Connect with us

Malappuram

ചോക്കാട് നിന്ന് വ്യാജ തോക്കിന്റെ ഭാഗങ്ങള്‍ പിടികൂടിയ സംഭവം: രണ്ട് പേര്‍ റിമാന്‍ഡില്‍

Published

|

Last Updated

കാളികാവ്: ചോക്കാട് പരുത്തിപ്പറ്റയില്‍ നിന്നും കഴിഞ്ഞ ദിവസം വ്യാജ തോക്കിന്റെ ഭാഗങ്ങള്‍ പിടികൂടിയ സംഭവത്തില്‍ രണ്ട് പേരെ റിമാന്റ് ചെയ്തു.
തോക്ക് നിര്‍മിച്ച കൊല്ലപ്പണിക്കാരനായ ചെറുനാട്ട് പുരം ബാബുരാജ് (31), കരുവാരകുണ്ട് ഇരിങ്ങാട്ടിരിയിലെ ഓട്ടോ ഡ്രൈവര്‍ തോട്ടുപുറം റഫീഖ് (23) എന്നിവരെയാണ് മഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം നിലമ്പൂരിലെ വനം വകുപ്പിന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് വിജിലന്‍സ് വിഭാഗം നടത്തിയ തെരച്ചിലിലാണ് തോക്കിന്റെ ഇരട്ടക്കുഴലുകളും ഫോര്‍ഫെറ്റും അടങ്ങുന്ന ഭാഗങ്ങള്‍ ബാബുരാജിന്റെ ആലയില്‍നിന്നും പിടികൂടിയത്.
കാളികാവ് എസ് ഐ. ടി ഉസ്മാനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്്. ലൈസന്‍സില്ലാത്ത വ്യാജ തോക്കിനായി റഫീഖ് പല ഘട്ടങ്ങളിലായി 23000 ത്തോളം രൂപ തോക്ക് വിദഗ്ദനായ ബാബുരാജിന് നല്‍കിയിരുന്നത്രെ. എന്നാല്‍ തോക്ക് നിര്‍മിച്ച് കിട്ടാനുള്ള താമസം കാരണം കഴിഞ്ഞ ദിവസം റഫീഖ് ബാബുരാജിന്റെ ആലയിലെത്തിയിരുന്നു. ഈ സമയത്ത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫഌയിംഗ് സ്‌കാഡ് സ്ഥലത്തെത്തി ഇരുവരേയും ആലയില്‍ ഒളിപ്പിച്ചുവെച്ച തോക്കിന്റെ ഭാഗങ്ങളും പിടികൂടുകയായിരുന്നു.
എട്ട് വര്‍ഷം മുമ്പ് വ്യാജ തോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് ബാബുരാജ് പോലീസിന്റെ പിടിയിലായിരുന്നു. ചോക്കാട് പെടയന്താള്‍ പ്രദേശങ്ങളില്‍ വ്യാജ തോക്കുകള്‍ സുലഭമാണ്. വന്യ മൃഗങ്ങളെ വേട്ടയാടാനാണ് കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന തോക്കിനായി പലരും ചോക്കാട്ടെത്തുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest