Connect with us

Kasargod

ജില്ലാശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ അവധിയില്‍; ഗര്‍ഭിണികള്‍ ദുരിതത്തില്‍

Published

|

Last Updated

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ രണ്ട് അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ അവധിയില്‍. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ ദുരിതത്തിലായി. പത്തോളം ഗര്‍ഭിണികളാണ് ജില്ലാശുപത്രിയില്‍ പ്രസവം അടുത്ത് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ക്ക് ശസ്ത്രക്രിയയും ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ അനസ്‌തേഷ്യ നല്‍കുന്ന ഡോക്ടറുടെ സേവനം ജില്ലാശുപത്രിയില്‍ അനിവാര്യമാണ്. ഇതിനു പുറമെ മറ്റുരോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകള്‍ക്കും അനസ്‌തേഷ്യ അത്യാവശ്യമാണ്. ജില്ലാശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തില്‍ രണ്ട് വനിത ഡോക്ടര്‍മാരുടെ സേവനമാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒരു ഡോക്ടര്‍ ആദ്യവും മറ്റൊരു ഡോക്ടര്‍ പിന്നീടും അവധിയില്‍ പ്രവേശിക്കുകയായിരുന്നു.
അടിയന്തിര പ്രസവ ശസ്ത്രക്രിയ ആവശ്യമായി വന്ന രണ്ട് ഗര്‍ഭിണികളെ അനസ്‌തേഷ്യ ഡോക്ടര്‍ ഇല്ലെന്ന കാരണത്താല്‍ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അത്യാവശ്യ ഘട്ടത്തില്‍ അനസ്‌തേഷ്യ ഡോക്ടറെ പുറത്തുനിന്നും ജില്ലാശുപത്രിയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. എന്നാല്‍ എല്ലാ സമയത്തും ഇതു പ്രായോഗികമാകുന്നില്ല. ഈ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. ജില്ലാശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തത് രോഗികളുടെ ബുദ്ധിമുട്ടുകള്‍ ഇരട്ടിക്കാന്‍ കാരണമായിട്ടുണ്ട്.

 

Latest