First Gear
കവാസാക്കി രണ്ട് പുതിയ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി
സ്‌പോര്‍ട് ബൈക്കില്‍ ചീറിപ്പായാന്‍ കൊതിക്കുന്ന ഇന്ത്യന്‍ യുവത്വത്തിനായി കവാസാക്കി രണ്ട് പുതിയ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ വിപണിയിലിറക്കി. കവാസാക്കി ഇസഡ്250, ഇ ആര്‍ 6എന്‍ എന്നീ മോഡലുകളാണ് വിപണിയിലിറക്കിയത്.
249 സി സി, ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇസഡ്250 മോഡലിനുള്ളത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റവും ഒപ്റ്റിമല്‍ ഫ്യുവല്‍ എഫിഷ്യന്‍സിക്കായി ഡ്യുവല്‍ ത്രോട്ടില്‍ വാല്‍വ് ടെക്‌നോളജിയും ഇസഡ്250 മോഡലിലുണ്ട്. മുന്‍ ഭാഗത്ത് ടെലസ്‌കോപിക് ഷോക്ക് അബ്‌സോര്‍ബുകളും പിന്‍ഭാഗത്ത് മോണോഷോക്ക് അബ്‌സോര്‍ബുകളുമാണ് ഇസ്ഡ് 250ല്‍ ഉപയോഗിച്ചിട്ടുള്ളത്. മുന്നിലേയും പിന്നിലേയും ടയറുകളിലെ ഡിസ്‌ക് ബ്രേക്കുകള്‍ ബൈക്കിനെ അനുസരണ ശീലമുള്ളതാക്കുന്നു.
649 സി സി, നിഞ്ജ 650 നോടു തുല്യമായ ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍, 8500 ആര്‍ പി എമ്മില്‍ 72 പി എസ് പരമാവധി കരുത്തും, 7,000 ആര്‍ പി എമ്മില്‍ 64 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് ഇ ആര്‍ 6എന്‍ മോഡലിന് കരുത്ത് പകരുന്നത്. സിക്‌സ് സ്പീഡ് ഗിയറുകള്‍ ഇതിനുമുണ്ട്. കവാസാക്കി നിഞ്ജ 650 മോഡലിനേക്കാള്‍ അരലക്ഷം രൂപയോളം കുറവായിരിക്കും ഇ ആര്‍ 6എന്‍ മോഡല്‍ ബൈക്കിന്.