Connect with us

Kerala

എസ് വൈ എസ് 60 ാം വാര്‍ഷികസമ്മേളന സന്ദേശവുമായി ഇനി പരസ്യ പ്രചാരണം

Published

|

Last Updated

sys logo-ksd matterകോഴിക്കോട്: മുസ്‌ലിം കേരളത്തിന്റെ മുന്നേറ്റവഴികളില്‍ ചരിത്രമെഴുതാനിരിക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക വിളംബരവുമായി പ്രവര്‍ത്തകര്‍ ഇനി പരസ്യപ്രചാരണത്തിന്. സമ്മേളനത്തിനായി പ്രാസ്ഥാനിക കുടുംബത്തെ സജ്ജമാക്കിയ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് പൊതുപരിസരങ്ങളില്‍ സമ്മേളന മുദ്രാവാക്യം അടയാളപ്പെടുത്താനായി പ്രവര്‍ത്തകര്‍ ഇറങ്ങുന്നത്. വയനാട്ടിലെ പ്രഖ്യാപന നഗരിയില്‍ നിന്ന് തൊടുത്തുവിട്ട സമ്മേളന സന്ദേശം മുസ്‌ലിം കേരളം ഏറ്റെടുത്തതിന്റെ ആവേശകരമായ കാഴ്ചകളാണ് കഴിഞ്ഞ നാളുകളില്‍ സംസ്ഥാനം കണ്ടത്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വിവിധ ഘടകങ്ങള്‍ക്കായി നിര്‍ദേശിച്ച മുഴുവന്‍ പരിപാടികളും മത്സരബുദ്ധിയോടെ അതാത് ഘടകങ്ങള്‍ പൂര്‍ത്തിയാക്കി. 

പരസ്യപ്രചാരണത്തിന്റെ ഭാഗമായി സമ്മേളന നാള്‍ വരെ നടപ്പിലാക്കാനിരിക്കുന്ന പദ്ധതികള്‍ നാളെ നടക്കുന്ന ലീഡേഴ്‌സ് ക്യാമ്പില്‍ പ്രഖ്യാപിക്കും. നാളെ രാവിലെ 10ന് കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കുന്ന എസ് വൈ എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം പദ്ധതികളുടെ രൂപരേഖ സംബന്ധിച്ച് ചര്‍ച്ച ചെയ്യും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന ലീഡേഴ്‌സ് ക്യാമ്പില്‍ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ് അംഗങ്ങള്‍ പങ്കെടുക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങി പ്രമുഖര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. സമ്മേളന ദിനം വരെയുള്ള ഓരോ ചുവടും വ്യക്തമാക്കുന്ന കര്‍മപദ്ധതികളുടെ രണ്ടാമത് ഗൈഡ് ഈ മാസം 22ന് സംസ്ഥാനത്തിന്റെ രണ്ട് മേഖലകളിലായി നടക്കുന്ന സ്റ്റേറ്റ് ഇ സി ക്യാമ്പില്‍ പ്രകാശനം ചെയ്യും. തിരുവനന്തപുരം മുതല്‍ എറണാംകുളം വരെയുള്ള ജില്ലകളിലുള്ളവര്‍ക്കായി കായംകുളം മജ്‌ലിസിലും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുള്ളവര്‍ക്കായി കോഴിക്കോട് സമസ്ത സെന്ററിലും ക്യാമ്പ് നടക്കും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന സ്റ്റേറ്റ് ഇ സി ക്യാമ്പില്‍ എസ് വൈ എസ് ജില്ലാ ഭാരവാഹികള്‍, അറുപതാം വാര്‍ഷിക ഇ സി ഭാരവാഹികള്‍ പങ്കെടുക്കും.
ലീഡേഴ്‌സ് ക്യാമ്പ്, സ്റ്റേറ്റ് ഇ സി ക്യാമ്പ് എന്നിവ പൂര്‍ത്തിയാകുന്നതോടെ സമ്മേളന മുദ്രാവാക്യവും സന്ദേശവും ഗ്രാമനഗര വ്യത്യാസമില്ലാതെ കേരളത്തിന്റെ പൊതുചര്‍ച്ചയായി രൂപപ്പെടും വിധത്തിലാണ് പരസ്യപ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും കേരളത്തിന്റെ സമ്മേളന ചരിത്രം തിരുത്തുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികം പ്രചാരണത്തിലെ വൈവിധ്യം കൊണ്ടും ശ്രദ്ധിക്കപ്പെടും.
കല്‍പ്പറ്റയില്‍ നടന്ന സമ്മേളന പ്രഖ്യാപന ശേഷം വിളംബരം, നേതൃപരിശീലനം, ഇ സി ശില്‍പ്പശാല, ആദര്‍ശ പഠനം, ഉലമാ സംഗമം, പ്രാദേശിക പരിശീലനം, ഫാമിലി സ്‌കൂള്‍, നിധി ശേഖരണം, നാടുണര്‍ത്തല്‍, പ്രാദേശിക പ്രചാരണം എന്നിവയാണ് ഇതുവരെ നടന്ന പ്രധാന പരിപാടികള്‍.
സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തീയതികളിലാണ് മലപ്പുറം താജുല്‍ ഉലമ നഗറില്‍ സമ്മേളനം നടക്കുന്നത്.

 

Latest