിക മഴയാണ് ലഭിച്ചത്. തുലാവര്‍ഷവും മോശമാകില്ലെന്നാണ് കാലാവസ്ഥ പ്രവചനം. 2013ലും ശരാശരി മഴ ലഭിച്ചിരുന്നു.

Latest